Advertisment

ലോകമെമ്പാടും ലോകകപ്പിന്റെ ആവേശതിരത്തല്ലലിലേക്ക് ആഴ്ന്നിറങ്ങുമ്പോൾ, ലോകകപ്പ് ഓർമ്മകളിലേക്ക് ഒരു എത്തിനോട്ടം.

New Update

പല കായിക ഇനങ്ങളിലും ലോകകപ്പ് മത്സരങ്ങൾ നടത്തുന്നുണ്ടെങ്കിലും, ലോകം മുഴുവൻ എല്ലാ അർത്ഥത്തിലും ആവേശം വിതറുന്നത് ഫുട്ബോൾ ലോകകപ്പ് മാത്രമാണ്. സ്വന്തം രാജ്യത്തിന്റെ ടീം പങ്കെടുക്കുന്നില്ലെങ്കിൽ പോലും ഏതെങ്കിലുമൊക്കെ ടീമിനെ ഒരോ ഫുട്ബോൾ പ്രേമിയും നെഞ്ചിലേറ്റുന്നു. അവർക്കുവേണ്ടി ആവേശം കൊള്ളുന്നു, ആർപ്പുവിളിക്കുന്നു, വാഗ്‌വാദം നടത്തുന്നു, പ്രാർത്ഥിക്കുന്നു, പന്തയം വയ്ക്കുന്നു, കണ്ണീരൊഴുക്കുന്നു. അങ്ങനെ എന്തെല്ലാം വികാരപ്രകടനങ്ങൾ. എല്ലാം ഫുട്ബോൾ എന്ന ഒരു വികാരത്തിന് വേണ്ടി മാത്രം. ലോകത്തെ ഇത്രമേൽ ഒരുമിപ്പിക്കുന്ന ഒരേയൊരു കായിക ഇനം, അത് ഫുട്ബോൾ മാത്രം , പ്രത്യേകിച്ച്‌ ലോകകപ്പ് മത്സരങ്ങളുടെ സമയത്ത്‌ .

Advertisment

publive-image

എന്റെ ലോക കപ്പ് ഓർമ്മകൾ ആരംഭിക്കുന്നത് 1986 ൽ നിന്നാണ്. പത്താം ക്ലാസ് കഴിഞ്ഞു PDC ക്കു ചേർന്ന സമയം.. മനോരമ പത്രത്തിലെ സ്പോർട്സ് പേജിൽ വരുന്ന ലോകകപ്പ് മത്സരങ്ങളുടെ വാർത്താ വർണ്ണനകൾ വായിച്ചാണ് ഫുട്ബോൾ എന്റെ രക്തത്തിൽ കയറിക്കൂടിയത്.

ഞങ്ങളുടെ നാട്ടിൽ നിരപ്പായ വലിയ കളിസ്ഥലങ്ങളുടെ അഭാവം കൊണ്ടാവാം എനിക്ക് അതുവരെ ഫുട്ബോൾ കളി കാണാനോ, കളിക്കാനോ അവസരം ലഭിച്ചിരുന്നില്ല .

പക്ഷെ പത്രത്താളുകളിലൂടെ ലോകകകപ്പ് മത്സരങ്ങൾ കണ്ടു, കളിപഠിച്ചു, ലോകോത്തര താരങ്ങളൊക്കെ ചിരപരിചിതരെ പോലെയായി..

1986 ലോകകപ്പിന്റെ ഹീറോ, മറഡോണയും, അദ്ദേഹത്തിന്റെ ടീമായ അർഗ്രന്റിനയും അങ്ങനെ എന്റെയും പ്രിയപ്പെട്ടവരായി. നാട്ടിൽ ആ സമയത്തു TV വിരളമായതുകൊണ്ട് ഒരു മത്സരം പോലും കാണാതെ, വായിച്ചു മാത്രം എല്ലാ കളികളും ഞാൻ നേരിൽ കണ്ടു . പിന്നീട് കണ്ട കളികളെക്കാൾ അന്ന് പത്ര താളിൽ കണ്ട കളികളാണ് ഓർമയിൽ കൂടുതൽ തെളിഞ്ഞു നിൽക്കുന്നത്..

