Advertisment

2001 സെപ്റ്റംബർ 11 - വേൾഡ് ട്രേഡ് സെന്‍റര്‍ തീവ്രവാദികൾ തകർത്തിട്ട് പത്തൊൻപത് വർഷം തികയുന്നു...

author-image
ഡിക്സണ്‍ ഡൊമിനിക്
Updated On
New Update

വേൾഡ് ട്രേഡ് സെന്റർ തീവ്രവാദികൾ തകർത്തിട്ട് 2020 സെപ്റ്റംബർ 11 ന് പത്തൊൻപത് വർഷം ആകുകയാണ്. യുദ്ധതന്ത്രങ്ങളേക്കാൾ സൂക്ഷ്മതയോടെ മെനഞ്ഞ ലോകചരിത്രത്തിൽ സമാനതകളില്ലാത്ത ഭീകരാക്രമണത്തിലൂടെ, റാഞ്ചിയെടുത്ത യാത്രാവിമാനം ഉപയോഗിച്ച്‌ അമേരിക്കയിലെ ന്യൂയോർക്ക്‌ നഗരത്തിലുള്ള ലോകവ്യാപാരകേന്ദ്രത്തിലേക്ക് തീവ്രവാദികൾ അക്രമം നടത്തിയത് 2001 സെപ്റ്റംബർ 11 ചൊവ്വാഴ്ചയായിരുന്നു.

Advertisment

publive-image

അമേരിക്കയിലെ ന്യൂയോർക്ക്‌ നഗരത്തിലുള്ള ലോകവ്യാപാരകേന്ദ്രം, വിർജീനിയയിൽ ഉള്ള പ്രതിരോധ വകുപ്പ്‌ ആസ്ഥാനം എന്നിവിടങ്ങളിലാണ്‌ ഭീകരർ ആക്രമണം നടത്തിയത്.

മസാച്യുസെറ്റ്‌സിലെ ബോസ്റ്റണിലുള്ള ലോഗൻ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും കാലിഫോർണിയയിലെ ലൊസാഞ്ചലസ്‌ രാജ്യാന്തര വിമാനത്താവളത്തിലേക്കുപോയ അമേരിക്കൻ എയർലൈൻസിന്റെ പതിനൊന്നാം നമ്പർ വിമാനം, ഇതേ റൂട്ടിൽ പോയ യുണൈറ്റഡ്‌ എയർലൈൻസിന്റെ 175ാം നമ്പർ വിമാനം, വാഷിംഗ്‌ടൺ ഡള്ളസ്‌ വിമാനത്താവളത്തിൽ നിന്നും ലൊസാഞ്ചസിലേക്കു പോയ അമേരിക്കൻ എയർലൈൻസിന്റെ 77ാം നമ്പർ വിമാനം, ന്യൂജേഴ്സിയിലെ നെവാർക്കിൽ നിന്നും സാൻഫ്രാൻസിസ്കോയിലേക്കു പോയ യുണൈറ്റഡ്‌ എയർലൈൻസിന്റെ 93ാം നമ്പർ വിമാനം എന്നിവയാണ്‌ റാഞ്ചപ്പെട്ടത്.

അമേരിക്കൻ എയർലൈൻസ് 11 പ്രാദേശിക സമയം രാവിലെ 8:46:40ന്‌ ലോകവ്യാപാര കേന്ദ്രത്തിന്റെ വടക്കേ ടവറിൽ ഇടിച്ചു കയറ്റി. 9:03:11ന്‌ യുണൈറ്റഡ് എയർ ലൈൻസ് 175 തെക്കേ ടവറിലും ഇടിച്ചിറക്കി.

publive-image

ഇതിന്റെ ദൃശ്യങ്ങൾ പ്രധാന ചാനലുകൾ തത്സമയം കാണിച്ചിരുന്നു. 9:37:46ന്‌ അമേരിക്കൻ എയർ ലൈൻസ് 77 വാഷിംഗ്‌ടൺ ഡി.സി.യിലെ വിർജീനിയയിലുള്ള പെന്റഗൺ ആസ്ഥാന മന്ദിരത്തിൽ ഇടിച്ചു കയറ്റി.

റാഞ്ചപ്പെട്ട നാലാമത്തെ വിമാനം യുണൈറ്റഡ് എയർ ലൈൻസ് 93 പെൻസിൽവാനിയ സംസ്ഥാനത്തെ സോമർസെറ്റ്‌ കൌണ്ടിയിലുള്ള ഷാങ്ക്സ്‌വില്ലെ എന്ന സ്ഥലത്ത്‌ പാടത്ത് 10:03:11ന്‌ തകർന്നു വീണു.

