അഞ്ച് കിലോ സ്വർണ്ണവുമായി മലയാളി അറസ്റ്റിൽ എന്നൊക്കെ വായിച്ചിരുന്നത് ഇനി രണ്ടു കിലോ പോത്തിറച്ചിയുമായി മലയാളി അറസ്റ്റിൽ എന്ന് വായിക്കാം. എന്നാലും ആ പെറോട്ടയുടെ അനാഥത്വം എത്ര ഭീകരം !

ദാസനും വിജയനും
Tuesday, December 12, 2017

ബീഫ് എന്നാൽ എരുമയുടെ കെട്ടിയോനായ പോത്താണോ അതോ പശുവിന്റെ കെട്ടിയോനായ മൂരിയാണോ ?

മൂന്ന് വർഷങ്ങൾക്ക് മുമ്പ് തുടങ്ങിയ സംശയങ്ങൾ ഇപ്പോഴും മനസ്സിന്റെ ഉള്ളറകളിൽ അലട്ടുമ്പോൾ ഇന്ന് അതിനു ഒരു തീരുമാനവും ആയി . ഇതിന്റെ പിന്നിൽ വടമയിലെ കോഴിയിറച്ചി മാഫിയയോ , പൊള്ളാച്ചിയിലെ ആട്ടിറച്ചി മാഫിയയോ അതോ അങ്കമാലിയിലെ പന്നിയിറച്ചി മാഫിയയോ എന്നറിയാതെ വട്ടം ചുറ്റുമ്പോൾ ഒരു കാര്യം ഉറപ്പ് .

ഇതിന്റെ പിന്നിൽ ന്യുസിലാണ്ടിലെയും ആസ്ട്രേലിയയിലെയും അല്ലെങ്കിൽ യൂറോപ്പിലെയും ബീഫ് സ്റ്റീക്ക് നിർമ്മാതാക്കൾ എന്നാണ് എന്റെ ഒരിത് .ഇപ്പോൾ എല്ലാ നിരോധനങ്ങൾക്ക് പിന്നിലും ഒരു ഇന്റർനാഷണൽ നീക്കങ്ങൾ കാണുന്നതിനാലാണ് അങ്ങനെ ഒക്കെ ചിന്തിച്ചത് .

ശരിക്കും പറഞ്ഞാൽ ഇതിന്റെ പിന്നിൽ അൽ കബീർ തന്നെ . അവരാണല്ലോ ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്നവർ … മനസിനെ ഏറ്റവും അലട്ടുന്ന വിഷമം നമ്മുടെ പൊറോട്ടയുടെ കാര്യം ഓർക്കുമ്പോഴാണ് .

സഹിക്കാവുന്നതിലേറെ ഇടിയും കുത്തും ചവിട്ടും ഒക്കെ ഏറ്റുവാങ്ങി ഒരു വിധേന വറചട്ടിയിൽ എത്തിയാൽ അത് കഴിഞ്ഞാൽ പിന്നെയും രണ്ടു മൂന്ന് അടി ചെവിട്ടത്ത് ലഭിക്കും . എന്നിട്ടാണ് തന്റെ ജോഡിയായ പോത്തിന്റെ കൂടെ ചേരുവാൻ സമയമാകുന്നത് . ഇത്രയും ത്യാഗങ്ങൾ സഹിച്ച് ഒരു വിധം ജീവിതം തള്ളി നീക്കുന്ന പൊറോട്ടയുടെ ദുഃഖം ഓർക്കുമ്പോൾ ശരിക്കും മനസ്സിനൊരു വിങ്ങൽ .

വിധവയായെങ്കിലും പിന്നെ കൂട്ടിന് പത്തിരിയും കപ്പയുമൊക്കെ ഉണ്ടല്ലോ എന്നൊരു ആശ്വാസം പൊറോട്ടയുടെ മനസ്സിൽ ഇല്ലാതില്ല . കേരളത്തിലെ വർഗീയ വംശീയ വിഭാഗീയതകളിൽ കുറച്ചൊക്കെ അയവ് വരുന്നതിൽ ഇപ്പറയുന്ന ബീഫിന്റെ പങ്ക് കുറച്ചൊന്നുമല്ല . വൈകുന്നേരമായാൽ രണ്ടെണ്ണം വിട്ടാൽ കൂട്ടിന് പോത്ത് ഫ്രൈ ഇല്ലെങ്കിൽ അതിലെന്ത് സുഖം .

കള്ളിന് പോത്ത് ഫ്രൈ ഇല്ലെങ്കിൽ ജനം വൈലൻറ് ആകും .സ്വന്തം വീട്ടിൽ കിട്ടാത്ത പോത്തിറച്ചി അന്യ മതസ്ഥനായ ചങ്ങായിയുടെ വീട്ടിൽ കിട്ടുമ്പോൾ പിന്നെ ആ ചങ്ങായിക്കെതിരെ കൊടി പിടിക്കുവാൻ ഈ ചങ്ങായിക്ക് വിഷമം .

അങ്ങനെ അങ്ങനെ വിഭാഗീയതയും വംശീയതയും ഒക്കെ ഇല്ലാതാകുന്നത് കേരളത്തിലെ ഓരോരോ ഗ്രാമങ്ങളിലും നമ്മുക്ക് കാണാം . ഇനി അതൊന്നും പറഞ്ഞിട്ടും ആലോചിച്ചിട്ടും വലിയ പ്രയോജനം ഒന്നുമില്ല .

