Advertisment

'പ്രളയഫണ്ട് സംഭാവന തിരികെ ചോദിച്ച് 97 പേര്‍' എന്ന വാര്‍ത്ത വായിച്ച പലരും കാരണം അന്വേഷിക്കുന്നുണ്ട്; വാര്‍ത്ത വസ്തുതയാണ്; എന്തുകൊണ്ട്‌ 97 പേര്‍ക്ക് പ്രളയ ഫണ്ട് തിരിച്ചു നല്‍കിയെന്ന് വിശദീകരിച്ച്‌ ധനമന്ത്രി  

New Update

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വ ഫണ്ടിലേക്ക് തെറ്റായി രേഖപ്പെടുത്തിയ തുക 97 പേര്‍ക്ക് തിരിച്ചു നല്‍കിയതില്‍ വിശദീകരണവുമായി ധനമന്ത്രി തോമസ് ഐസക്. അന്വേഷണത്തില്‍ പിശകുകള്‍ ബോധ്യമായവര്‍ക്കാണ് തുക തിരിച്ചുനല്‍കിയത് എന്ന് ധനമന്ത്രി അറിയിച്ചു. ഏതൊക്കെ സാഹചര്യത്തിലാണ് പണം തിരികെ നല്‍കിയത് എന്നതിന്റെ ചില ഉദാഹരണങ്ങള്‍ സഹിതമാണ് ധനമന്ത്രി ഫേസ് ബുക്ക് പേജില്‍ വിശദീകരണം നല്‍കിയത്.

Advertisment

publive-image

അതിന്റെ പൂര്‍ണരൂപം ഇങ്ങനെ:

'പ്രളയഫണ്ട് സംഭാവന തിരികെ ചോദിച്ച് 97 പേര്‍' എന്ന വാര്‍ത്ത വായിച്ച പലരും കാരണം അന്വേഷിക്കുന്നുണ്ട്. വാര്‍ത്ത വസ്തുതയാണ്. വ്യക്തമായ കാരണങ്ങള്‍ സഹിതം തുക തിരികെ ആവശ്യപ്പെട്ട കേസുകള്‍ വെവ്വേറെ സര്‍ക്കാര്‍ പരിശോധിക്കുകയും അതില്‍ വസ്തുതയുണ്ട് എന്ന് ബോധ്യപ്പെട്ട കേസുകളില്‍ പണം തിരികെ നല്‍കാന്‍ ഉത്തരവ് നല്‍കുകയും ചെയ്തിട്ടുണ്ട്. സാലറി ചലഞ്ചില്‍ സമ്മതപത്രം കൊടുക്കാത്തവരുടെ അക്കൗണ്ടില്‍ നിന്ന് പിടിച്ച തുക, അക്കൗണ്ട് നമ്പര്‍ തെറ്റിപ്പോയെന്ന് അറിയിച്ചവര്‍, തുക തെറ്റായി രേഖപ്പെടുത്തിയവര്‍ എന്നിങ്ങനെ പലതരം കാരണങ്ങളുണ്ട്.

ലക്ഷക്കണക്കിന് ചെക്കുകളും അടവുകളുമാണ് കഴിഞ്ഞ പ്രളയകാലത്ത് കൈകാര്യം ചെയ്തിട്ടുള്ളത്. അപ്പോള്‍ അപൂര്‍വമായി ഇങ്ങനെ ചില തകരാറുകള്‍ വരുന്നത് സ്വാഭാവികമാണ്.

കഴിഞ്ഞ പ്രളയകാലത്ത് സമ്മതപത്രം നല്‍കാതെയാണ് ശമ്പളത്തില്‍ നിന്ന് ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന പിടിച്ചത് എന്ന് വ്യക്തമാക്കിയ എല്ലാവരുടെയും പണം തിരികെ നല്‍കിയിട്ടുണ്ട്. അക്കാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാട് വ്യക്തമാണ്.

