ജാപ്പനീസ് പഠനത്തിനു ഇന്ത്യയില്‍ പ്രിയമേറുന്നു

Friday, July 7, 2017

ആഗോളവത്ക്കരണത്തിന്റെ കാലത്ത് ഒരു വിദേശഭാഷ പഠിക്കുകയെന്നതു ജോലി സാധ്യത പലമടങ്ങു വർധിപ്പിക്കും. ഭാഷാ വിദഗ്ധരും പരിഭാഷകരും അധ്യാപകരും കണ്‍സല്‍റ്റന്റുമാരുമൊക്കെയായി വിദേശ ഭാഷ അറിയാവുന്നവര്‍ക്കു സാധ്യതകള്‍ ഏറെയാണ്. ഐടി ഉള്‍പ്പെടെയുള്ള രംഗത്തു വിദേശ കമ്പനികള്‍ കടന്നു വരുന്നതിനാല്‍ വിദേശഭാഷയറിയാവുന്നവര്‍ക്കും മുന്‍തൂക്കം ലഭിക്കും. ചൈനീസ്, ജാപ്പനീസ്, ഫ്രഞ്ച്, സ്പാനിഷ്, ജര്‍മന്‍, കൊറിയന്‍, അറബി എന്നിങ്ങനെയുള്ള ഭാഷകളാണു പൊതുവേ ഇന്ത്യക്കാര്‍ പഠനത്തിന് തിരഞ്ഞെടുക്കാറുള്ളത്.

ഇതില്‍ തന്നെ ജാപ്പനീസ് പഠനത്തിനു ഇന്ത്യയില്‍ പ്രിയമേറുന്നു എന്നാണു കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നത്. 24000 ഓളം വിദ്യാര്‍ഥികള്‍ ഒരു വര്‍ഷം ഇന്ത്യയില്‍ ജാപ്പനീസ് പഠിക്കുന്നുണ്ടെന്നാണു കണക്കാക്കുന്നത്. ജപ്പാന്‍ കേന്ദ്രമാക്കി സാങ്കേതിക രംഗത്തെ നിരവധി കമ്പനികള്‍ പ്രവര്‍ത്തിക്കുന്നു എന്നതാണു ജാപ്പനീസ് ഭാഷയ്ക്ക് ഇന്ത്യയില്‍ ഡിമാന്‍ഡ് കൂട്ടുന്നത്. ജപ്പാനില്‍ വിവിധ കോഴ്‌സുകള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവരും അവിടുത്തെ ഭാഷ പഠിക്കാനായി മുന്നോട്ടു വരുന്നുണ്ട്. ഇന്ത്യയും ജപ്പാനും തമ്മിലുള്ള അടുത്ത സൗഹൃദവും വ്യാപാര വാണിജ്യ ബന്ധങ്ങളും രാജ്യത്തെ ജപ്പാന്‍ ഭാഷയുടെ പ്രസക്തി ഏറ്റുന്നു.

എല്ലാ വര്‍ഷവും ജപ്പാൻ ഗവണ്‍മെന്റിന്റെ ജപ്പാന്‍ ഫൗണ്ടേഷന്‍ സ്വദേശികളല്ലാത്തവരുടെ ജാപ്പനീസ് ഭാഷാ പരിജ്ഞാനം അളക്കുന്നതിനു ജാപ്പനീസ് ലാഗ്വേജ് പ്രൊഫിഷ്യന്‍സി ടെസ്റ്റ്(ജെഎല്‍പിടി) നടത്തുന്നുണ്ട്. ഡല്‍ഹി, മുംബൈ, പൂണെ, ചെന്നൈ, ബാംഗ്ലൂര്‍, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ സോണുകളായി തിരിച്ചാണു പരീക്ഷ നടത്താറുള്ളത്.

ജപ്പാനിലെ തൊഴില്‍ മാര്‍ക്കറ്റില്‍ ഓരോ വര്‍ഷവും രണ്ടര ലക്ഷം വിദഗ്ധ തൊഴിലാളികളെയെങ്കിലും ആവശ്യമാണ്. ജപ്പാനില്‍ യുവാക്കളുടെ എണ്ണം വളരെ കുറവായതിനാല്‍ ഇന്ത്യ പോലുള്ള രാജ്യങ്ങളെയാണു മാനവവിഭവശേഷിക്കു വേണ്ടി ആ രാജ്യം ആശ്രയിക്കുന്നത്. ഇവിടെയാണ് ജാപ്പനീസ് ഭാഷയില്‍ പ്രാവീണ്യമുള്ളവര്‍ക്കുള്ള അവസരങ്ങള്‍.

ജെഎന്‍യുവിലെ സ്‌കൂള്‍ ഓഫ് ലാംഗ്വേജ്, ലിറ്ററേച്ചര്‍ ആന്‍ഡ് കള്‍ച്ചറല്‍ സ്റ്റഡീസ്, ഡല്‍ഹിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ സ്റ്റഡീസ്, ഡല്‍ഹി ഭാരതീയ വിദ്യാഭവനിലെ ജവഹര്‍ലാല്‍ നെഹ്‌റു അക്കാദമി ഓഫ് ലാഗ്വേജസ്, ഡല്‍ഹി സര്‍വകലാശാലയിലെ കിഴക്കനേഷ്യന്‍ പഠന വകുപ്പ്, പൂണെയിലെ സാവിത്രി ഭായ് ഫുലേ പൂണെ സര്‍വകലാശാല, ഇന്തോ ജാപ്പനീസ് അസോസിയേഷന്‍ എന്നിങ്ങനെ നിരവധി ജാപ്പനീസ് ഭാഷാപഠന കേന്ദ്രങ്ങള്‍ ഇന്ത്യയിലുണ്ട്. ഇതിനു പുറമേ ജപ്പാന്‍ ഗവണ്‍മെന്റിന്റെ ജപ്പാന്‍ ഫൗണ്ടേഷന്‍ നടത്തുന്ന കോഴ്‌സുകളുമുണ്ട്.

 

×