Advertisment

ഒബ്‌റോണ്‍ മാളിന്റെ 10-ാം വാര്‍ഷികം: വിവിധ മേഖലകളിലെ പ്രഗത്ഭരായ 10 വനിതകളെ ആദരിക്കുന്നു

New Update

കൊച്ചി:  കേരളത്തിലെ ആദ്യ ഷോപ്പിംഗ് മാളായ ഒബ്‌റോണിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച 10 വനിതകളെ ആദരിക്കുന്നു.

Advertisment

ജൂലൈ 13 വെളളിയാഴ്ച വൈകിട്ട് 5-ന് ഒബ്‌റോണ്‍ മാളില്‍ നടക്കുന്ന ചടങ്ങില്‍ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (കെ.എസ്.ഐ.ഡി.സി) മാനേജിംഗ് ഡയറക്ടറും മുന്‍ എറണാകുളം ജില്ലാ കളക്ടറുമായ ഡോ.എം.ബീന ഐ.എ.എസ് അവാര്‍ഡുകള്‍ വിതരണം ചെയ്യും. ചടങ്ങില്‍ ഒബ്‌റോണ്‍ മാള്‍ ചെയര്‍മാന്‍ എം.എ മുഹമ്മദ് അദ്ധ്യക്ഷത വഹിക്കും.

publive-image

അയിഷ ബീവി (ട്രാന്‍സ്‌പോര്‍ട്ട്), എല്‍സി സാബു (ലവ് ആന്റ് കെയര്‍), ഗായത്രി സോമശേഖര്‍ (വിദ്യാഭ്യാസം), ജില്ലി പി. ജിയോ (അധ്യാപനം), ഹര്‍ഷ തച്ചേരി (സ്ത്രീ ശാക്തീകരണം), ഹേമലത മേനോന്‍ (പ്രൊഫഷണല്‍ സ്‌കില്‍ ഡവലപ്‌മെന്റ്), ജീജ പി. സദാശിവന്‍ (മെഡിക്കല്‍ കെയര്‍), നസീറ അജേഷ് (പോലീസ്), പ്രഭാ മണി (കുടുംബശ്രീ), സോഫിയ എം.ജോ (സ്‌പോര്‍ട്‌സ്) എന്നീ വനിതകളെയാണ് ക്യാഷ് അവാര്‍ഡും, പ്രശസ്തി പത്രവും നല്‍കി ആദരിക്കുന്നത്.

വിവിധ മേഖലകളില്‍ സാമൂഹിക പ്രതിബദ്ധതയുള്ള പ്രവര്‍ത്തനത്തിലൂടെ ജനോപകാരപ്രദമായ ഇടപെടലുകള്‍ നടത്തിവരുന്ന പത്തു പേരെയാണ് അവാര്‍ഡിനായി തെരഞ്ഞെടുത്തത്. ഇവരില്‍ പലര്‍ക്കും ഇതുവരെ വലിയ ആദരവുകളൊന്നും ലഭിച്ചിട്ടില്ല. കഴിഞ്ഞ മൂന്നു മാസത്തോളമായി ഒബ്‌റോണ്‍ മാളിലെ പ്രത്യേക സംഘം നടത്തിയ അന്വേഷണത്തില്‍ ഇത്തരത്തിലുള്ള 100 സ്ത്രീകളെയാണ് ഷോര്‍ട്ട് ലിസ്റ്റ് ചെയ്തത്.

ഇതില്‍ നിന്നും ഒബ്‌റോണ്‍ മാനേജ്‌മെന്റ് പ്രതിനിധികളും, ഫാക്ട് മുന്‍ സിഎംഡിയും കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ ഡോ.ജോര്‍ജ് സ്‌ളീബ, കുറ്റൂക്കാരന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹ്യൂമന്‍ റിസോഴ്‌സ് ഡവലപ്‌മെന്റ് ഡയറക്ടര്‍ ഡോ. ബി. പ്രസന്ന സിംഗ് എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡിന് അര്‍ഹരായവരെ തെരഞ്ഞെടുത്തതെന്ന് ഒബ്‌റോണ്‍ മാള്‍ സെന്റര്‍ മാനേജര്‍ ജോജി ജോണ്‍, മാര്‍ക്കറ്റിംഗ് മാനേജര്‍ റിന്റു ആന്റണി വര്‍ഗീസ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

