പുത്തന്‍പണത്തിനായി നെട്ടോട്ടമോടുമ്പോള്‍ മമ്മുട്ടിക്കൊരു മുന്നറിയിപ്പ്, ഒരു ഭക്തന്‍റെ വാത്സല്യത്തോടെയുള്ള ഉപദേശം – അങ്ങ് വലുതാണ്‌ .. ചെറുതാകരുത് !!

ദാസനും വിജയനും
Saturday, April 15, 2017

മമ്മുട്ടി സാർ ,
രാജമാണിക്യം സമാനതകളില്ലാത്ത ഒരു വൻ വിജയം തന്നെയായിരുന്നു . താങ്കളുടെ ജീവിതത്തിലെ ഏറ്റവും വലിയ രണ്ട് ആഗ്രഹങ്ങളിൽ ഒന്നിന്‍റെ വിജയം. ഒരു മെഗാ തമാശപ്പടം വിജയിപ്പിച്ചപ്പോള്‍ താങ്കള്‍ സന്തുഷ്ടനായി . ഒരു കുറ്റവും കുറവും കണ്ടുപിടിക്കുവാനാവാത്ത വിജയം .

2005 ആഗസ്ത് മാസത്തിൽ പൊള്ളാച്ചിക്കടുത്ത സേത്തുമടയിൽ വെച്ച് ഷൂട്ടിങ് കാണുമ്പോഴേ ഞാൻ വിധിയെഴുതി, ഒന്നുകിൽ മലയാളത്തിലെ നമ്പർ 1 സൂപ്പർ ഹിറ്റ് അല്ലെങ്കിൽ അത്രയും വലിയ പരാജയം . പക്ഷെ ഷൂട്ടിങ് കഴിഞ്ഞപ്പോൾ മമ്മുട്ടിയിൽ കണ്ട ആത്മവിശ്വാസം അതൊരു സൂപ്പർ ഹിറ്റ് തന്നെ എന്നുറപ്പിച്ചിരുന്നു .

ഓരോ സിനിമ കഴിയുമ്പോഴും മമ്മുട്ടി ദുബായിൽ വരുമായിരുന്നു . ആ വരവിൽ ഷൂട്ടിംഗ് കഴിഞ്ഞ സിനിമയുടെ ക്യാരക്ടർ മമ്മുട്ടിയുടെ നടപ്പിലും ഇരുപ്പിലും ഭാവത്തിലും ചീത്ത വിളികളിലും എല്ലാം പ്രതിഫലിക്കുമായിരുന്നു . ആ ഭാവങ്ങളിൽ നിന്നുമാണ് സിനിമ ഹിറ്റാകുമോ പൊട്ടുമോ എന്നൊക്കെ ഞങ്ങൾ കണക്കുകൂട്ടിയിരുന്നത് .

അതിൽ തൊമ്മനും മക്കളും കഴിഞ്ഞപ്പോൾ ദുബായിൽ വന്നപ്പോൾ ഒരാഴ്ച അതിലെ സീനുകളും തമാശകളും പറയുവാനേ അദ്ദേഹത്തിന് സമയമുണ്ടായിരുന്നുള്ളൂ . അന്ന് സലിം കുമാറാണ് മമ്മൂട്ടി എന്ന വ്യക്തിയിലെ മസിൽ (ജാഡ) എടുത്തുകളഞ്ഞു കൊണ്ട് ഒരു നല്ല തമാശക്കാരൻ തന്നിൽ ഒളിഞ്ഞു കിടന്നിരുന്നു എന്ന് കണ്ടുപിടിച്ചത് .

അതിലേക്ക് വഴി തെളിച്ച സംഭവം ഇവിടെ എഴുതിയാൽ എഡിറ്റർ അദ്ദേഹം അതിൽ കത്രിക വെക്കും എന്നുള്ളതുകൊണ്ട് ഇപ്പോൾ ഇവിടെ എഴുതുന്നില്ല . അത്രയും വലിയ ഒരു വളിപ്പ് ആ ഉദുമൽപ്പേട്ടിലെ സെറ്റിൽ വെച്ച് സംഭവിച്ചതാണ് ആ സിനിമ അങ്ങനെ ഒരു സംഭവമായി മാറിയത് . അതിലെ സീരിയസ് ക്യാരക്ടർ ആയിരുന്ന മമ്മുട്ടിയെ തമാശയിലേക്ക് നയിച്ചതും ആ ഒരു സംഭവം ആയിരുന്നു .