ന്യായമായ മറ്റു ചില കേസുകളുമുണ്ട്. ഉദാഹരണത്തിന് പ്രദീപ് ചന്ദ്രമൗലി എന്ന വ്യക്തി 21000 രൂപയാണ് സംഭാവന നല്‍കിയത്. എന്നാല്‍ ഓണ്‍ലൈന്‍ വഴി സംഭാവന അയച്ചപ്പോള്‍, സാങ്കേതികത്തകരാറു മൂലം 3 തവണ 7000 എന്ന് രേഖപ്പെടുത്തേണ്ടി വന്നുവെന്നും യഥാര്‍ത്ഥത്തില്‍ സംഭാവന ചെയ്യാനുദ്ദേശിച്ച 7000ത്തിനു പകരം 21000 രൂപ അക്കൗണ്ടില്‍ നിന്ന് ട്രാന്‍സ്ഫര്‍ ചെയ്യപ്പെട്ടു എന്നും അറിയിച്ചിരുന്നു. പ്രദീപ് ചന്ദ്രമൗലിയ്ക്ക് 14000 രൂപ തിരികെ നല്‍കാന്‍ ഉത്തരവിട്ടിട്ടുണ്ട്.

ഇതേ ആവശ്യം കാസര്‍കോടു സ്വദേശിയായ വീണാ കുമാരിയും ഉന്നയിച്ചിരുന്നു. അവര്‍ ഒരു ലക്ഷം രൂപയാണ് സംഭാവന നല്‍കാന്‍ ഉദ്ദേശിച്ചിരുന്നത്. തുക ഓണ്‍ലൈനായി കൈമാറാന്‍ ശ്രമിച്ചപ്പോള്‍ സാങ്കേതിക തകരാറു മൂലം അഞ്ചു തവണ ഒരു ലക്ഷം എന്ന് രേഖപ്പെടുത്തേണ്ടി വന്നുവെന്നും അങ്ങനെ ആകെ അഞ്ചു ലക്ഷം കൈമാറി എന്നും സംഭാവനത്തുകയായ ഒരു ലക്ഷം കിഴിച്ച് നാലു ലക്ഷം തിരികെ വേണമെന്നും ആവശ്യപ്പെട്ടിരുന്നു. അന്വേഷണത്തില്‍ വസ്തുത ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് ഇവര്‍ക്കും 400000 രൂപ മടക്കി നല്‍കാന്‍ ഉത്തരവിട്ടിട്ടുണ്ട്.

അതുപോലെ ചമ്പക്കുളം ഗ്രാമപഞ്ചായത്തിലെ ജീവനക്കാര്‍ 24277/ രൂപയുടെ ചെക്കാണ് ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കിയത്. എന്നാല്‍ ബാങ്കില്‍ 2,42,777 എന്ന് തെറ്റായി എന്‍ട്രി വരുത്തിയതുമൂലം അധികപണം ദുരിതാശ്വാസനിധിയിലേയ്ക്ക് മാറിയിരുന്നു. ഈ പണം തിരികെ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതും മടക്കി നല്‍കിയിട്ടുണ്ട്.

കോതമംഗലം മുന്‍സിപ്പാലിറ്റിയില്‍ നിന്നും സമാനമായ ഒരാവശ്യമുയര്‍ന്നു. ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കിയ 39329 രൂപയുടെ ചെക്ക് 399329 രൂപയെന്ന് തെറ്റായി രേഖപ്പെടുത്തിയാണ് തുക ട്രാന്‍സ്ഫര്‍ ചെയ്തത്. ഈ തുകയും മടക്കി നല്‍കിയിട്ടുണ്ട്.

അതുപോലെ നടക്കാവ് ബ്ലോക്ക് പ്രോജക്ട് ഓഫീസില്‍ നിന്ന് സര്‍വശിക്ഷാ അഭിയാന്റെ ഭാഗമായി സ്‌കൂളിന് നല്‍കിയ 150000 രൂപയുടെ ചെക്ക്, ബാങ്ക് തെറ്റായി ദുരിതാശ്വാസ നിധിയിലേയ്ക്കു മാറിയെന്ന് പരാതി ലഭിച്ചു. ഇതും അന്വേഷണത്തില്‍ വസ്തുതയാണെന്ന് ബോധ്യപ്പെടുകയും ആ തുക തിരികെ നല്‍കുകയും ചെയ്തിട്ടുണ്ട്.

ചില ഉദാഹരണങ്ങളാണ് ചൂണ്ടിക്കാണിച്ചത്. ഇതുപോലെ വ്യക്തമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പണം മടക്കി ആവശ്യപ്പെട്ടവരുടെ കാര്യം അനുഭാവപൂര്‍വം തന്നെയാണ് സര്‍ക്കാര്‍ പരിഗണിച്ചത്. ഇക്കാര്യത്തില്‍ മറ്റു തരത്തിലുള്ള വ്യാഖ്യാനങ്ങള്‍ക്ക് സാംഗത്യമില്ലെന്ന് വ്യക്തമാക്കട്ടെ.

Thomas issac flood releif fund
Advertisment