നാലാമത്തെ വിമാനം യാത്രക്കാരുടെ ചെറുത്തു നിൽപ്പിനേത്തുടർന്ന് ഭീകരന്മാർ മനഃപൂർവം വീഴ്ത്തിയതാണോ, അതോ വിമാനം നിയന്ത്രണം വിട്ടു നിലം പതിച്ചതാണോ എന്നുള്ള കാര്യത്തിൽ വ്യക്തതയില്ല.നാലു വിമാനങ്ങളിലും ഉണ്ടായിരുന്ന മുഴുവൻ യാത്രക്കാരും കൊല്ലപ്പെട്ടു.

ആക്രമണത്തെക്കുറിച്ചന്വേഷിക്കാൻ നിയുക്തമായ കമ്മീഷന്റെ കണ്ടെത്തലുകൾ പ്രകാരം വൈറ്റ്‌ഹൌസ്‌ ലക്ഷ്യമാക്കി നീങ്ങിയതെന്ന് കരുതുന്ന നാലാമത്തെ വിമാനം ഭീകരന്മാർ മനഃപൂർവം തകർക്കുകയായിരുന്നു.

ആക്രമണത്തെപ്പറ്റിയുള്ള അന്വേഷണത്തി ന് റാഞ്ചപ്പെട്ട വിമാനങ്ങളിലെ യാത്രക്കാരും വൈമാനികരും എല്ലാം തകരുന്നതിനു മുൻപ്‌ നടത്തിയ ഫോൺ വിളികൾ സഹായകമായിരുന്നു.

യു.എ. 93ൽ നാലും ബാക്കി മൂന്നു വിമാനങ്ങളിൽ അഞ്ചുവീതവും റാഞ്ചികളുണ്ടായിരുന്നുന്നെന്നും തീരെച്ചെറിയ കത്തികളും കണ്ണീർ വാതകം, കുരുമുളകു പൊടി ഇവ ഉപയോഗിച്ചാണ്‌ ഭീകരന്മാർ നാടകീയമായ റാഞ്ചൽ നടത്തിയതെന്നും യാത്രക്കാരുടെ സന്ദേശത്തിൽനിന്നും മനസ്സിലാക്കാൻ സാധിച്ചു.

യു.എ. 93 വിമാനത്തിന്റെ വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് സന്ദേശങ്ങൾ പ്രകാരം ടോഡ്‌ ബീമർ, ജെറിമി ഗ്ലിക്ക്‌ എന്നീ യാത്രക്കാരുടെ നേതൃത്വത്തിൽ വിമാനത്തിന്റെ നിയന്ത്രണം തിരികെപ്പിടിക്കാൻ ശ്രമം നടത്തിയിരുന്നു. പക്ഷേ ഈ അതിസാഹസികമായ ശ്രമങ്ങൾക്കിടയിലാണ്‌ നാലാമത്തെ വിമാനം പെൻസിൽവാനിയയിൽ തകർന്നു വീണത്.

publive-image

ഖാലിദ് ഷേക്ക് മുഹമ്മദാണ് ഈ ആക്രമണത്തിന്റെ ആശയം 1996 ൽ ഒസാമ ബിൻ ലാദനു മുൻപിൽ അവതരിപ്പിച്ചത്. 1998 ൽ ബിൻ ലാദൻ ഈ പദ്ധതിയ്ക്ക് അനുമതി നൽകി. ദൗത്യത്തിനായി, ഹാംബര്‍ഗില്‍ നിന്നുള്ള ഒരു കൂട്ടം ആളുകളെ തിരഞ്ഞെടുത്തു.

മുഹമ്മദ് അട്ട, മര്‍വാന്‍ അല്‍-ഷെഹി, സിയാദ് ജറാ, റാംസി ബിന്‍ അല്‍-ഷിബ് എന്നിവരായിരുന്നു അത്. റാംസി ബിന്‍ അല്‍-ഷിബിനൊപ്പം ഖാലിദ് ഷെയ്ഖ് മുഹമ്മദ് ആക്രമണത്തില്‍ പങ്കാളിയാണെന്ന് 2002 ല്‍ അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. 2003 മാര്‍ച്ച് 1ന് മുഹമ്മദിനെ പാകിസ്ഥാനില്‍ അറസ്റ്റ് ചെയ്യുകയും ചെയ്തു.

മുഹമ്മദിന്റെ വധ ശിക്ഷ ഒഴിവാക്കിയാൽ 9/11 ആക്രമണത്തില്‍ സൗദി അറേബ്യയുടെ പങ്കിനെതിരെ സാക്ഷ്യപ്പെടുത്താന്‍ താല്‍പ്പര്യമുണ്ടെന്ന് കാണിച്ച് 2019 ജൂലൈ 26 ന് മാന്‍ഹട്ടിലെ യുഎസ് ജില്ലാ കോടതിയില്‍ ഖാലിദ് ഷെയ്ഖ് മുഹമ്മദിന്റെ അഭിഭാഷകര്‍ കത്ത് സമര്‍പ്പിച്ചിരുന്നു.

