കൊലയ്ക്കു കൊടുത്തതോ കൊന്നതോ ?

Wednesday, November 1, 2017

മിസ്റ്റര്‍ മാത്യൂസ് ,

അനാഥാലയത്തില്‍ ആ കുട്ടി സുരക്ഷിതയായിരുന്നില്ലേ ? ദത്തെടുത്തത് ഇതിനായിരുന്നുവോ ? കുട്ടിക്കു ചില വൈകല്യങ്ങള്‍ ഉണ്ടായിരുന്നുവെന്ന് നിങ്ങള്‍ക്കറിയില്ലായിരുന്നോ ? കുഞ്ഞിനെ സ്വന്തം മാതാപിതാക്കളെപ്പോലെ സ്നേഹവും കരുതലും നല്‍കി വളര്‍ത്താമെന്ന് നിങ്ങള്‍ ദത്തെടുക്കുമ്പോള്‍ സാക്ഷ്യപത്രം നല്കിയിരുന്നതല്ലേ ? നിങ്ങള്‍ അവളെ കൊണ്ടുപോയിട്ട് കേവലം ഒരു കൊല്ലമല്ലേ കഴിഞ്ഞുള്ളൂ ? നിങ്ങളല്ലായിരുന്നോ അവള്‍ക്കെല്ലാം? നിങ്ങളുടെ സ്വന്തം മകളോട് ഇത് നിങ്ങള്‍ ചെയ്യുമായിരുന്നോ ?

അവള്‍ക്കു വേണ്ടി കരയാന്‍ മാതാപിതാ ക്കാളോ ബന്ധുക്കളോ ആരുമില്ലെങ്കിലും അമേരിക്കയില്‍ നിങ്ങളുടെ അയല്‍ക്കാരും നാട്ടുകാരും കൂടാതെ ലോകമെമ്പാടുമുള്ള നിരവധിയാളുകളും ഇന്നവളെയോര്‍ത്തു കണ്ണീരൊഴുക്കുന്നു ,അറിയുമോ ? ഇങ്ങകലെ അവള്‍ വളര്‍ന്ന ബീഹാറിലെ നളന്ദയിലുള്ള ‘മദര്‍ തെരേസ അനാഥ ബാല ആശ്രമ’ ത്തിലെ കുഞ്ഞുങ്ങള്‍ ആഹാരം കഴിക്കാതെയും ഉറങ്ങാതെയും പ്രാര്‍ത്ഥനയിലും കണ്ണീരിലും ദിനങ്ങള്‍ തള്ളിനീക്കുന്നത് നിങ്ങള്‍ ഒരാള്‍ മൂലമല്ലേ ? നോക്കാനും സംരക്ഷിക്കാനും കഴിയില്ലായിരുന്നെങ്കില്‍ അവളെ തിരികെ കൊണ്ടുവന്നു നല്കിക്കൂടായിരുന്നോ ? നിയമം നിങ്ങളെ വെറുതെ വിട്ടാലും കാലം നിങ്ങള്ക്ക് മാപ്പുനല്‍കട്ടെ ?

ഇക്കഴിഞ്ഞ ഒക്ടോബര്‍ 7 നു കാണാതായ ഷേറിന്‍റെതെന്നു (3) സംശയിക്കുന്ന ഒരു മൃതദേഹം കണ്ടെടുത്തതായി അമേരിക്കയിലെ റിച്ചാര്‍ഡ്സണ്‍ പോലീസ് അറിയിച്ചു. മൃതദേഹം ഷെറിന്റേതു തന്നെയോ എന്നറിയാനുള്ള പരിശോധനകള്‍ നടന്നുവരുകയാണ്.ഒപ്പം മരണകാരണവും. മത്യൂസിന്റെ വീട്ടില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെ റോഡിനടിയിലുള്ള ഒരു ടണലില്‍ നിന്നാണ് ബോഡി കണ്ടെടുത്തത്.

