Advertisment

ശബരിമല വിഷയത്തില്‍ വീണ്ടും മലക്കം മറിഞ്ഞ് ദേവസ്വം ബോര്‍ഡ്; ‘സ്ത്രീപ്രവേശനത്തെ സുപ്രീംകോടതിയില്‍ എതിര്‍ക്കും’

New Update

Image result for ശബരിമല

Advertisment

ശബരിമലയിലെ സ്ത്രീപ്രവേശനത്തില്‍ വീണ്ടും മലക്കം മറിഞ്ഞ് ദേവസ്വം ബോര്‍ഡ്. ക്ഷേത്രത്തിലേക്കുള്ള സ്ത്രീപ്രവേശത്തെ സുപ്രീംകോടതിയില്‍ എതിര്‍ക്കുമെന്ന് ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ ഇന്നു പറഞ്ഞു. വിഷയത്തില്‍ ദേവസ്വംബോര്‍ഡ് അധിക സത്യവാങ്മൂലം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. പത്തിനും 50 നും ഇടയിലുള്ള സ്ത്രീകളുടെ പ്രവേശനം ദേവസ്വംബോര്‍ഡ് എതിര്‍ക്കും.

സര്‍ക്കാരും ദേവസ്വംബോര്‍ഡും മാറുന്നതിനനുസരിച്ച് തീരുമാനം മാറ്റാന്‍ കഴിയില്ല. എന്നാല്‍ ക്ഷേത്രത്തിലെ സ്ത്രീപ്രവേശനം വികാരപരമായി കാണുന്നില്ല. സുപ്രീം കോടതി വിധി നടപ്പാക്കാന്‍ ദേവസ്വംബോര്‍ഡ് ബാധ്യസ്ഥരാണ്. വിശ്വാസികളുടേയും രാജകുടുംബത്തിന്റെയും അഭിപ്രായം പരിഗണിച്ചായിരിക്കും തുടര്‍നടപടി. ശബരിമല തന്ത്രിയുടെ അഭിപ്രായം ദേവസ്വം ബോര്‍ഡ് തേടുമെന്നും പത്മകുമാര്‍ പറഞ്ഞു.

ശബരിമലയില്‍ സ്ത്രീപ്രവേശനത്തിന് അനുമതി നല്‍കണമെന്ന് കേരളം സുപ്രീം കോടതിയെ അറിയിച്ചതിന് മണിക്കൂറുകള്‍ക്കകം എതിര്‍പ്പുമായി ദേവസ്വം ബോര്‍ഡ് രംഗത്തെത്തുകയും ശേഷം നിലപാടില്‍ നിന്നും പിന്നോട്ട് പോകുകയും ചെയ്തിരുന്നു.

എല്ലാ പ്രായത്തിലുള്ള സ്ത്രീകളെയും ശബരിമലയില്‍ പ്രവേശിപ്പിക്കാനാകില്ലെന്ന് ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയെ അറിയിച്ചിരുന്നത്. സ്ത്രീകളോടുള്ള വിവേചനമല്ല ഇതെന്നും വിശ്വാസത്തിന്റെ ഭാഗമായാണ് സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാത്തതെന്നുമാണ് ദേവസ്വം ബോര്‍ഡ് നിലപാടെടുത്തിരുന്നത്.

ശബരിമല പൊതുക്ഷേത്രമെങ്കില്‍ സ്ത്രീവിവേചനം പാടില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. പൊതുക്ഷേത്രമാണെങ്കില്‍ സ്ത്രീക്കും പുരുഷനും ഒരുപോലെ ആരാധന നടത്താന്‍ കഴിയണമെന്നും സ്ത്രീകളെ മാത്രം ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കാനാകില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ വാദംകേള്‍ക്കുന്നതിനിടെയാണ് സുപ്രീംകോടതി ഈ നിരീക്ഷണം നടത്തിയത്.

തുടര്‍ന്നാണ് സര്‍ക്കാര്‍ കോടതിയെ നിലപാട് അറിയിച്ചിരുന്നത്. എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനാനുമതി നല്‍കണമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. അല്ലാത്തപക്ഷം മൗലിക അവകാശങ്ങളുടെ ലംഘനമായിരിക്കും സംഭവിക്കുകയെന്ന് കേരളം സുപ്രീം കോടതിയില്‍ വാദിച്ചിരുന്നു. അഡ്വ. ജയദീപ് ഗുപ്തയാണ് കേരളത്തിന് വേണ്ടി സുപ്രീം കോടതിയില്‍ വാദിക്കുന്നത്. ക്ഷേത്രത്തിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട ഭരണഘടനാവിഷയങ്ങളാണ് കോടതി പരിഗണിക്കുന്നത്. ഹര്‍ജിയില്‍ വാദം തുടരുകയാണ്.

Advertisment