ചാവേർ ആക്രമണം കഴിഞ്ഞയുടനെ ഇതിനു പിന്നിൽ അൽഖയ്ദ ആയിരിക്കാമെന്നു സംശയം പ്രകടിപ്പിച്ചിരുന്നു. ചാവേർ ആക്രമണത്തെ പ്രകീർത്തിച്ചെങ്കിലും ഒസാമ ബിൻലാദൻ തുടക്കത്തിൽ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നില്ല.

സെപ്റ്റംബർ 16ന്‌ ഖത്തറിലെ അൽജസീറ ചാനൽ വഴി പുറത്തുവിട്ട സന്ദേശത്തിൽ ലാദൻ ചാവേർ ആക്രമണത്തിൽ തൻറെ പങ്ക്‌ ആവർത്തിച്ചു നിഷേധിച്ചു. ലാദന്‌ രാഷ്ട്രീയ അഭയം നൽകിയിരുന്ന അഫ്ഗാനിസ്ഥാനിലെ താലിബാൻഭരണകൂടവും ഭീകരാക്രണത്തിൽ അയാൾക്കുള്ള പങ്ക്‌ തള്ളിക്കളഞ്ഞു.

publive-image

എന്നാൽ, 2001 സെപ്റ്റംബര്‍ 27 ന് എഫ്ബിഐ 19 ഹൈജാക്കര്‍മാരുടെയും ഫോട്ടോകളും അപരനാമങ്ങളെ കുറിച്ചുള്ള വിവരങ്ങളും പുറത്തുവിട്ടു. പതിനഞ്ച് പേര്‍ സൗദി അറേബ്യയില്‍ നിന്നും രണ്ട് പേര്‍ യുണൈറ്റഡ് അറബ് എമിറേറ്റില്‍ നിന്നും ഒരാള്‍ ഈജിപ്തില്‍ നിന്നും ഒരാള്‍ ലെബനനില്‍ നിന്നുമായിരുന്നു.

സംഭവം കഴിഞ്ഞയുടനെ പലസ്തീൻ തീവ്രവാദ സംഘടനയായ ഡെമോക്രാറ്റിക്‌ ഫ്രണ്ട്‌ ഫോർ ദ്‌ ലിബറേഷൻ ഓഫ്‌ പലസ്തീൻ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നുവെങ്കിലും ഉടൻതന്നെ സംഘടനയുടെ മുതിർന്ന നേതാവ്‌ ഇതു തിരുത്തിപ്പറഞ്ഞു.

അക്രമത്തെ അപലപിച്ച ലോക നേതാക്കൾ

അമേരിക്കയുമായി ശത്രുത പുലർത്തുന്ന രാജ്യങ്ങളിൽ ഇറാഖിലെ സദ്ദാം ഹുസൈൻ ഒഴികെ മറ്റെല്ലാവരും ചാവേർ ആക്രമണത്തെ അപലപിച്ചു. ലിബിയയിലെ ഗദ്ദാഫി, ഇറാനിലെ മുഹമ്മദ്‌ ഖത്താമി, ക്യൂബയിലെ ഫിദൽ കാസ്ട്രോ എന്നിവർ ഇതിൽപ്പെടുന്നു.

ലോക ജനതയ്ക്കു നേരെ അമേരിക്ക നടത്തുന്ന അതിക്രമങ്ങളുടെ ഫലമെന്നാണ്‌ സദ്ദാം ഹുസൈൻ ഭീകരാക്രമണത്തെ വിശേഷിപ്പിച്ചത്‌. സ്വന്തം രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളുടെയും ഇഷ്ടത്തിനെതിരായിട്ടും പാകിസ്താൻ പ്രസിഡണ്ട് പർവേഷ്‌ മുഷാറഫ്‌ അമേരിക്കയ്ക്ക്‌ പിന്തുണ നൽകിയത് എല്ലാവരെയും അതിശയിപ്പിച്ചു.

അക്രമത്തിന്റെ രാജ്യാന്തര ഫലങ്ങൾ

ചാവേറാക്രമണത്തിൻറെ പ്രത്യാഘാതങ്ങൾ രാജ്യാന്തര തലത്തിലേക്കു കത്തിപ്പടരാൻ അധിക നാൾ വേണ്ടിവന്നില്ല. അക്രമം കഴിഞ്ഞു ഒരു മാസം കഴിഞ്ഞതോടെ അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേന അൽഖയ്ദ ഭീകരരെ വേട്ടയാടാൻ അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടത്തെ ആക്രമിച്ചതായിരുന്നു ഇതിൽ ആദ്യത്തേത്.