അതേപോലെ തസ്കരവീരന്‍റെയും രാപ്പകലിന്‍റെയുമൊക്കെ ഷൂട്ടിങ് കഴിഞ്ഞു ദുബായിൽ എത്തുമ്പോൾ ഒരു ആത്മവിശ്വാസക്കുറവ് അദ്ദേഹത്തിൽ നിഴലിച്ചിരുന്നു . സംവിധായകരുടെ ശല്യം സഹിക്കുവാനാകാതെ ചെയ്തുകൊടുത്ത സിനിമയാണ് തസ്കരവീരനും വജ്രവും എന്ന് അദ്ദേഹം തന്നെ സുഹൃത്തുക്കളോട് തുറന്ന് സമ്മതിച്ചതാണ് .

പിന്നീട് തുറുപ്പുഗുലാനും ചട്ടമ്പിനാടും പ്രാഞ്ചിയേട്ടനും പാലേരി മാണിക്യവും ഒക്കെ കഴിഞ്ഞുവന്നപ്പോൾ പ്രതീക്ഷകൾ മമ്മുട്ടിയിൽ കാണാമായിരുന്നു . ശ്യാമപ്രസാദിന്‍റെ ഒരേകടലിലും രഞ്ജിത്തിന്‍റെ കൈയൊപ്പിലും തികഞ്ഞ ആത്മവിശ്വാസം മമ്മുട്ടിയിൽ കാണാമായിരുന്നു .

പിന്നീട് അങ്ങോട്ട് സിനിമയേക്കാൾ ഏറെ പണത്തോടുള്ള മമതയും പ്രായക്കൂടുതൽ ആകുന്നതിന്‍റെ വ്യാകുലതയും മറ്റു മാനസിക പിരിമുറുക്കങ്ങളും അദ്ദേഹത്തെ വല്ലാതെ പിടിച്ചു കുലുക്കിയിരുന്നു .

കൂടെ കൂടിയ കുറെ ആളുകൾ എല്ലാം മുതലെടുപ്പ് മാത്രം മുന്നിൽ കണ്ടുകൊണ്ട് ഏറാൻ മൂളികളായപ്പോൾ അനാവശ്യമായ പല സിനിമകൾക്കും ഒപ്പുവെക്കേണ്ടിവന്നു . കുറെയധികം ഇവന്റുകൾ നടന്നതുകൊണ്ട് മാത്രം ഹിറ്റ് എന്ന് പറയാവുന്ന പത്തേമാരിയും വർഷവും ഒക്കെ ആവറേജ് സിനിമകൾ മാത്രമായിരുന്നു.

ഓരോ സിനിമ ഹിറ്റാകുമ്പോഴേക്കും കുറെയധികം അനാവശ്യ ഇത്തിക്കണ്ണികൾ ഈ നല്ല മനുഷ്യന്‍റെ പിന്നാലെ കൂടുകയും അവർക്ക് ഇഷ്ടമുള്ളവരെ മാത്രം മമ്മുട്ടി ഇഷ്ടപ്പെട്ടാൽ മതി എന്ന് അവന്മാർ തീരുമാനിക്കുകയും ചെയ്യുമ്പോൾ മലയാളത്തിന് നഷ്ടമാകുന്നത് കുറെ നല്ല ഹിറ്റ് സിനിമകളാണ് .

കൊച്ചിയിൽ ആണെങ്കിൽ ഒരു ലോബിയും ദുബായിൽ ആണെകിൽ മറ്റൊരു ലോബിയും ഇദ്ദേഹത്തെ വരിഞ്ഞു മുറുക്കുമ്പോൾ പല നല്ല സംവിധായകരും കഥാകൃത്തുക്കളും അദ്ദേഹത്തെ വിട്ടകലുന്നു . ഇല്ലെങ്കിൽ ഇപ്പറഞ്ഞ ദല്ലാളന്മാർ അവരെ ആട്ടിപ്പായിക്കുന്നു.

