“ആ യുവസംവിധായകൻ എവിടെയാണാവോ ? ” എന്ന് അന്നാ ഈഡന്‍ ചോദിച്ചപ്പോള്‍ ബാലറാം എന്‍റെ വക 5 രൂപ കൊടുത്തുകഴിഞ്ഞു. ഒരു ഫേസ്ബുക്ക് അക്കൌണ്ട് ഉണ്ടോ സഖാവേ .. ഒന്ന് പ്രതികരിക്കാന്‍ ..?

ദാസനും വിജയനും
Friday, December 8, 2017

കൊച്ചിയിലെ യുവ എംഎൽഎ യുടെ യുവതിയായ ഭാര്യയുടെ ഫേസ്‌ബുക്ക് പോസ്റ്റ് കണ്ടപ്പോൾ ശരിക്കും ഉള്ളുതുറന്ന് ചിരിച്ചു . ” ആ യുവസംവിധായകൻ എവിടെയാണാവോ ? ” എന്ന് .

അത് എന്നെക്കുറിച്ചാണ് … എന്നെക്കുറിച്ചു തന്നെയാണ് എഴുതിയത് , എന്നെക്കുറിച്ചു മാത്രം … എന്ന് ആഷിഖ് കരുതിയാലും വിഷമമില്ല എന്നർത്ഥത്തിൽ തന്നെയാണ് യുവതി ഫേസ്‌ബുക്കിൽ ഇങ്ങനെയൊരു പോസ്റ്റിട്ടത് .

പ്രതിഭകൾ എന്നും പ്രതികരിക്കണം , അവരെന്നും പ്രതികരിച്ചുകൊണ്ടേയിരിക്കണം , നിർത്തരുത് , അവനവനു കൊള്ളുമ്പോൾ പ്രതികരിക്കേണ്ടയിടത്ത് മൗനം പാലിച്ചാൽ ആ മൗനത്തിന് നിങ്ങൾ വില പറയേണ്ടിവരും . വ്യക്തിത്വത്തെ ബാധിക്കുന്ന തരത്തിലുള്ള വില നൽകേണ്ടിവരുമ്പോൾ ഫേസ്‌ബുക്കിൽ ബ്ലോക്ക് ചെയ്തിട്ടോ അവർക്കെതിരെ ക്വട്ടേഷൻ കൊടുത്തിട്ടോ യാതൊരു കാര്യവുമില്ല . കേരളത്തിലെ യുവ സംവിധായകൻ ഇപ്പോൾ നേരിടുന്നതും നൽകുന്നതും ആ വിലയാണ് .

സിനിമാക്കാർക്ക് എന്നും രാഷ്രീയം ഉണ്ടായിരുന്നു . സാഹിത്യകാരന്മാർക്കും അതുപോലെ രാഷ്ട്രീയം ഉണ്ടായിരുന്നു. പക്ഷെ അതിനെ അവസരവാദപരമായി ഉപയോഗിക്കുമ്പോൾ ദൈവം ചിലപ്പോൾ ശിക്ഷകൾ നൽകാം .

പണ്ടൊക്കെ കുറെ വർഷങ്ങൾക്ക് ശേഷമാണ് ദൈവം ശിക്ഷകൾ നൽകിയിരുന്നത്. ഇപ്പോൾ ദൈവവും സ്മാർട്ട് ആയപ്പോൾ പാടത്ത് പണിയും വരമ്പത്ത് കൂലിയും എന്നത് കോടിയേരി വരെ അംഗീകരിച്ച വസ്തുതയാണ് .

ആയതിനാൽ ഇനിയെങ്കിലും ഓവർ സ്മാർട്ടാകാതെ ചെയ്യുന്ന പണികളിൽ ആത്മാർത്ഥത കാണിച്ചുകൊണ്ട് താങ്കളെ വിശ്വസിച്ചുകൊണ്ട് പണം ഇറക്കുന്ന നിർമ്മാതാക്കളെ വിഷമിപ്പിക്കാതെ അവർ അബുദാബിയിൽ നിന്നും ദുബായിൽ നിന്നൊക്കെ വിളിക്കുമ്പോൾ ഫോണെങ്കിലും അറ്റൻഡ് ചെയ്യുവാനുള്ള സൗമനസ്യം കാണിക്കണമെന്ന് ഉപദേശിക്കുന്നു .

നമ്മൾ സിഗരറ്റ് വലിക്കുന്നവരാണെങ്കിൽ, അല്ലെങ്കിൽ കള്ളുകുടിയനാണെങ്കിൽ പിന്നെ എങ്ങിനെ മറ്റൊരു സിഗരറ്റ് വലിക്കാരനെ അല്ലെങ്കിൽ കള്ളുകുടിയനെ കുറ്റം പറയു൦ . അതുപോലെ നമ്മൾ മറ്റുള്ളവരുടെ പണം വാങ്ങി പുട്ടടിച്ചു കളിച്ചിട്ട് പിന്നെ എങ്ങനെ മറ്റുള്ളവരെ കുറ്റം പറയുവാൻ ആകുക .

ഇങ്ങനെയുള്ള ചെറിയ ചെറിയ കാര്യങ്ങൾ മനസ്സിലാക്കാതെ ഒന്ന് രണ്ടു സിനിമകൾ കുലുക്കി കുത്തിൽ വിജയിച്ചാൽ പിന്നെ ജനം തിരിച്ചറിയുന്ന അവസ്ഥയിൽ ആയാൽ , ലൈക്കുകൾ അധികരിക്കുമ്പോൾ ഭൂമിയുടെ അച്ചുതണ്ട് തിരിക്കുന്നത് തങ്ങളാണെന്നുള്ള അഹങ്കാരം തലക്ക് കയറും . പിന്നെ ആരെക്കുറിച്ചും എന്തിനെക്കുറിച്ചും എഴുതാം അല്ലെങ്കിൽ പ്രതികരിക്കാം എന്ന ചിന്ത മനുഷ്യനെ ഇതുപോലെയുള്ള കുടുക്കുകളിൽ ചെന്നെത്തിക്കും .