അവാര്‍ഡ് ജോതാക്കള്‍

1) അയിഷ ബീവി (ഷെബിന്‍ ഡ്രൈവിങ് സ്‌കൂള്‍, കളമശ്ശേരി)

1981-ല്‍ വിവാഹിതയായി കളമശ്ശേരിയില്‍ എത്തിയതാണ് അയിഷ ബീവി. ഭര്‍ത്താവിന് സ്വന്തമായി ഡ്രൈവിങ് സ്‌കൂളുണ്ടായിരുന്നു. അന്ന് തുടങ്ങി ഇപ്പോഴും അതായത് 37 വര്‍ഷമായി ഡ്രൈവിങ് സ്‌കൂള്‍ നടത്തുകയാണ് അയിഷ ബീവി.

2) എല്‍സി സാബു (ലവ് ആന്റ് കെയര്‍, പാലാരിവട്ടം)

ലവ് ആന്റ് കെയര്‍ എന്ന പ്രസ്ഥാനത്തിലൂടെ അഗതികളായ 200-ല്‍ അധികം സഹോദരങ്ങള്‍ക്ക് ആഴ്ചയില്‍ 5 ദിവസം ഭക്ഷണമെത്തിച്ചു കൊടുക്കുന്ന വീട്ടമ്മയാണ് എല്‍സി സാബു. കൊച്ചിയിലെ വിവിധ മേഖലയിലുളളവരുടെ സഹായത്തോടെയാണ് ഈ ഭക്ഷണപൊതികള്‍ സമാഹരിക്കുന്നത്. സര്‍ക്കാരിന്റെയോ മറ്റ് സംഘടകളുടെയോ സഹായമില്ലാതെ 2003 സെപ്റ്റംബര്‍ മുതല്‍ തുടങ്ങിയ ഈ കാരുണ്യപ്രവര്‍ത്തി ഇന്നും തുടരുന്നു.

3) ഗായത്രി സോമശേഖര്‍ (വിദ്യാഭ്യാസം)

സാധാരണ കുട്ടികള്‍ കളിച്ചു നടക്കുമ്പോള്‍ ഗായത്രി ചിന്തിച്ചിരുന്നത് പുതുമയുള്ളതും,വ്യത്യസ്തവുമായ രീതിയിലാണ്. ഗായത്രിയുടെ ഏറ്റവും ശ്രദ്ധേയമായ കണ്ടുപിടുത്തമാണ് ടൂവീലറുകള്‍ അപകടത്തില്‍പ്പെടുമ്പോള്‍ മറ്റുള്ളവരുടെ ശ്രദ്ധയില്‍ പെടുന്നതിനായുള്ള പ്രത്യേക എമര്‍ജന്‍സി അലാം ലൈറ്റ്. ഈ കണ്ടുപിടുത്തത്തിന് മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാമില്‍ നിന്ന് ഇഗ്നൈറ്റ് അവാര്‍ഡ് ലഭിക്കുകയുണ്ടായി. രാഷ്ട്രപതി ഭവനില്‍ ഈ കണ്ടുപിടുത്തം അവതരിപ്പിക്കുകയും ചെയ്തു. എല്ലാ ദിവസവും പത്രങ്ങളില്‍ കാണുന്ന അപകട വാര്‍ത്തകളാണ് ഗായത്രിയെ ഇത്തരമൊരു കണ്ടുപിടുത്തത്തിന് പ്രേരിപ്പിച്ചത്.

