ക്രിക്കറ്റ് വില്ലനായി വരുന്നു

സുനില്‍ കെ ചെറിയാന്‍
Tuesday, December 12, 2017

നോവലെഴുത്തുകാരിൽ നിന്നും ഇന്ത്യാക്കാർക്ക് എന്താണ് വേണ്ടതെന്ന് അരവിന്ദ് അഡിഗയുടെ ‘തെരഞ്ഞെടുപ്പ് ദിവസ’ത്തിലെ കഥാപാത്രം ചോദിക്കുന്നു. സാഹിത്യമല്ല, മുഖസ്തുതി! നോവലുകളിൽ നമുക്ക് ഭാവതരളിതരായ, മൃദുമനസ്‌കരായ, അഗാധരായ, ധീരോദാത്തരായ, മുറിവേൽക്കപ്പെട്ട, സഹിഷ്ണുക്കളായ നമ്മെ കാണാനാണ് താൽപര്യം. ജൂംപ ലഹിരിയുടെ നോവലുകളിലേതു പോലെ! വാസ്‌തവത്തിൽ നമ്മൾ എന്താണ്? അയൽക്കാരുടെ കുട്ടികളെ അഞ്ച് മിനിറ്റിനുള്ളിൽ, നമ്മുടെ കുഞ്ഞുങ്ങളെ പത്ത് മിനിറ്റിനുള്ളിൽ തിന്നേക്കാവുന്ന ജംഗിൾ ജീവികൾ!

(റിക്ഷാ ഡ്രൈവറുടെ മകൻ സമ്പന്ന സംരംഭകനാകുന്ന കഥ പറഞ്ഞ ‘വെള്ളപ്പുലി’ക്ക് 2008 -ൽ ബുക്കർ കിട്ടിയ ആളാണ് അഡിഗ.) ‘മുംബയ് -ലെ ചേരികളിലൊന്നിൽ തകര മേൽക്കൂരയ്ക്ക് മേളിലൂടെ പ്രാണികീടങ്ങളുടെ പട കുതിച്ചോട്ടം നടത്തുന്ന വീട്ടിൽ’ ക്രിക്കറ്റ് ഭക്ഷിച്ച് വളരുന്ന രണ്ട് സഹോദരരാണ് നോവലിലെ നായകർ. സൈക്കിളിൽ ചട്ട്ണി കൊണ്ടു നടന്നു വിൽക്കുന്ന അവരുടെ അച്ഛന്റെ മതം കിറുക്കറ്റ് തന്നെ.

കറുത്ത വസ്ത്രത്താൽ മൂടപ്പെട്ട പെണ്ണുങ്ങൾ വെള്ളവസ്ത്രധാരികളായ ക്രിക്കറ്റ് കളിക്കാരെ ഫോളോ ചെയ്യുന്നതിൽ തലയിൽ ചിന്താഭാരം ടെസ്റ്റ് കളിക്കുന്ന ഒരു ക്രിക്കറ്റ് കോളമിസ്റ്റിന്റെ വായിൽ അഡിഗ ഒരു വാക്-സിക്‌സർ പായിക്കുന്നു: സന്താനോൽപാദനശേഷിയും വർഗീയവാദവും കൂടി, ഈശ്വരാ, ഇന്ത്യയെ എവിടെ കൊണ്ടു ചെന്നെത്തിക്കും?

ആൺമേൽക്കോയ്മ ഒന്നുകൂടി ഉറപ്പിക്കാനാവും എന്നതാണ് സില്ലിയായിട്ടും ക്രിക്കറ്റ് കളി വൻസംഭവമായി ഇന്ത്യ കൊണ്ട് നടക്കുന്നത്. യേത്? മറ്റേ പരിപാടി ഏഴ് മിനിറ്റിൽ കൂടുതൽ നിങ്ങൾക്ക് പറ്റുമോ? ക്രിക്കറ്റ് ദിവസങ്ങളോളം നീളുന്ന മൂർച്ഛയാണ്. കളി മൊത്തത്തിൽ ഒരു സെൻ ശാന്തതയില്ലേ! (കളി തുടങ്ങി ഒരു മണിക്കൂർ കഴിഞ്ഞ് കാണികളിലൊരുത്തൻ ചോദിച്ചു: എപ്പഴാ തൊടങ്ങാ?)

സമനിലയിൽ പിരിയുന്ന സംഗതിയൊക്കെയുണ്ടല്ലോ, വല്ലാത്ത തട്ടിപ്പ് തന്നെ. ഏറ്റവും പുതിയ പരിഷ്‌കാരങ്ങൾ അനുകരിക്കുന്ന ഹിപ്സ്റ്റേഴ്‌സിന്റെ നാടായ ഇന്ത്യ മുതലാളിത്തത്തിലൂടെ കടന്നു പോകാതെ പോസ്റ്റ്-കാപിറ്റലിസ ജീർണതയിൽ രമിക്കുന്നു എന്ന് അഡിഗ. ഇത് ഗംഭീര നോവലാണെന്ന് റിവ്യൂകാരന്മാർക്ക് അഭിപ്രായമില്ല. ക്രിക്കറ്റ് മതവും കളിക്കാർ ദൈവങ്ങളുമായ ഒരു നാട്ടിലെ ഒരു ഇതര വെളിപാട് എന്ന നിലയിൽ 2017-ൽ സ്‌കോർ ചെയ്യുന്ന നോവൽ.

×