ജി എസ് ടി: ജഗ്വാർ ലാൻഡ് റോവർ വിലകുറയ്ക്കുന്നു

ന്യൂസ് ബ്യൂറോ, കൊച്ചി
Friday, July 7, 2017

ചരക്ക്, സേവന നികുതി (ജി എസ് ടി) പ്രാബല്യത്തിലെത്തിയതോടെ ഇന്ത്യയിലെ വാഹന വില കുറയ്ക്കാൻ ടാറ്റ മോട്ടോഴ്സിന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ആഡംബര ബ്രാൻഡുകളായ ജഗ്വാർ ലാൻഡ് റോവർ(ജെ എൽ ആർ) തീരുമാനിച്ചു. ജി എസ് ടി നിലവിൽ വന്ന ജൂലൈ ഒന്നു മുതൽ തന്നെയാണു ജെ എൽ ആർ കാറുകളുടെ പുതുക്കിയ വിലയും പ്രാബല്യത്തിലെത്തുന്നത്.

ജി എസ് ടിയെ സ്വാഗതം ചെയ്യുന്നതിനൊപ്പം പുതുക്കിയ നികുതിഘടനയിലൂടെ ലഭിച്ച ആനുകൂല്യം ഉപയോക്താക്കൾക്കു കൈമാറുന്നതിൽ ആഹ്ലാദമുണ്ടെന്ന് ജെ എൽ ആർ ഇന്ത്യ പ്രസിഡന്റും മാനേജിങ് ഡയറക്ടറുമായ രോഹിത് സൂരി അഭിപ്രായപ്പെട്ടു. ജഗ്വാർ ശ്രേണിയിൽ മൂന്നും(എക്സ് ഇ, എക്സ് എഫ്, എക്സ് ജെ) ലാൻഡ് റോവർ ശ്രേണിയിൽ രണ്ടും(ഡിസ്കവറി സ്പാർട്, റേഞ്ച് റോവർ ഇവോക്) മോഡലുകളാണു ജെ എൽ ആർ ഇന്ത്യയിൽ വിൽക്കുന്നത്.

ജി എസ് ടി നിലവിൽ വന്നതോടെ ‘എക്സ് ഇ’യുടെ വില 34.64 ലക്ഷം രൂപ മുതലാണ് ആരംഭിക്കുക; ‘എക്സ് എഫ്’ 44.89 ലക്ഷം രൂപ മുതലും ‘എഫ് പേസ്’ 67.37 ലക്ഷം രൂപ മുതലും ‘എക്സ് ജെ’ 97.39 ലക്ഷം രൂപ മുതലും ലഭ്യമാവും. ‘ഡിസ്കവറി സ്പോർട്ടി’ന്റെ പുതുക്കിയ വില 40.04 ലക്ഷം രൂപയാണ്. ‘റേഞ്ച് റോവർ ഇവോക്’ 42.37 ലക്ഷം രൂപ മുതലും ‘റേഞ്ച് റോവർ സ്പോർട്’ 89.44 ലക്ഷം രൂപ മുതലും ‘റേഞ്ച് റോവർ’ 1.59 കോടി രൂപ മുതലുമാണ് ഇന്ത്യയിൽ വിൽപ്പനയ്്ക്കെത്തുന്നത്.

നിലവിൽ രാജ്യത്തെ 25 നഗരങ്ങളിലാണു ജെ എൽ ആർ ഷോറൂമുകൾ പ്രവർത്തിക്കുന്നത്; അഹമ്മദബാദ്, ഔറംഗബാദ്, ബെംഗളൂരു, ഭൂവനേശ്വർ, ചണ്ഡീഗഢ്, ചെന്നൈ, കോയമ്പത്തൂർ, ഡൽഹി, ഗുരുഗ്രാം, ഹൈദരബാദ്, ഇൻഡോർ, ജയ്പൂർ, കൊൽക്കത്ത, കൊച്ചി, ലക്നൗ, ലുധിയാന, മംഗലാപുരം, മുംബൈ, നാഗ്പൂർ, പുണെ, റായ്പൂർ, നോയ്ഡ എന്നിവടങ്ങളിലൊക്കെ ജെ എൽ ആർ ഡീലർഷിപ്പുകൾ തുറന്നിട്ടുണ്ട്.

 

×