താരങ്ങള്‍ ഒന്നൊന്നായി മഞ്ജു വാര്യറെ കയ്യൊഴിയുന്നു. ആമിയില്‍ നിന്നുള്ള പൃഥ്വിരാജിന്‍റെ പിന്മാറ്റം കൃത്യമായ ധാരണയുടെ അടിസ്ഥാനത്തില്‍തന്നെ

ഫിലിം ഡസ്ക്
Wednesday, November 1, 2017

മലയാള സിനിമയിലെ പുതിയ സാഹചര്യത്തില്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യറും യുവനടന്‍ പൃഥ്വിരാജും സിനിമയിലും ഒന്നിക്കുന്നു എന്നത് ഏറെ നാളായി ചര്‍ച്ചയായിരുന്നു. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായ ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത് .

കമലാ സുരയ്യയുടെ ജീവിതം ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ആമിയില്‍ നിന്ന് പൃഥ്വിരാജ് പിന്മാറിയെന്നാണ് പുതിയ വാര്‍ത്ത. പകരം ആമിയില്‍ പൃഥ്വിക്ക് പകരക്കാരനായി എത്തുന്നത് ടൊവിനോ തോമസ് ആണ്.

അതേസമയം പൃഥ്വി പിന്മാറിയതിന്റെ കാരണം സംബന്ധിച്ച് അഭ്യൂഹങ്ങള്‍ പലതാണ്. ഷൂട്ടിങ് തിരക്കുകൾ മൂലമാണ് പ്രോജക്ട് ഉപേക്ഷിച്ചതെന്നാണ് ഒരു റിപ്പോർട്ട് . അതേസമയം മഞ്ജു വാര്യര്‍ മലയാള സിനിമയില്‍ പല വിധത്തില്‍ ഒറ്റപ്പെടുന്നു എന്നതിനാല്‍ പൃഥ്വിയുടെ ബുദ്ധിപൂര്‍വ്വമുള്ള ഒഴിവാകലായി ഇതിനെ കാണുന്നവരും ഏറെയാണ്‌ .

മുന്‍‌കൂര്‍ ഷെഡ്യൂള്‍ ചെയ്യപെട്ട സിനിമയില്‍ നിന്നും , അതും കമലിനെ പോലുള്ള പ്രൊഫഷണലയായി എല്ലാം ഒരുക്കുന്ന ഒരു സംവിധായകന്‍റെ സിനിമയില്‍ നിന്നും അവസാന നിമിഷം ഒരു പ്രധാന താരം പിന്മാറുന്നു എന്നത് കേവലം തിരക്കുകളുടെ പെരിലെന്നു മാത്രം പറയുന്നത് സിനിമയെ അറിയുന്നവര്‍ക്ക് അത്ര ദഹിക്കുന്ന വിശദീകരണമല്ല .

മാത്രമല്ല അടുത്തിടെ മഞ്ജുവിന്റെ പല തീരുമാനങ്ങളും തെറ്റായിപോകുന്നു എന്ന വിമര്‍ശനം അടുപ്പക്കാര്‍ക്കുണ്ട് . അനാവശ്യ ഇടപെടലുകള്‍ താരം നടത്തുന്നത് മുന്‍പ് പ്രോത്സാഹിപ്പിച്ചവര്‍ക്കുപോലും അത്ര രുചിക്കുന്നില്ല . ഇതിനിടയിലാണ് ദിലീപ് വിഷയത്തിന്‍റെ പേരിലുള്ള പ്രശ്നങ്ങളും . ദിലീപിന് വിവാദങ്ങളുടെ തുടക്കത്തില്‍ സിനിമയില്‍ ഉണ്ടായിരുന്ന ശത്രുത ഇപ്പോള്‍ ഇല്ലെന്നതും ശ്രദ്ധേയമാണ് .

സൂപ്പര്‍ സംവിധായകന്‍ കമല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മഞ്ജു വാര്യർ ആണ് മാധവികുട്ടി എന്ന ആമിയുടെ വേഷത്തിൽ എത്തുന്നത്. ആമിയാകാൻ കമലസുരയ്യ എഴുതിയ പുസ്തകങ്ങളും സുരയ്യയെക്കുറിച്ചുള്ള പുസ്തകങ്ങളും മഞ്ജുവായിച്ചു. ബന്ധുകളോടും മിത്രങ്ങളോടും നിരന്തരം സംസാരിച്ചു. വേറിട്ട ഗെറ്റപ്പിലാണ് മഞ്ജു എത്തുക. മുരളി ഗോപി അവരുടെ ഭര്‍ത്താവിന്‍റെ വേഷത്തിലെത്തുന്നു. അനൂപ് മേനോൻ ആണ് മറ്റൊരു താരം.

അതേസമയം ടൊവിനോയുടെ വേഷമെന്തെന്ന് വ്യക്തമല്ല. എന്നാൽ ഇത് അൽപം നീണ്ട അതിഥി വേഷം ആയിരിക്കുമെന്ന് ടൊവിനോ വ്യക്തമാക്കിയിട്ടുണ്ട് . കഥയില്‍ നിർണായകമായ ഒന്നാണ് എന്നും ടൊവിനോ കൂട്ടിച്ചേര്‍ത്തു. മുതിര്‍ന്ന സംവിധായകനായ കമലുമായി സഹകരിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ഷൂട്ടിങ്ങിനായി കാത്തിരിക്കുകയാണ് എന്നും ടൊവിനോ പറഞ്ഞു.

×