4) ജില്ലി പി. ജിയോ (ഹെഡ്മിസ്ട്രസ്, പയസ് ഗേള്‍സ് ഹൈസ്‌കൂള്‍, ഇടപ്പള്ളി)

കഴിഞ്ഞ 22 വര്‍ഷമായി ഇടപ്പള്ളി ഗേള്‍സ് ഹൈസ്‌കൂളില്‍ കണക്ക് അധ്യാപികയായും, 5 വര്‍ഷമായി ഹെഡ്മിസ്ട്രസായും പ്രവര്‍ത്തിക്കുകയാണ് ജില്ലി ടീച്ചര്‍. 750 പെണ്‍കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിലെ പ്രധാനാധ്യാപിക മാത്രമല്ല ജില്ലി ടീച്ചര്‍. പയസ് സ്‌കൂളില്‍ നിര്‍ധനരായ നിരവധി പെണ്‍കുട്ടികള്‍ പഠിക്കുന്നുണ്ട്. 10 വിദ്യാര്‍ഥികള്‍ക്ക് 1500-2000 രൂപ വീതം എല്ലാമാസവും എത്തിച്ചുകൊടുക്കുന്നു. ഇതിനുവേണ്ട തുക പല വ്യക്തികളില്‍നിന്നും സ്വന്തം കയ്യില്‍ നിന്നുമാണ് കണ്ടെത്തുന്നത്.

5) ഹര്‍ഷ തച്ചേരി (മസാല ബോക്‌സ്, കടവന്ത്ര)

പുതിയ കാലത്തിന് അനുസൃതമായി ബിസിനസിലൂടെ നിരവധി സ്ത്രീകള്‍ക്ക് വഴികാട്ടിയായ ചരിത്രമാണ് മസാല ബോക്‌സ് സ്ഥാപകയായ ഹര്‍ഷ തച്ചേരിയുടേത്. പ്രൊഫഷന്‍ കൊണ്ട് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആണെങ്കിലും നാടന്‍ രുചികളും, അമ്മ പാചകം ചെയ്ത രുചികളുമെല്ലാം ഏവരിലും എത്തിക്കണമെന്ന ആഗ്രഹമാണ് മസാല ബോക്‌സ് എന്ന വെബ് സൈറ്റിലൂടെ വന്‍ വിജയത്തിലെത്തിയത്. മസാല ബോക്‌സില്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് ഭക്ഷണം വീട്ടിലെത്തും. ധാരാളം വീട്ടമ്മമാരും സുഹൃത്തുക്കളും ഷെഫ് ലിസ്റ്റിലുണ്ട്. വ്യത്യസ്തമായ ആശയത്തിലൂടെ നിരവധി സ്ത്രീകളെ ശാക്തീകരിച്ചു എന്നതാണ് ഹര്‍ഷ തച്ചേരിയിയെ ഈ അവാര്‍ഡിന് അര്‍ഹയാക്കിയത്.

6) ഹേമലത മേനോന്‍ (കേരള മീഡിയ അക്കാദമി, കാക്കനാട്)

കേരള മീഡിയ അക്കാദമിയില്‍ 20 വര്‍ഷത്തോളമായി ജേര്‍ണലിസം ഫാക്കല്‍റ്റിയാണ് ഹേമലത മേനോന്‍. കേരളത്തിലെ പ്രിന്റ്, വിഷ്വല്‍, ഓണ്‍ലൈന്‍ മീഡിയ ഏതെടുത്താലും അതില്‍ ഹേമലത ടീച്ചറുടെ ശിഷ്യരുണ്ടാവും. ജേര്‍ണലിസം എന്ന പ്രൊഫഷണല്‍ സ്‌കില്‍ പഠിപ്പിക്കുന്നതിലെ മികവും പരിജ്ഞാനവുമാണ് ഹേമലതയെ ഈ അവാര്‍ഡിന് അര്‍ഹയാക്കിയത്.

7) ജീജ പി. സദാശിവന്‍ (ഒപ്‌റ്റോമെട്രിസ്റ്റ്, എരൂര്‍)

