Advertisment

നടത്തത്തിനിടെ തേങ്ങ വീഴുന്നതു കണ്ടു തെങ്ങിൻ മുകളിലേക്കു ശ്രദ്ധ പാളി; 9 വയസ്സുകാരന്‍ വീണത് 30 അടി താഴ്ച്ചയുള്ള ഉപയോഗ ശൂന്യമായ കിണറ്റിലേക്ക്; കാടു പിടിച്ചു കിടക്കുന്ന കിണറ്റിൽ 20 അടിയോളം ആഴത്തിൽ വെള്ളമുള്ളതും പാമ്പുകളുള്ളതും അറിയാമായിരുന്നിട്ടും ‌എടുത്തുചാടി കൂട്ടുകാരനെ രക്ഷിച്ച് 17കാരന്‍

New Update

ചേലക്കര : നടത്തത്തിനിടെ തേങ്ങ വീഴുന്നതു കണ്ടു തെങ്ങിൻ മുകളിലേക്കു ശ്രദ്ധ പാളിയ നിമിഷം!. ബെസലേൽ (9) വീണത് 30 അടി താഴ്ചയുള്ള ഉപയോഗ ശൂന്യമായ കിണറ്റിലേക്ക്. വീട്ടിനകത്തു നിന്ന് ഓടിയെത്തിയ ബേസിൽ മാത്യു(17) കിണറ്റിൽ ബെസലേലിനെ കണ്ടപ്പോൾ മറ്റൊന്നും ചിന്തിക്കാതെ എടുത്തുചാടി അവനെ വെള്ളത്തിൽ നിന്നുയർത്തി. ബേസിലിന്റെ അനുജൻ ബെസ്റ്റോ (14) ഓടിച്ചെന്ന് പ്ലാസ്റ്റിക് കാൻ എടുത്തു കിണറ്റിലേക്കിട്ടു കൊടുത്തു.

Advertisment

publive-image

ഇത്രയും നടന്നത് 3 മിനിറ്റിനുള്ളിൽ. കാടു പിടിച്ചു കിടക്കുന്ന കിണറ്റിൽ 20 അടിയോളം ആഴത്തിൽ വെള്ളമുള്ളതും പാമ്പുകളുള്ളതും അറിയാമായിരുന്നിട്ടും കുട്ടികൾ ധൈര്യം കൈവിട്ടില്ല. 10 മിനിറ്റ് നേരം കാനിൽ പിടിച്ചു മുങ്ങിത്താഴാതെ കിടന്ന ശേഷം, കിണറ്റിലേക്ക് ഇറക്കിയ കോണിയിലൂടെ ഇരുവരും കരയ്ക്കെത്തി.

വട്ടുള്ളി നെല്ലിക്കൽ മത്തായിയുടെ മക്കൾ ബേസിൽ മാത്യുവും (17) ബെസ്റ്റോയും (14) ആണു സമയോചിതമായ ഇടപെടലിലൂടെ സൂപ്പർമാൻമാരായത്. കോയിക്ക മാളികയിൽ ബാബുവിന്റെ മകനായ ബെസലേൽ മത്തായിയുടെ വളപ്പിലൂടെ നടക്കുന്നതിനിടെ ഉപയോഗ ശൂന്യമായ കിണറ്റിലകപ്പെടുകയായിരുന്നു.

കിണറ്റിൽ എന്തോ വീഴുന്ന ശബ്ദം കേട്ടാണ് ബേസിൽ ചെന്നു നോക്കിയതും കൂട്ടുകാരനെ കണ്ടു കിണറ്റിലേക്കു ചാടിയതും. പിന്നാലെയെത്തിയ ബേസ്റ്റോ കാൻ എടുക്കാൻ ഓടിയതു നീന്തൽ പരിശീലനവേളകളിൽ‍ മുങ്ങിത്താഴാതിരിക്കാൻ പ്ലാസ്റ്റിക് കാൻ പിടിക്കാറുള്ള ഓർ‍മയിലാണ്. ഇവരുടെ അമ്മ ജിൻസി കയറിട്ടു കൊടുത്ത് കാനിൽ കെട്ടാൻ പറഞ്ഞു. ഇതിൽ പിടിച്ചാണു 10 മിനിറ്റിലേറെ കുട്ടികൾ മുങ്ങിത്താഴാതെ നിന്നത്.ഇതിനിടെ മറ്റുള്ളവരും സ്ഥലത്തെത്തി.

ബെസലേലിന്റെ അച്ഛൻ ബാബു ഇരുമ്പു കോണി കയറിൽ കെട്ടിയിറക്കിയാണു കുട്ടികളെ കരയ്ക്കു കയറ്റിയത്. ചേലക്കര ഗവ എസ്എംടി സ്കൂളിൽ എസ്പിസി കെഡറ്റ് ആയിരിക്കെ സ്വായത്തമാക്കിയ നീന്തൽ പരിശീലനത്തിന്റെ ധൈര്യത്തിലാണു കിണറ്റിലേക്ക് എടുത്തു ചാടിയതെന്നു ലിസ്യൂ കോളജിൽ പ്ലസ്ടു വിദ്യാർഥിയായ ബേസിൽ മാത്യു പറഞ്ഞു.

well accident
Advertisment