കുട്ടിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് അന്നുമുതല്‍ സംശയമുന മാത്യൂസ് ദമ്പതികള്‍ക്ക് നേരെയാണ് നീളുന്നത്. അയല്‍ക്കാരും പോലീസും ഈ നിഗമനത്തിലാണ്. പാലുകുടിക്കാന്‍ വിസമ്മതിച്ച കുട്ടിയെ ശിക്ഷയായി വീടിനു വശത്തുള്ള ഒരു മരച്ചുവട്ടില്‍ നിര്‍ത്തി എന്നാണ് അവര്‍ പറയുന്നത്. 15 മിനിറ്റ് കഴിഞ്ഞു നോക്കുമ്പോഴും കുട്ടി അവിടെ ഉണ്ടായിരുന്നത്രേ. പിന്നീടാണ് കുട്ടിയെ കാണാതായത്. കുട്ടിയെ കണ്ടെത്താന്‍ അമേരിക്കന്‍ പോലീസ് ബൃഹത്തായ സേര്‍ച്ച്‌ ഓപ്പറേഷനാണ് നടത്തിയത്.ഹെലികോപ്ടര്‍ ഉള്‍പ്പെടെയുള്ള ആധുനിക സംവിധാനങ്ങള്‍ എല്ലാം ഉപയോഗിച്ചു.

എന്നാല്‍ കുട്ടിയെ കാണാതായി 5 മണിക്കൂര്‍ കഴിഞ്ഞു പോലീസിനെ അറി യിച്ചതും മത്യൂസിന്റെ പെരുമാറ്റവും പോലീസ് അയാളെത്തന്നെ സംശയി ക്കാന്‍ ഇടയാക്കി. അവരുടെ സ്വന്തം മകളെ പോലീസ് കസ്റ്റഡിയിലെടുത്തു Child Protective Service നു കൈമാറി. മാത്യൂസിനെ അറസ്റ്റ് ചെയ്തു. പിന്നീട് രണ്ടര ലക്ഷം ഡോളര്‍ എന്ന ഭാരിച്ച തുകയുടെ ബോണ്ടിനാണ് അയാളെ ജാമ്യത്തില്‍ വിട്ടത്. 7 വര്ഷം മുതല്‍ 100 വര്ഷം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് അന്ന് മത്യൂസിനെതിരെ ചാര്‍ത്തിയിരുന്നത്. എന്നാല്‍ കുട്ടിയുടെ മരണത്തില്‍ പങ്കുണ്ടെന്ന് തെളിഞ്ഞാലും ,കുട്ടിയുടെ സംരക്ഷണത്തിലെ വീഴ്ച മൂലമാണ് മരണം സംഭവിച്ചതെന്നും തെളിഞ്ഞാലും വകുപ്പുകള്‍ അതികഠിനമാകും.

2016 ജൂണ്‍ 23 നാണ് ഏറണാകുളം സ്വദേശിയും അമേരിക്കന്‍ മലയാളിയു മായ മാത്യൂസും ഭാര്യ സിനിയും ചേര്‍ന്ന് നളന്ദയിലുള്ള മദര്‍ തെരേസ അനാഥ ബാല ആശ്രമത്തിലെ രണ്ടു വയസ്സുകാരി ‘സരസ്വതി’ എന്ന കുട്ടിയെ ദത്തെടുക്കുന്നത്. കുട്ടിയെ പരിപൂര്‍ണ്ണമായി സംരക്ഷിക്കാം എന്ന ഉറപ്പ് നല്‍കി അതിനെ അവര്‍ അമേരിക്കയിലെ ഡള്ളാസിലുള്ള (ഹൂസ്റ്റണ്‍) വീട്ടിലേക്കു കൊണ്ടുപോയി.