മമ്മുട്ടി എന്നൊരു വലിയ ചിറകിന്‍റെ മറവിൽ ഇവരൊക്കെ കാണിച്ചു കൂട്ടുന്ന ആഭാസങ്ങൾ മമ്മുട്ടിയുടെ അറിവോടെ ആണെന്ന് ഞങ്ങൾ വിശ്വസിക്കുന്നില്ല . കാരണം ഇനി അത് അദ്ദേഹം അറിഞ്ഞുകൊണ്ടാണെങ്കില്‍ പോലും അദ്ദേഹത്തിന്റെ ഭാര്യ ഇതൊന്നും സമ്മതിക്കുന്ന കൂട്ടത്തിലുള്ള ഒരു വീട്ടമ്മയല്ല. അത്യാവശ്യം ബോധവും വിവരവും നന്മയും ഒക്കെ ഉള്ള ഒരു നല്ല മലയാളി വീട്ടമ്മയാണ് അവർ .

സ്വന്തം ഡ്രൈവറും വീട്ടുജോലിക്കാരും ഒക്കെ ഒരു പ്രൊഫഷണൽ കമ്പനിയിൽ ജോലി ചെയ്യുന്ന പോലെയാണ് ഇവരുടെ ഒപ്പം ജോലി ചെയ്യുന്നത് .

പ്രോവിഡന്റ് ഫണ്ടും ബോണസും മറ്റുള്ള സഹായങ്ങളും ഒക്കെ വളരെ ഭംഗിയായി നൽകിക്കൊണ്ട് ബാങ്കിലെ പോലെ അവരുടെ മാസാമാസം ശമ്പളം നിക്ഷേപിക്കുവാൻ ഇടം കണ്ടെത്തി അവർക്ക് വീടുപണിയുവാനും മക്കളെ കല്യാണം കഴിക്കുവാനും പഠിപ്പിക്കുവാനും ഒക്കെ വായ്പ കൊടുത്തുകൊണ്ടും ഒക്കെ വളരെ ഭംഗിയായി അവരുടെ ഒക്കെ കുടുംബം നോക്കുന്ന ആ വീട്ടമ്മ ഈ ദല്ലാളന്മാരുടെ പേക്കൂത്തുകൾ അറിഞ്ഞാൽ ഞെട്ടിപ്പോകും .

മമ്മുട്ടിയുടെ ഒരു നല്ല ഇമേജ് ഉപയോഗപ്പെടുത്തിക്കൊണ്ട് സാമ്പത്തിക തട്ടിപ്പുകളും സ്ത്രീകളുമായി ചങ്ങാത്തവും പറഞ്ഞു പറ്റിക്കലും ഒക്കെ ചെയ്യുന്ന ഇവരൊക്കെയാണ് ഒരു നല്ല മനുഷ്യന്‍റെ നന്മകളെ ഇല്ലാതാക്കുന്നത് . ഇവരുടെ കളികളിൽ മനം നൊന്ത് കുടുംബങ്ങൾ വരെ ആത്മഹത്യ ചെയ്ത സംഭവങ്ങൾ അറിവുള്ളതാണല്ലോ .

മണി പവറും മസിൽ പവറും ഉപയോഗിച്ചുകൊണ്ട് ഇവരൊക്കെ വിജയിച്ചു മുന്നേറുമ്പോൾ ഒരുനാൾ വരും എന്ന കാത്തിരിപ്പിലാണ് ഇവരിൽ നിന്നൊക്കെ പീഡനം ഏൽക്കേണ്ടി വന്നവരുടെ അവസ്ഥകൾ .

നല്ല രീതിയിൽ പ്രവർത്തിച്ചിരുന്ന ഒരു നല്ല റെസ്റ്റോറന്റിന്റെ പുതിയ ശാഖയുടെ നിർമ്മാണ പ്രവർത്തനങ്ങൾ മമ്മുട്ടിയുടെ പേരുവെച്ചുകൊണ്ട് തരപ്പെടുത്തുകയും വർഷം മൂന്നായിട്ടും ഇതുവരെ പണി പൂർത്തിയാക്കാതെ മുഴുവൻ സംഖ്യയും അഡ്വാൻസ് ആയി വാങ്ങുകയും അതിന്റെ മുതലാളി പെരുവഴിയിൽ ആകുന്ന അവസ്ഥയും ഒരു വശത്ത് , ഇതൊന്നും താരമോ കുടുംബമോ കാണാതെ പോകരുത് . നിങ്ങൾ അറിയുന്നില്ല നിങ്ങളുടെ കാൽച്ചുവട്ടിലെ മണ്ണ് ഒഴുകിപ്പോകുന്ന അവസ്ഥകൾ .