പണ്ട് ഒരു പ്രശ്നം ഉണ്ടായപ്പോൾ ഡെന്മാർക്കിന്റെ എല്ലാ ഉത്പ്പന്നങ്ങളും ബഹിഷ്കരിച്ചുകൊണ്ട് പ്രതികരിച്ചതുപോലെ ഇനിയിപ്പോൾ ഈ നിരോധനം കൊണ്ട് ഏറ്റവും കൂടുതൽ പ്രയോജനം ലഭിക്കുമെന്ന് നാമെല്ലാം കരുതുന്ന അൽ കബീർ എന്ന സ്ഥാപനത്തിന്റെ പശു-കാള -പോത്ത് -എരുമ എന്നിവയുടെ ഇറച്ചികൾ പാക്കറ്റിലാക്കി ബോബി വീൽ എന്ന പേരിലാണ് അവർ വിൽക്കുന്നത് . അതങ്ങ് ബഹിഷ്ക്കരിച്ചുകൊണ്ടു നമ്മുക്ക് വേണേൽ നമ്മുടെ ഉള്ളിന്റെ ഉള്ളിലെ സങ്കടം അറിയിക്കാം .

ഒരു കാര്യം പറയട്ടെ : ഞങ്ങളുടെ നാടിന്റെ അതിർത്തി ഗ്രാമമായ കരൂപ്പടന്ന എന്ന സ്ഥലത്ത് ഇക്കഴിഞ്ഞ പത്ത് വർഷങ്ങൾക്കുള്ളിൽ ഏഴോളം ചെറുപ്പക്കാരാണ് 25 നും 30 നും ഇടയിലായി വയസ്സുകൾക്കുള്ളിൽ ഹൃദയസ്തംഭനം മൂലം മരണമടഞ്ഞത് . ഇവരൊക്കെ സാധാരണയിലധികമായി ബീഫ് കഴിച്ചിരുന്നവരായിരുന്നു .

ഒന്ന് രണ്ട് പേരെ നേരിട്ട് ഞങ്ങൾ ഉപദേശിച്ചിട്ടുണ്ട് .ഇക്കാര്യങ്ങളൊക്കെ കണക്കിൽ എടുത്താൽ ഏറ്റവും കൂടുതൽ ചീത്ത കൊളസ്‌ട്രോൾ അഥവാ ചീത്ത കൊഴുപ്പ് ശരീരത്തിൽ കയറി പണി തുടങ്ങുന്നത് ഈ പോത്തിറച്ചിയിൽ നിന്നാണ് .കൂടാതെ സ്ത്രീകളിൽ ഏറ്റവും കൂടുതൽ ഗര്ഭാശയായ സംബന്ധമായ അസുഖങ്ങൾ പിടിപെടുന്നത് . ആയതിനാൽ നിങ്ങളോടുള്ള സ്നേഹം കൊണ്ട് മാത്രമാണ് പരിസ്ഥിതി മന്ത്രാലയം ഇങ്ങനെയൊരു കടുത്ത തീരുമാനം എടുക്കുവാൻ നിർബന്ധിതമായത് .

അവർക്ക് നിങ്ങളെ ആവശ്യമാണ് .ചെറിയ വയസ്സുകളിൽ മരണപ്പെട്ടു പോകാതെ സംരക്ഷിക്കേണ്ടത് അവരുടെ ചുമതലയാണ് .നിങ്ങൾക്കൊക്കെ ആയുസ്സ് കൂട്ടി കിട്ടി എന്ന് കരുതി സമാധാനിക്കാതെ നിങ്ങൾ അവർക്കെതിരെ ശബ്‌ദിക്കാനൊന്നും പോകണ്ട .

കാരണം ഇപ്പോൾ അവരുടെ സമയമാണ് . ജീവനില്ലാത്ത വോട്ടിങ് യന്ത്രങ്ങൾക്ക് വരെ ഇപ്പോൾ അവരെ പേടിയാണ് . ആയതുകൊണ്ട് ജീവനുള്ള നമ്മൾ ജീവൻ നിലനിർത്തുവാൻ പോത്തുകളാകാതെ നോക്കിയാൽ അടികിട്ടി മരിക്കാതെ കുറച്ച നാൾ കൂടി ഇ- മണ്ണിൽ ജീവിക്കാം .

എന്തായാലും ഒരു കാര്യത്തില്‍ മോഡിക്കും ആശ്വസിക്കാം. റമദാനില്‍ പോത്തിറച്ചി കഴിക്കുന്നവര്‍ ഉണ്ടെങ്കില്‍ അവരുടെ ബീഫ് കൊതിയെ കൊന്നൊടുക്കി. അതും പുതിയ ഉത്തരവിന്‍റെ ഒരു സമാധാനമായിരിക്കാം.

അഞ്ച് കിലോയുടെ സ്വർണ്ണവുമായി മലയാളി അറസ്റ്റിൽ എന്നൊക്കെ വായിച്ചിരുന്ന പത്രങ്ങളിൽ രണ്ടു കിലോ പോത്തിറച്ചിയുമായി മലയാളി അറസ്റ്റിൽ എന്ന് വായിക്കേണ്ടി വരുമല്ലോ എന്നോർത്തുകൊണ്ട് കുറെ പോത്തിറച്ചി വരട്ടി തിന്നുന്ന സ്വപ്നം കണ്ടുകൊണ്ട്,

ഇറച്ചി വെട്ടുകാരൻ സുലൈമാന്റെ അയൽവാസി ദാസപ്പനും കള്ള് ഷാപ്പിലെ കറിക്കാരൻ വിജയപ്പനും

×