പച്ചക്കറി കൃഷിചെയ്യുമ്പോള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ..

Wednesday, July 5, 2017

പച്ചക്കറി കൃഷിയില്‍ തടം തയ്യാറാക്കുന്നതിലും അടിവളം ചേര്‍ക്കുന്നതിലും ഒരല്പം കൂടി ശ്രദ്ധിക്കുകയാണെങ്കില്‍ ചെടികളുടെ ആരോഗ്യവും മെച്ചപ്പെട്ട ഉത്പാദനക്ഷമതയും ഉറപ്പിക്കാം . തടമെടുക്കുമ്പോള്‍ കുറഞ്ഞത് അര മീറ്ററെങ്കിലും ചുറ്റളവ് ഉണ്ടായിരിക്കണം .തടത്തില്‍ ഉടനെ ഒരു പിടി കുമ്മായം ചേര്‍ത്തിളക്കുക . കുമ്മായത്തിനു പകരം ഡോളമൈറ്റും ഉപയോഗിക്കാം . തടം നന്നായി കുതിര്‍ക്കുക .

പത്ത് ദിവസത്തിനു ശേഷം മേല്മണ്ണ്!, മൂന്ന് കിലോയെങ്കിലും ചാണകവളം , ഒരു കിലോ മണ്ണിര വളം ,കുറച്ചു നെല്ലിന്റെ ഉമി എന്നിവയും ഇരുപത് ഗ്രാം യൂറിയയും ഇരുപത്തിയഞ്ച് ഗ്രാം സൂപ്പര്‍ ഫോസ്‌ഫേറ്റും പതിനഞ്ച് ഗ്രാം പൊട്ടാഷും തടത്തില്‍ നന്നായി യോജിപ്പിച്ച് വെക്കുക . കൂടെ ഉലുവ പൊടിച്ചത് വിതറുന്നതും നല്ലതാണ്. വിത്ത് നടുന്നതിന്റെ തലേദിവസം തടമൊന്നിന് നൂറ് ഗ്രാം വേപ്പിന്പിണ്ണാക്കും എണ്‍പത് ഗ്രാം കടലപിണ്ണാക്കും നൂറ് ഗ്രാം എല്ലുപൊടിയും തടത്തില്‍ തൂവി കൊടുക്കുക .ഇതിലേക്ക് വിത്ത് നടുക . നടുന്ന വിത്തിന്റെ കനത്തിന്റെ മൂന്നിരട്ടിയില്‍ കൂടുതല്‍ ആഴത്തില്‍ പോകാതിരിക്കുവാന്‍ ശ്രദ്ധിക്കുക ..

പച്ചക്കറി വിത്ത്  ആറുമണിക്കൂര്‍ നേരം പഴങ്കഞ്ഞിവെള്ളത്തില്‍ മുക്കിവെക്കുക. വിത്ത്ജന്യ രോഗങ്ങളില്‍ നിന്നും മുക്തി നേടുന്നതിനായി അരമണിക്കൂര്‍ സ്യൂഡോമോണാസ് ലായനിയില്‍ കൂടി മുക്കിവെച്ച് വിത്ത് നടാം .ആദ്യം മുളക്കുന്ന വിത്തിന് മുളക്കരുത്തും  രോഗ പ്രതിരോധശേഷിയും ഉത്പാദനക്ഷമതയും കൂടും . നന്നായി അടിവളം കൊടുക്കുക  എന്നതാണ് പച്ചക്കറി കൃഷിയിലെ ഏറ്റവും പ്രധാനപ്പെട്ട വിജയമന്ത്രം. കൂടുതല്‍ പേരും പ്രത്യേകിച്ച് തുടക്കക്കാര്‍ നല്‍കുന്നതും അടിവളമാണ്.

×