ഇനി കാര്യത്തിലേക്കു കടക്കാം . പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷം മമ്മുട്ടിക്കും മമ്മുട്ടിയെ സ്നേഹിക്കുന്നവർക്കും മോഹിച്ചുകിട്ടിയ ഒരു ഹിറ്റാണ് ദി ഗ്രേറ്റ് ഫാദർ . മോശമല്ലാത്ത അഭിപ്രായങ്ങൾ ജനങ്ങളും മീഡിയയും ആത്മാർത്ഥമായി തന്നെ പറഞ്ഞപ്പോൾ അതിനെ ഒരു മെഗാഹിറ്റിലേക്ക് നയിക്കുന്നതിന് പകരം ഓണത്തിനിടക്ക് പൂട്ട് കച്ചവടം പോലെ പുത്തൻപണവുമായി വരേണ്ട യാതൊരു കാര്യവും മമ്മുട്ടിക്കില്ല .

ദി ഗ്രേറ്റ് ഫാദറിനെ ഈ കിട്ടിയ അവസരം ഉപയോഗിച്ചുകൊണ്ട് എങ്ങനെയെങ്കിലും ഒരു മെഗാ അല്ലെങ്കിൽ വൻ വിജയം അല്ലെങ്കിൽ ഇപ്പോഴത്തെ ഭാഷയിൽ ഒരു 101 കോടി ക്ളബ്ബിലേക്കെങ്കിലും കയറ്റാതെ പുള്ളിക്കാരൻ അപ്പോഴേക്കും രഞ്ജിത്തിനെ ഈ തിരയിളക്കത്തിൽ കൂടെ കൂട്ടിയപ്പോൾ നഷ്ടപ്പെടുന്നത് രണ്ടു ചിത്രങ്ങളാണ് .

പൃഥ്വിരാജിനെപ്പോലെ ഒരു നിർമ്മാതാവ് പുതുമുഖ സംവിധായകനെക്കൊണ്ട് ധൈര്യമായി ചെയ്യിച്ച ആ നല്ല സിനിമയോട് ഒട്ടും കൂറ് പുലർത്താതെ ഉന്തിന്റെ കൂടെ ഒരു തള്ളും ആയിക്കോട്ടെ എന്ന മാതൃകയിൽ ഇപ്പോൾ ഈ പുത്തൻപണവുമായി വരേണ്ട യാതൊരു കാര്യവും മമ്മുട്ടി എന്ന നായകനില്ല . ഇതൊക്കെ എന്തിനോടോ ഉള്ള ആർത്തിയാണോ എന്ന് നമുക്ക് സംശയം തോന്നാം .

രജനികാന്തും കമലഹാസനും ആമിർഖാനും സൽമാനും ഷാരൂഖും അമിതാഭും ഒക്കെ കാര്യങ്ങൾ മനസ്സിലാക്കി വർഷത്തിൽ ഒന്നോ രണ്ടോ സിനിമകൾ ചെയ്തുകൊണ്ട് ജനങ്ങളിലുള്ള ആ റെസ്‌പെക്ട് വാങ്ങിയെടുക്കുമ്പോൾ ഇവിടെ കയ്യിൽ കിട്ടിയതിനെ സൂക്ഷിക്കാതെ പറക്കുന്നതിന്റെ പിന്നാലെ പോകുന്ന അവസ്ഥയാണ് കാണുന്നത് . അപ്പോൾ പിന്നെ ട്രോളർമാർ കയറി ഞരങ്ങിയാൽ അത്ഭുതപ്പെടേണ്ടതില്ല .

ആയതിനാൽ ഇനിയെങ്കിലും അങ്ങയെ ഇഷ്ടപ്പെടുന്നവരുടെ കൂടി മനസുകളെ വായിച്ചുകൊണ്ട് സിനിമകൾ തിരഞ്ഞെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു. എന്ന്, താങ്കൾ ഇത് വായിക്കുമ്പോള്‍ ഇതെഴുതിയ ഭക്തന്‍റെ ഉള്ളിലെ ആത്മാര്‍ത്ഥതയും അങ്ങേയ്ക്ക് മനസ്സിലാകും എന്നുറച്ചു വിശ്വസിച്ചുകൊണ്ട് ഒരു മുൻ ഭക്തൻ .

താങ്കളെ ഉപദേശിക്കുവാൻ ഞങ്ങൾ വളർന്നിട്ടില്ല എന്നുള്ള ഉത്തമബോധം മനസ്സിൽ വെച്ചുകൊണ്ട് പുത്തൻപണക്കാരൻ ദാസനും ഭക്തൻ വിജയനും

×