ഒട്ടേറെ ഇസ്ലാമിക രാജ്യങ്ങൾ ഇതിൽ അമേരിക്കയോടൊപ്പം ചേർന്നു. തങ്ങളുടെ തന്ത്രപ്രധാനമായ സൈനിക കേന്ദ്രങ്ങൾ അഫ്ഗാനിസ്ഥാനെ ആക്രമിക്കാനായി വിട്ടുനൽകിയ ഉപകാരത്തിനു പ്രതിഫലമായി പാകിസ്താന്‌ ഒട്ടേറെ സഹായങ്ങൾ ലഭിച്ചു. കൂടാതെ ഒസാമ ബിൻലാദനെ കൊല്ലുന്നതിനും ഇത് കാരണമായി.

11നു ശേഷം ഒട്ടേറെ രാജ്യങ്ങൾ നയങ്ങളിൽ വൻ അഴിച്ചുപണി നടത്തി. ഭീകരരുടെ സാമ്പത്തിക സ്രോതസ്സുകൾക്ക്‌ മിക്ക രാജ്യങ്ങളും കടിഞ്ഞാണിട്ടു. ഭീകരതയെ സഹായിക്കുന്നു എന്നു സംശയമുള്ളവരുടെ നിക്ഷേപങ്ങൾ മരവിപ്പിക്കപ്പെട്ടു. എല്ലാ രാജ്യങ്ങളും വിമാനത്താവളങ്ങളിലെ സുരക്ഷാപരിശോധന ശക്തമാക്കി. ഭീകരതയ്ക്കെതിരെയുള്ള പോരാട്ടത്തിൽ രാജ്യാന്തര സഹകരണം ശക്തിപ്പെടുത്താനും 9/11 കാരണമായി.

തങ്ങളുടെ വിശ്വാസവും ഭരണവും ലോകം മുഴുവൻ വ്യാപിപ്പിക്കാൻ ഒരു കൂട്ടം മുസ്ലിം തീവ്രവാദികൾ ലോകത്ത് നടത്തുന്ന അക്രമങ്ങളിൽ ഏറ്റവും ഭീകരമായിരുന്നു ഈ അക്രമം. വിമാനത്തിലെ യാത്രക്കാർ ഉൾപ്പടെ മൂവായിരത്തോളം പേര് അക്രമത്തിൽ മരിച്ചു.

9-1-1 എന്നത്‌ അമേരിക്കക്കാർക്ക്‌ ഹൃദ്യസ്ഥമായ അക്കങ്ങളാണ്‌. ഏതു വലിയ ആപത്തുണ്ടായാലും ടെലിഫോണെടുത്ത്‌ 9-1-1 വിളിച്ചാൽ മതി എന്ന വിശ്വാസമാണ്‌ അമേരിക്കൻ ജനതയ്ക്ക്‌. മറ്റൊരു തരത്തിൽ, ഈ വിളിയിൽ തീരുന്ന പ്രശ്നങ്ങളേ അവർ കണ്ടിട്ടുള്ളു.

ഇത് തന്നെയാണ് ഒരു ജനതയുടെ സമാധാനം തകർക്കും വിധം ഈ പ്രവർത്തി ചെയ്യാൻ സെപ്റ്റംബർ 11(9/11) തന്നെ തിരഞ്ഞെടുക്കാൻ തീവ്രവാദികളെ പ്രേരിപ്പിച്ചത്. ഒരു ജനതയുടെ വിശ്വാസവും സന്തോഷവും കെടുത്തുന്ന ഒരു ഭീകര സംഘടനകളെയും ലോകത്ത് വളരാൻ നാം അനുവദിച്ചു കൂടാ. എന്നാൽ അവരിൽ ചിലർ നമുക്കിടയിലും ഉണ്ടെന്ന ഞെട്ടിക്കുന്ന റിപ്പോർട്ടാണ് ഈ അടുത്ത സമയത്ത് യു. എൻ. പുറത്ത് വിട്ടത്.

കൂടാതെ അഫ്ഗാനിൽ ഉണ്ടായ രണ്ട് ബോംബ് അക്രമങ്ങൾക്ക് നേതൃത്വം നല്കിയയത് മലയാളികൾ ആണെന്നതും ശ്രീലങ്കൻ അക്രമത്തിന് കാരണക്കാരായ തീവ്രവാദികൾക്ക് കേരളത്തിൽ പരിശീലനം ലഭിച്ചിരുന്നു എന്നുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നതും നമ്മെ ഇരുത്തി ചിന്തിപ്പിക്കേണ്ട വസ്തുത ആയി ഇന്നും നില നിൽക്കുന്നു. ജാഗ്രത...

cultural
Advertisment