കൊറിയൻ ഇറാനിയൻ ഭാഷകളിൽ ഇറങ്ങുന്ന ചിത്രങ്ങളെ അതേപടി കോപ്പിയടിച്ചുകൊണ്ട് മലയാളം പതിപ്പാക്കി ഇറക്കുമ്പോൾ അതിനു കയ്യടിക്കുവാൻ കുറെ ആളുകളെ കിട്ടുമ്പോൾ എല്ലാം നേടി എന്ന് ചിലര്‍ കരുതുന്നത് മലയാള സിനിമയില്‍ ഒരു സര്‍വ്വകാല പ്രതിഭാസമാണ് .

പെരുമ്പാവൂരിലെ ജിഷയെ ആരോ പൈശാചികമായി കൊന്ന് വേറെ ആരോ പിച്ചിച്ചീന്തിയപ്പോൾ അന്ന് തിരഞ്ഞെടുപ്പ് കാലമായതുകൊണ്ട് പ്രൊഫൈൽ ചിത്രം കറുപ്പാക്കുകയും പെരുമ്പാവൂരിലേക്കുള്ള ദൂരം കുറക്കുകയും ചെയ്തവർ ജിഷയുടെ മരണത്തിന്റെ ഒന്നാം വാർഷികദിനം മറന്നുപോയി . ഇനി ഇപ്പോൾ ഉടനെ തിരഞ്ഞെടുപ്പ് ഒന്നും ഇല്ലല്ലോ ?

മാണിസാർ ആരോപണങ്ങളിൽ മുങ്ങിക്കുളിച്ചപ്പോൾ കോടികളോടുള്ള ആദ്ദേഹത്തിന്റെ ആർത്തിക്കെതിരെ “” എന്‍റെ വക അഞ്ഞൂറ് “” ഹാഷ് ടാഗ് ചെയ്തു കളിച്ചപ്പോൾ സോഷ്യൽ മീഡിയ ഒന്നടങ്കം അതേറ്റുപിടിച്ചുകൊണ്ട് മാണിസാറിന്‍റെ പാലായിലെ പോസ്റ്റ് ഓഫീസ് മണിയോർഡറുകളെ കൊണ്ട് നിറച്ചു . അതൊക്കെ നല്ല കാര്യമായി എടുക്കുന്നു .

പക്ഷെ പിന്നെയും ഭൂമി ഉരുണ്ടുകൊണ്ടേയിരുന്നു . ലോകം സഞ്ചരിച്ചു . 2016 കടന്നു 2017 എത്തി .അതൊന്നും നിങ്ങൾ അറിഞ്ഞിട്ടില്ല എന്ന് കരുതുന്നു . ഇപ്പോള്‍ താങ്കളുടെ സോഷ്യല്‍ മീഡിയ വിഷയങ്ങള്‍ ഡൽഹിയിലെ അവാർഡും മോഹൻലാലും സുരഭിയും കാറൽ മാക്‌സും ജിസാറ്റ്‌ 9 ന്റെ വിക്ഷേപണവും ഒക്കെയാണ് . കേരളത്തിൽ നടന്ന ഒരു സംഭവവും നിങ്ങള്‍ അറിഞ്ഞുകാണില്ല എന്ന് കരുതുന്നു .അല്ലെങ്കിൽ അറിഞ്ഞതായി ഭവിക്കുന്നില്ല എന്നതാണ് സത്യം

ഇന്നിപ്പോൾ നിങ്ങളുടെ വകയായി കേവലം ഒരു അഞ്ച് രൂപ ആവശ്യമുണ്ട് . ഒരു വ്യക്തത തേടി സുപ്രീം കോടതിയിൽ അനാവശ്യ ഹർജി നൽകിയതിന് നമ്മുടെ സർക്കാരിനു പരമോന്നത നീതിപീഠം ഇട്ട പിഴയാണല്ലോ 25000 രൂപ . അത് നമ്മുടെ നികുതിപ്പണത്തിൽ നിന്നും ഈടാക്കുവാൻ പാടില്ലല്ലോ .

അപ്പോള്‍ ആ പണം നമ്മൾ പിരിവെടുത്തു നൽകണം . തൃത്താലയിലെ യുവ എംഎൽഎ അഞ്ച് രൂപ നൽകാമെന്ന് ഏറ്റിട്ടുണ്ട് .താങ്കളും അതിലേക്കു സംഭാവന ചെയ്യുമെന്നു കരുതുന്നു. താങ്കളാണല്ലോ ഈ മഹാമനസ്കത കണ്ടു പിടിച്ചത് . കള്ളുകച്ചവടക്കാരൻ ബിജുരമേശിന്റെ പണത്തിനോട് താങ്കൾ കാണിച്ച ആത്മാർത്ഥമായ വിഷമം സർക്കാർ ഖജനാവ് പണത്തിനോടും കാണിക്കുമെന്ന് വിശ്വസിച്ചുകൊണ്ട്….

അബുദാബിയിൽ നിന്നും നിർമ്മാതാവ് ദാസനും പോസ്റ്റുമാന്‍ വിജയനും

×