കുട്ടിയുടെ പേര് അവര്‍ ‘സരസ്വതി’ എന്നത് മാറ്റി ‘ഷെറിന്‍ മാത്യൂസ്’ എന്നിട്ടു. കുട്ടിക്ക് അല്‍പ്പം ബുദ്ധിക്കുറവും അതുമൂലം സംസാരിക്കാന്‍ ചില അപകതകളുമുണ്ടായിരുന്നു. ആഹാരം കഴിക്കാന്‍ പലപ്പോഴും വിമുഖത കാട്ടിയിരുന്നു.കുട്ടി ഒരു ശല്യമായി മാത്യൂസിന് തോന്നിയിരുന്നതായി റിച്ചാര്‍ഡ്സണ്‍ പോലീസ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് Kevin Perlich പറഞ്ഞു. മാത്യൂസ് ദമ്പതികളുടെ 4 വയസ്സുള്ള സ്വന്തം മകളെ പോലീസ് കസ്റ്റഡിയിലെടുത്ത് Child Protective Service നു കൈമാറി. കുട്ടിയെ വിട്ടുകിട്ടാനുള്ള ഇവരുടെ ഹര്‍ജി നവംബര്‍ 13 നു പരിഗണിക്കുമ്പോള്‍ മാത്യൂസ് ദമ്പതികള്‍ക്ക് സര്‍ക്കാര്‍ അറ്റോര്‍ണി ലഭ്യമാകില്ല. സ്വന്തമായി അവര്‍ അറ്റോര്‍ണി യെ കണ്ടെത്തേണ്ടിവരും.

ഇവിടെ നമ്മള്‍ ഒരു കാര്യം മനസ്സിലാക്കേണ്ടതുണ്ട്. യൂറോപ്പ് ,അമേരിക്ക തുടങ്ങിയ രാജ്യത്തെ ഒട്ടുമിക്കവരും ചാരിറ്റിക്കൊപ്പം , അനാഥരായ കുട്ടികളെ ദരിദ്ര രാജ്യങ്ങളില്‍ നിന്ന് ദത്തെടുക്കുന്നതും പതിവാണ്. അവരെ സ്വന്തം കുഞ്ഞുങ്ങളെപ്പോലെ സ്നേഹവും വിദ്യാഭ്യാസവും നല്‍കിയാണ്‌ അവര്‍ വളര്‍ത്തുന്നത്. വളരെ മനുഷ്യത്വപരമായാണ് അവര്‍ കുഞ്ഞുങ്ങളോട് ഇടപെടുന്നതും. അക്കാര്യത്തില്‍ അവര്‍ വലിയ മനസ്സലിവുള്ളവരുമാണ്.

അവരെ കണ്ടിട്ടോ അതോ അവരുടെ മുന്നില്‍ മേനി നടിക്കാനോ ചില ഇന്ത്യക്കാരും ഇതുപോലെ കുട്ടികളെ ദത്തെടുക്കാറുണ്ട്. അവരിലും നന്മയുള്ളവര്‍ ഉണ്ടാകാം. ഇങ്ങനെ ദത്തെടുക്കുന്ന കുട്ടികളുടെ പിന്നീടുള്ള ഗതി എന്താകുമെന്ന് ആരും തിരക്കാറില്ല. അത് പഠന വിഷയമാക്കേണ്ട കാര്യവുമാണ്. വിദേശത്തുപോയി അല്‍പ്പം പണമൊക്കെ കൈവശം വരുമ്പോള്‍ മാത്രമാണ് ഈ തോന്നല്‍ ഉണ്ടാകുക.

ഒരു കുഞ്ഞുണ്ടായിരുന്നിട്ടും ഒരു അനാഥ കുട്ടിയെക്കൂടി കേരളത്തില്‍ നിന്നെടുക്കാതെ അങ്ങ് ബീഹാറില്‍പോയി ഇവര്‍ ദത്തെടുത്തത്തിന്‍റെ കാരണവും അജ്ഞാതമാണ്. എന്തായാലും ആരോരുമില്ലാത്ത ഒരനാഥയായ കുരുന്നിന്റെ ജീവിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ട ക്രൂരതയെ എന്ത് വിളിക്കണം ?

×