അർജന്റീനയുടെ ഫൈനൽ വിജയവും, മറഡോണയുടെ ദൈവത്തിന്റെ കൈയും ഒക്കെ എങ്ങിനെ മറക്കാൻ കഴിയും..

1988ൽ SB കോളേജിന്റെ സഹൃദയ ഹോസ്റ്റലിൽ കഴിയുമ്പോഴാണ് ഫുട്ബോൾ കളിക്കാൻ തുടങ്ങിയത്. കൂടെ കളിക്കുന്നവരുടെ പരിചയ സമ്പത്തിനടുത്ത് എത്താൻ കഴിയാത്തതുകൊണ്ട് കൂടുതൽ കാലം കളി തുടരേണ്ടി വന്നില്ല . 1990 ലെ ലോകകപ്പ് കളികൾ ഹോസ്റ്റലിലെ ഹാളിൽ വച്ചിരുന്ന ടീവിയിലൂടെ കൂട്ടുകാരുടെ കൂടെ വലിയ ആവേശത്തോടെ കണ്ടു, കളികളെ കുറിച്ച് ചർച്ച ചെയ്തു. അന്നെന്റെ പ്രിയപ്പെട്ട ടീമല്ലാത്ത ജർമനിയുടെ അന്തിമ വിജയം അത്ര സന്തോഷിപ്പിച്ചില്ല .1994 ലോകകപ്പ് നാട്ടിലും, വീട്ടിലുമൊക്കെയായി കണ്ടതായാണ് ഓർമ്മ . മിക്കവാറും എല്ലാ കളികളും കണ്ടു. ലോകകപ്പുയർത്തിയ ബ്രസിൽ അങ്ങനെ പ്രിയപ്പെട്ട ടീം ആയി.

1998ൽ മുന്നാറിൽ ജോലിചെയ്യുമ്പോൾ തണുപ്പിൽ മരവിച്ചു കമ്പിളിപുതപ്പു പുതച്ചിരുന്നാണ് മത്സരങ്ങൾ കണ്ടത്. ഫ്രാൻസിന്റെ കരുത്തിനു മുൻപിൽ മറ്റുള്ളവരൊക്ക അന്ന് അടിയറവുപറഞ്ഞു.

2002ലെ ബ്രസീലിന്റെ വിജയവും 2006ലെ ഇറ്റലിയുടേതും , 2010ലെ സ്പെയിനിന്റെയും, അവസാനമായി 2014ൽ ജർമനിയുടെ വിജയവുമെല്ലാം ഒരു പ്രവാസിയായി കുവൈറ്റിലെ വീട്ടിൽ മിക്കവാറും തനിച്ചിരുന്നാണ് കണ്ടത്. ഏറ്റവും പ്രിയപ്പെട്ട ടീമുകൾ അർജന്റിനയും ബ്രസീലും ആണെങ്കിലും ഇപ്പോൾ ജർമനിയും, ഫ്രാൻസും, ഹോളണ്ടും, സ്പെയിനും, ഇറ്റലിയും, ഇംഗ്ലണ്ടും, നൈജീരിയയും, ജപ്പാനും, സ്വീഡനും ഒക്കെ എനിക്ക് താത്പര്യം ഉള്ളവർ തന്നെയാണ്. ഒരു ടീമിന്റെ ജയത്തേക്കാൾ നല്ല കളികളെയാണ് കൂടുതൽ ആസ്വദിക്കുന്നത്.

2018ൽ ഏറ്റവും നന്നായി കളിക്കുന്ന ടീം ജയിക്കണമെന്നാണ് ആഗ്രഹം. എന്നാലും പ്രിയപ്പെട്ട താരമായ മെസ്സിയുടെ ടീം ജയിച്ചാൽ കൂടുതൽ സന്തോഷം. "ഇനിയൊരുമാസം നമുക്ക് ഫുട്ബോൾ ആഘോഷമാക്കാം "

Advertisment