എറണാകുളം ജില്ലയില്‍ ഏറ്റവുമധികം ആളുകളെ കാഴ്ചയുടെ ലോകത്തെത്തിച്ച വ്യക്തിയാണ് ജീജ പി സദാശിവന്‍. മൂന്നു വര്‍ഷത്തിനുളളില്‍ 62 പേര്‍ക്കാണ് ജീജയുടെ കൂടി ശ്രമഫലമായി കാഴ്ച ലഭിച്ചത്. മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളുമായി ഉടന്‍ ബന്ധപ്പെട്ട് ഏറ്റവും അടുത്തുളള നേത്രബാങ്കില്‍ നേത്രപടലം എത്തിക്കാന്‍ സമയം നോക്കാതെ ജീജ ഇറങ്ങിത്തിരിക്കും. 200 ലേറെ ബോധവല്‍ക്കരണ ക്ലാസുകള്‍ ജീജ ഇതിനോടകം എടുത്തിട്ടുണ്ട്. എറണാകുളം ജില്ലയില്‍ ഏറ്റവും കൂടുതല്‍ നേത്രദാനം ചെയ്യിച്ചതിനുള്ള പുരസ്‌കാരവും ഇതിനുമുമ്പ് ജീജയെ തേടിയെത്തിയിട്ടുണ്ട്.

8) നസീറ അജേഷ് (ഡബ്ല്യു.സി.പി.ഒ, ഇടപ്പള്ളി)

തിരക്കുള്ള ജനുവരിയില്‍ ദേശാഭിമാനി ജംഗ്ഷനിലാണ് സംഭവം. അവിടെ നിന്ന് രണ്ട് പെണ്‍കുട്ടികള്‍ ബസില്‍ കയറി. ബസില്‍ വച്ച് പെണ്‍കുട്ടികളെ അപമാനിക്കാന്‍ ശ്രമിച്ച 53 കാരനെക്കുറിച്ച് പെണ്‍കുട്ടികള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന നസീറയെ അറിയിച്ചു. നസീറ അക്രമിയെ പിടിച്ചെങ്കിലും, അക്രമി കുതറി ഓടി. അക്രമിയുടെ പിറകെ ഓടി, നസീറ ഇയാളെ പിടികൂടി പാലാരിവട്ടം പോലീസില്‍ ഏല്‍പിച്ചു. സിവില്‍ പോലീസ് ഉദ്ദ്യോഗസ്ഥ എന്ന ചുമതല ഭംഗിയായി നിവ്വഹിക്കുകയായിരുന്നു നസീറ.

9) പ്രഭ മണി (കുടുംബശ്രീ, എളമക്കര)

നഗരത്തിലെ 33-ാം വാര്‍ഡില്‍ എളമക്കര പ്രദേശത്ത് കഴിഞ്ഞ 15 വര്‍ഷമായി വീടുകളിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന ജോലി ചെയ്യുകയാണ് പ്രഭ മണി. സമൂഹത്തില്‍ പലരും ചെയ്യാന്‍ മടിക്കുന്ന ജോലി യാതൊരു പരിഭവുമില്ലാതെ സന്തോഷത്തോടെ ചെയ്യുന്നു. ആളുകളോടുളള ഇടപെടലും പെരുമാറ്റവും പ്രഭാമണിയെ നാട്ടുകാര്‍ക്ക് പ്രയങ്കരിയാക്കുന്നു.

10) സോഫിയ എം. ജോ (സ്‌പോര്‍ട്‌സ്, എരൂര്‍)

ഡഫ് ആന്‍ഡ് ഡംപ് എന്ന വൈകല്യത്തെ പിന്നിലാക്കി നിറഞ്ഞുനില്‍ക്കുന്ന മുടുക്കിയാണ് സോഫിയ എം. ജോ. അത്‌ലറ്റ്, ആക്ടര്‍, ഫാഷന്‍ ഡിസൈനര്‍, ജ്വല്ലറി ഡിസൈനര്‍, പെയിന്റര്‍ എന്നിങ്ങനെ ബഹുമുഖ പ്രതിഭയാണ് സോഫിയ. സംസ്ഥാന, ദേശീയ അത്‌ലറ്റിക് മല്‍സരങ്ങളില്‍ ഷോര്‍ട്ട് പുട്ടിന് നിരവധി തവണ ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്. നിയമ പോരാട്ടങ്ങളിലൂടെ ഡ്രൈവിങ് ലൈസന്‍സ് നേടിയെടുത്ത സോഫിയ മിസ് വേള്‍ഡ് ഡഫ് ആന്‍ഡ് ഡംപ് മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ചെക്ക് റിപബ്ലിക്കിലും പോയിട്ടുണ്ട്.

Advertisment