ജി എസ് ടി: റോയൽ എൻഫീല്‍ഡ് മോഡലുകൾക്ക് വിലക്കുറവ്

ന്യൂസ് ബ്യൂറോ, കൊച്ചി
Friday, July 7, 2017

ചരക്ക്, സേവന നികുതി(ജി എസ് ടി) പ്രാബല്യത്തിലെത്തുന്നതോടെ ലഭ്യമാവുമെന്നു കരുതുന്ന വിലക്കിഴിവ് ഇരുചക്രവാഹന നിർമാതാക്കളായ ടി വി എസ് മോട്ടോർ കമ്പനിയും റോയൽ എൻഫീൽഡും ഉപയോക്താക്കൾക്കു കൈമാറി. ഐഷർ ഗ്രൂപ്പിൽപെട്ട ഇരുചക്രവാഹന നിർമാതാക്കളായ റോയൽ എൻഫീൽഡിന്റെ മോഡലുകൾക്ക് 2,300 രൂപയുടെ വരെ വിലക്കിഴിവാണു ലഭ്യമായത്. അതേസമയം വിലകൾ കുറച്ചെന്നല്ലാതെ കൃത്യമായ തുക ടി വി എസ് മോട്ടോർ കമ്പനി പ്രഖ്യാപിച്ചിട്ടില്ല.

ചെന്നൈയിൽ വിവിധ മോഡലുകളുടെ വിലയിൽ 1,600 — 2,300 രൂപയുടെ ഇളവാണു കമ്പനി അനുവദിച്ചതെന്ന് ടി വി എസ് വെളിപ്പെടുത്തി. അതേസമയം വിവിധ സംസ്ഥാനങ്ങളിൽ ലഭ്യമാവുന്ന വിലക്കിഴിവ് വ്യത്യസ്ത നിരക്കിലാവുമെന്നും കമ്പനി വ്യക്തമാക്കി. ജി എസ് ടി നിലവിൽ വരുന്നതോടെ ഇന്ത്യയിൽ ബിസിനസ് നടത്തിപ്പ് അനായാസമാവുമെന്ന് ടി വി എസ് മോട്ടോർ കമ്പനി പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ കെ എൻ രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു. പുതിയ നികുതിഘടന നടപ്പാവുമ്പോൾ ലഭ്യമാവുന്ന ഇളവുകൾ ഉപയോക്താക്കൾക്കു കൈമാറുമെന്നും അദ്ദേഹം അറിയിച്ചു.

ജി എസ് ടി ശനിയാഴ്ച നിലവിൽ വരുന്നതോടെ മിക്കവാറും സംസ്ഥാനങ്ങളിൽ ഇരുചക്രവാഹനങ്ങൾക്കുള്ള നികുതി നിരക്ക് കുറയും. വിവിധ സംസ്ഥാനങ്ങളിൽ ലഭ്യമാവുന്ന ഇളവുകളും വ്യത്യസ്ത നിരക്കിലാവുമെന്നാണു സൂചന. ജി എസ് ടി പ്രകാരം ഇരുചക്രവാഹനങ്ങൾക്ക് 28% നികുതിയാണു ബാധകമാവുക; നിലവിൽ പല സംസ്ഥാനങ്ങളിലും നികുതി നിരക്ക് 30 ശതമാനത്തിനു മുകളിലാണ്. അതേസമയം 350 സി സിയിലേറെ എൻജിൻ ശേഷിയുള്ള ബൈക്കുകൾക്ക് ജി എസ് ടി പ്രകാരം മൂന്നു ശതമാനം അധിക സെസ് ബാധകമാവുമെന്നതിനാൽ വാഹനവില ഉയരുമെന്ന പ്രശ്നമുണ്ട്.

 

 

×