ഒരു ശിശുദിന സമ്മാനം

ലിനോ ജോണ്‍ പാക്കില്‍
Tuesday, November 14, 2017

ടീച്ചറെ ടീച്ചറെ എന്ന്‍ വിളിച്ചു ഒരു അമ്മയുടെ അടുത്തേക്കെന്ന പോലെ എന്ത് പരാതിയും ആവിശ്യങ്ങളുമായി ഓടിച്ചെല്ലാൻ പറ്റുമായിരുന്ന നമ്മുടെ നഴ്സറി ടീച്ചറുമാരെ ഓർത്തു കൊണ്ടാവാം ഈ ശിശുദിനം.

ബാല്യത്തിന്റെ കുസൃതികളും പിടിവാശിയും എല്ലാമുൾകൊണ്ട് നമ്മെ ഇന്നു കാണുന്ന നാമാക്കി മാറ്റിയത് അറിവിന്റെ ആദ്യാക്ഷരങ്ങൾ ചൊല്ലി പഠിപ്പിച്ച അടിത്തറ പാകി തന്ന പുഞ്ചരിക്കുന്ന മുഖമുള്ള വാത്സല്യത്തിന്റെ സ്വരമുള്ള ഒരു പറ്റം നഴ്സറി ടീച്ചറുമാരാണ്. നമ്മൾ മറന്നാലും നമ്മളെ തിരച്ചറിയുന്ന നമുക്കൊപ്പം കഥയും പാട്ടും പറഞ്ഞ് തന്ന നന്മയുടെ വിത്തുകൾ നട്ടുവളർത്തി ,അവർ നാമറിയാതെ ,കാലിടറാതെ കയ്യിൽ പിടിച്ചു നടത്തുന്ന കാവൽ മാലാഖമാരായി മാറുന്നു.

 

ശാസനകൾക്കുപോലും സ്നേഹത്തിന്റെ മധുര മുണ്ടായിരുന്ന , ഒരുപാട് മക്കളുടെ അമ്മയായി ശിശുക്കളുടെ നിഷ്കളങ്ക ലോകത്ത്, തുച്ഛമായ പ്രതിഫലത്തിൽ അവർ അനുഷ്ഠിക്കുന്ന സേവനം പ്രശംസനീയവും ആദരിക്കപ്പെടേണ്ടിയതുമാണ്. വലിയ അംഗീകാരങ്ങൾ നേടി പ്രസംഗ പീഠത്തിലേറി കൃതജ്ഞത പറയുമ്പോൾ എല്ലാവരും ബോധപൂർവ്വമോ അല്ലാതെയോ വിസ്മരിക്കുന്നതും വലിയ ലോകത്തെ കൊച്ചു കൊച്ചു കാര്യങ്ങൾ പഠിപ്പിച്ച തന്ന നഴ്സറി ടീച്ചറുമാരെ ആയിരിക്കും.

 

ഒരോ മനുഷ്യരിലേയും സർഗ്ഗവാസനകൾ തിരിച്ചറിയുന്നന്നതും അവ പ്രോൽസാഹിക്കപ്പെടുന്നതും കുഞ്ഞു പ്രായം മുതൽക്കാണ്. താലന്തുകൾ കണ്ടെത്തുന്നതും ശരിയായി വഴിതിരിച്ചു വിടുന്നതും ഈ ടീച്ചർ മാർ തന്നെയാണ്. ജീവിതത്തിൽ പിന്നിട് ദിനചര്യകളായി മാറുന്ന ശീലങ്ങൾ പോലും നഴസറി കാലഘട്ടത്തിലെ ടീച്ചറുമാരുടെ നിഷകർഷകൾ കൊണ്ടാണ് രൂപപ്പെടുന്നത്. എങ്കിലും എന്തുകൊണ്ടോ വലിയ പേരുകൾക്കിടയിൽ നഴ്സറി ടീച്ചറെ മറന്നു പോവുന്നു.

 

തന്റെ മേശയിൽ നിന്ന് ജീരകമുട്ടായി എന്നും സമ്മാനമായി തന്നിരുന്ന സ്കൂളിലെ പ്രിയപ്പെട്ട സെലിമിസ്സ് നെഴ്സറി ജീവിതത്തിൽ എന്റെ മധുരമുള്ള ഒരു ഓർമ്മയാണ്. ഈ ശിശുദിനത്തിലും കൊച്ചു ചാച്ചാജിമാർ നമ്മുടെ മുന്നിലൂടെ കടന്നു പോകുമ്പോൾ കൂടെ കൈപിടിച്ച് നടത്തുന്ന ഒരു നഴ്സറി ടീച്ചറുടെ മനസ്സ് കൂടി കാണാൻ നമുക്ക് സാധിക്കട്ടെ.

ഭാവിയിലെ നക്ഷത്രങ്ങളെ വാർത്തെടുക്കുന്ന എല്ലാ കാവൽ മാലാഖമാരായ ടീച്ചർമാർക്കും സ്നേഹസമ്മാനമായി മാറട്ടെ ഈ ശിശുദിനം. സമൂഹത്തിലവർ വെറും കൊച്ചു ക്ലാസ്സിലെ ടീച്ചർമാരായിരുന്നാലും നമ്മളുടെ മനസ്സിൽ പുതിയൊരു ചിത്രം പണിയാം, പുഞ്ചരിക്കുന്ന മുഖമുള്ള നന്മയുള്ള മാലാഖ.

നന്ദിപൂർവം സ്നേഹ പൂക്കൾ സമ്മാനിക്കാം പ്രിയപ്പെട്ട നിങ്ങളുടെ നഴ്സറി ടീച്ചർക്ക്.

×