വിശാല്‍ വിവാഹിതനാകും. പക്ഷേ വധു വരലക്ഷ്മിയാകില്ല !

ഫിലിം ഡസ്ക്
Sunday, February 11, 2018

ചെന്നൈ : തമിഴ് സിനിമാ താരം വിശാല്‍ വിവാഹിതനാകുന്നുവെന്ന വാര്‍ത്തകള്‍ ശരിയായിരിക്കാം. കാരണം അത് വിശാല്‍ തന്നെ പറഞ്ഞിട്ടുണ്ട്. പക്ഷെ വധു ആരെന്ന് വിശാല്‍ പറഞ്ഞിട്ടില്ല.

വധു വിശാലിന്‍റെ ഒന്നാം നമ്പര്‍ ശത്രു ശരത് കുമാറിന്‍റെ മകള്‍ വരലക്ഷ്മി ആണെന്നാണ്‌ മാധ്യമങ്ങള്‍ പറയുന്നത്. എന്നാല്‍ അതിനു തീരെ സാധ്യതയില്ലെന്നാണ് കോളിവുഡില്‍ നിന്ന് കേള്‍ക്കുന്ന ഏറ്റവും പുതിയ വിവരം.

തമിഴ് സിനിമാ താരങ്ങളുടെ സംഘടനയായ നടികര്‍ സംഘത്തിലെ തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട് വിശാലും ശരത് കുമാറും കടുത്ത ശത്രുതയിലാണ്. വിശാല്‍-ശരത് കുമാര്‍ പക്ഷങ്ങളുടെ അഭിപ്രായ ഭിന്നത സംഘടനയുടെ തെരഞ്ഞെടുപ്പില്‍ സംഘര്‍ഷത്തില്‍ കലാശിക്കുന്ന സാഹചര്യം പോലും ഉണ്ടായിരുന്നു.

നടികര്‍ സംഘത്തിന്റെ കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വിശാലിനെയിരെ ശരത് കുമാര്‍ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ഏതായാലും ശത്രുത മറന്ന് വിശാലിന് തന്റെ മകളെ കൈപിടിച്ചു നല്‍കാന്‍ ശരത് കുമാര്‍ തയ്യാറാകുമോ എന്നാണ് കോളിവുഡ് ഉറ്റുനോക്കുന്നത്. ഇല്ലെന്നാണ് തമിഴകത്തെ മുതിര്‍ന്ന താരങ്ങള്‍ നല്‍കുന്ന സൂചന .

നടികര്‍ സംഘത്തിന്റെ കെട്ടിടത്തിന്റെ പണി ഈ വര്‍ഷം പൂര്‍ത്തിയാകുമെന്നും അതിന് ശേഷം തന്റെ ആദ്യത്തെ പണി വിവാഹം കഴിക്കുക എന്നതാണെന്നുമാണ് വിശാല്‍ പറഞ്ഞത് .വധുവിന്റെ പേര് വെളിപ്പെടുത്തിയില്ലെങ്കിലും രണ്ട് വര്‍ഷത്തിലേറെയായി വിശാല്‍, വരലക്ഷ്മിയുമായി പ്രണയത്തിലാണെന്നാണ് പാപ്പരാസികള്‍ പറയുന്നത്. അങ്ങനെയാണ് വരലക്ഷ്മിയെയാണ് വിശാല്‍ വിവാഹം കഴിക്കുകയെന്ന് മാധ്യമങ്ങള്‍ ഉറപ്പിച്ചത്.

×