പാവങ്ങളെ സഹായിക്കുന്നത് സ്വര്‍ഗ്ഗത്തിലേക്കുള്ള പാസ്‌പോർട്ട്: ഫ്രാന്‍സിസ് പാപ്പ

സാബു ജോസ്
Tuesday, November 21, 2017

വത്തിക്കാൻ സിറ്റി: പാവങ്ങളെ സഹായിക്കുന്നതു സ്വര്‍ഗ്ഗത്തിലേക്കുള്ള പോകാനുള്ള പാസ്പ്പോർട്ടാണെന്നു ഫ്രാന്‍സിസ് പാപ്പ. പാവങ്ങള്‍ക്കായി പ്രഖ്യാപിച്ച പ്രഥമ ആഗോള ദിനത്തില്‍ വത്തിക്കാനില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കുകയായിരിന്നു അദ്ദേഹം

ദരിദ്രരരെ സഹായിക്കുകയെന്നത് ഓരോ ക്രൈസ്തവ വിശ്വാസിയുടേയും സുവിശേഷവത്ക്കരണ ദൗത്യത്തിന്റെ ഭാഗമാണെന്നും ദരിദ്രരോട് കാണിക്കുന്ന നിസംഗത വലിയ പാപമാണെന്നും പാപ്പ ഓർമ്മിപ്പിച്ചു. ജീവിതകാലം മുഴുവന്‍ തെറ്റു ചെയ്യാതിരുന്നതുകൊണ്ടു മാത്രമായില്ല, ദരിദ്രരെ സഹായിക്കുകകൂടി വേണം. നിങ്ങള്‍ക്ക് എന്തുണ്ടെന്നതുവച്ചല്ല സ്വര്‍ഗത്തില്‍ പ്രവേശനം ലഭിക്കുക, ദരിദ്രര്‍ക്ക് നിങ്ങള്‍ എന്തു നല്കി എന്നതു പരിഗണിച്ചായിരിക്കും.

ദരിദ്രരെ സഹായിക്കുന്നത് സ്വര്‍ഗത്തിലേക്കുള്ള പാസ്‌പോര്‍ട്ടാണ്. സഹായത്തിനായി കൈനീട്ടുന്നവരിലേയ്ക്ക് പ്രത്യേകമായി ദൃഷ്ടിപതിപ്പിക്കാന്‍ സഭാമക്കളെ ക്ഷണിക്കുന്നുവെന്നും പാപ്പ പറഞ്ഞു. സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടന്ന ദിവ്യബലിയിൽ ദരിദ്രരും ഭവനമില്ലാത്തവരും തൊഴിൽരഹിതരുമായ ഏഴായിരത്തോളം പേരാണ് പങ്കെടുത്തത്.

ഇറ്റലി, ഫ്രാൻസ്, സ്പെയിൻ എന്നിവിടങ്ങളിൽ നിന്നു സഭയുടെ കീഴിൽ പ്രവർത്തിക്കുന്ന വിവിധ സന്നദ്ധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ എത്തിച്ച 1500 പേർ മാർപാപ്പയോടൊപ്പം സ്നേഹവിരുന്നിലും പങ്കുചേര്‍ന്നു. നവസുവിശേഷവത്കരണ പ്രോത്സാഹനത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലാണു ദിനാചരണത്തിനു നേതൃത്വം നല്‍കിയത്

×