Advertisment

മകനെ അപ്പാര്‍ട്ടുമെന്റില്‍ പൂട്ടിയിട്ടത് 28 വര്‍ഷം; സ്വീഡനില്‍ 70-കാരി അറസ്റ്റില്‍; യുവാവിനെ കണ്ടെത്തിയത് പോഷകാഹാരക്കുറവ് മൂലം പല്ലുകൊഴിഞ്ഞ നിലയില്‍

New Update

publive-image

Advertisment

സ്റ്റോക്ക്‌ഹോം: മകനെ 28 വര്‍ഷം അപ്പാര്‍ട്ടുമെന്റില്‍ പൂട്ടിയിട്ട അമ്മയെ (70 വയസ്) സ്വീഡനില്‍ അറസ്റ്റു ചെയ്തു. ദീര്‍ഘകാലമായി പുറംലോകവുമായി ബന്ധമില്ലാതെ കഴിയുകയായിരുന്നു യുവാവ്. പോഷകാഹാരക്കുറവ് മൂലം പല്ലുകൊഴിഞ്ഞ നിലയിലാണ് ഇയാളെ കണ്ടെത്തിയത്. ആശുപത്രിയില്‍ പ്രവേശിച്ച യുവാവിന്റെ നില ഗുരുതരമല്ല.

12 വയസുള്ളപ്പോള്‍ മുതല്‍ സ്വന്തം മകനെ സ്‌കൂളില്‍ അയയ്ക്കാതെ അമ്മ പൂട്ടിയിട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ 70 വയസുള്ള സ്ത്രീ ആശുപത്രിയില്‍പോയ സമയത്ത് അടുത്ത ബന്ധുവാണ് ഞായറാഴ്ച യുവാവിനെ കണ്ടെത്തിയത്. ഇപ്പോള്‍ ഇയാള്‍ക്ക് 41 വയസുണ്ട്. കാലില്‍ മുഴുവന്‍ വ്രണങ്ങളുള്ള യുവാവ് വളരെ ബുദ്ധിമുട്ടിയാണ് നടക്കുന്നത്. സംസാരശേഷി വളരെ കുറവാണ്.

തെക്കന്‍ സ്റ്റോക്ക്‌ഹോമിന്റെ പ്രാന്തപ്രദേശത്തുള്ള ഹാനിങ്ങെയിലെ അപ്പാര്‍ട്ടുമെന്റില്‍ യുവാവിനെ ദീര്‍ഘകാലം പൂട്ടിയിട്ടുവെന്നാണ് വിവരം. സ്വന്തം അമ്മ മകന്റെ സ്വാതന്ത്ര്യം നിഷേധിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തുവെന്ന് സ്റ്റോക്‌ഹോം പൊലീസ് വക്താവ് പറഞ്ഞു. 28 വര്‍ഷം യുവാവ് ബന്ധനത്തില്‍ കഴിഞ്ഞുവെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കാന്‍ പൊലീസ് വക്താവ് തയ്യാറായില്ല.

Advertisment