പൂന്തോട്ടത്തിനൊപ്പം ഒരു പുല്‍ത്തകിടി

Wednesday, July 5, 2017

മുറ്റത്തൊരു പൂന്തോട്ടമുള്ളവരുടെയെല്ലാം ആഗ്രഹമാണ് പൂന്തോട്ടത്തിനൊപ്പം ഒരു പുല്‍ത്തകിടി. ഇത്തരത്തില്‍ ഒരു പുല്‍ത്തകിടി നിര്‍മ്മിക്കുന്നതിന് വീട്ടുമുറ്റത്ത് അനുയോജ്യമായ സ്ഥലം തിരെഞ്ഞുടുക്കുകയാണ് ആദ്യം. പുല്ലിന് നല്ല സൂര്യപ്രകാശം ലഭിക്കേണ്ടതിനാല്‍ തുറസ്സായ സ്ഥലം വേണം തിരഞ്ഞെടുക്കുവാന്‍.ഇങ്ങനെ തിരഞ്ഞെടുക്കുന്ന സ്ഥലത്ത് നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണ് ഉണ്ടായിരിക്കണം.

സ്ഥലം തിരഞ്ഞെടുത്തുകഴിഞ്ഞാല്‍ നിലമൊരുക്കാം. 20 മുതല്‍ 30 സെന്റിമീറ്റര്‍ ആഴത്തില്‍ കിളച്ചതിന് ശേഷം നിലം നന്നായി നിരപ്പാക്കണം.15 ദിവസത്തേക്ക് ഈ മണ്ണ് നന്നായി സൂര്യപ്രകാശം ലഭിക്കാന്‍ വെറുതെയിടണം.ഇടയ്ക്ക് നനയ്ക്കുകയും വേണം.

ഇങ്ങനെചെയ്യുമ്പോള്‍ കളകള്‍ മുളയ്ക്കും ഇത് പറിച്ചുമാറ്റണം.ഇതു വഴി കീടങ്ങളെ നിയന്ത്രിക്കാനും കഴിയും.കളനീക്കിയ ശേഷം നിലത്തെ കല്ലൂകള്‍ എല്ലാം ഒടച്ചശേഷം വേണം വളപ്രയോഗം നടത്തുവാന്‍. 100 ചതുരശ്രമീറ്ററില്‍ 500 കിലോ ഗ്രാം ചാണകപ്പൊടി എന്ന കളക്കില്‍ മേല്‍വളം നല്‍കാം. ഒപ്പം 10 കിലോഗ്രാം എല്ലുപൊടിയും ചേര്‍ത്ത് മണ്ണ് നന്നായി ഇളക്കികൊടുക്കണം.

അടുത്തത് മണ്ണ് നിരപ്പാക്കലാണ് ഇത് ചെയ്യുമ്പോള്‍ നടുഭാഗത്തുനിന്നും മണ്ണ് രണ്ട് ഭാഗത്തേക്കും ചെരിച്ചിടണം വെള്ളം ഒഴുകിപ്പോകുന്നതിനായിട്ടാണിത്. നമ്മുടെ കാലവസ്ഥയ്ക്കുപറ്റിയ പുല്ലിനങ്ങളാണ് കറുകയും, എരുമപ്പുല്ലും,കാര്‍പറ്റ് ഗ്രാസ്,ഗുസ് ഗ്രാസ് എന്നിവയും മികച്ചയിനങ്ങളാണ്. കറുകയ്ക്ക് വളരുവാന്‍ നല്ല സൂര്യപ്രകാശം വേണം. തണലുള്ള സ്ഥലത്ത് വളര്‍ത്തുവാന്‍ പറ്റിയതാണ് എരുമപ്പുല്ല്.നല്ല വെയില് കിട്ടുന്ന സ്ഥലത്ത് കാര്‍പറ്റ് ഗ്രാസും തണലുള്ള സ്ഥലത്ത് സെന്റ് അഗസ്റ്റിന്‍ ഗ്രാസും വളര്‍ത്താം.

വിത്തുപാകി മുളപ്പിക്കുന്നതാണ് എളുപ്പത്തില്‍ ചെയ്യാന്‍ പറ്റുന്ന രീതി.ഇങ്ങനെ ചെയ്യുമ്പോള്‍ ഗുണമേന്മയുള്ളതുംകലര്‍പ്പില്ലാത്തതുമായി വിത്ത് വേണം തിരഞ്ഞെടുക്കുവാന്‍.200 ചതുരശ്രമീറ്ററില്‍ 500 ഗ്രാം വിത്തും ഇരട്ടി അളവില്‍ മണലും ചേര്‍ത്തു വേണം വിതയ്ക്കുവാന്‍.

വിത്തുവിളയ്ക്കുന്നതിന് മുമ്പ് മേല്‍മണ്ണ് അഞ്ച് സെന്റിമീറ്റര്‍ ആഴത്തില്‍ കിളയ്ക്കണം. ശേഷം വിത്ത് വിതറിയ ശേഷം മണല്‍ വിതറി ചെറുതായി മണ്ണ് അമര്‍ത്തികൊടുക്കണം.പതിവായി നനയ്ക്കണം മൂന്ന് മുതല്‍ അഞ്ച് ആഴ്ചയാകുമ്പോള്‍ വിത്ത് മുളയ്ക്കും പുല്ല് 5 സെന്റിമീറ്ററില്‍ കൂടുതല്‍ വളര്‍ന്നാല്‍ വെട്ടി സമമാക്കി നിയന്ത്രിക്കാം.

വിത്തുപയോഗിക്കാതെ തന്നെ മൂപ്പ് എത്തിയ പുല്ലിന്റെ തണ്ടുകള്‍ ഉപയോഗിച്ചും പുല്ല് വളര്‍ത്താവുന്നതാണ്. നിലം ഒരുക്കിയതിന് ശേഷം പുല്ലുകള്‍ ഏഴ് മുതല്‍ എട്ട് സെന്റിമീറ്റര്‍ അകലത്തില്‍ നട്ട് നല്ലതുപോലെ നനയ്ക്കണം. ഏഴ് ആഴ്ചയ്ക്ക് ശേഷം വെട്ടി സമമാക്കാം.ഈ രീതിയില്‍ തയ്യാറാക്കുന്ന പുല്‍ത്തകിടി മൂന്ന് മാസത്തിനുള്ളില്‍ തയ്യാറാകും.

ടര്‍ഫിങാണ് ഏറ്റവും കുറഞ്ഞ സമയത്തിനുള്ളല്‍ പുല്‍ത്തകിടി തയ്യാറാക്കുവാന്‍ പറ്റുന്ന മറ്റൊരു മാര്‍ഗ്ഗം. ഇതിനായി ഇടതൂര്‍ന്ന് വളര്‍ന്നു നില്‍ക്കുന്ന പുല്ല് അഞ്ച് സെന്റിമീറ്റര്‍ കനത്തില്‍ വെട്ടിയെടുക്കണം. ശേഷം ഇവ മണ്ണില്‍ ചേര്‍ത്ത് വെച്ച് അമര്‍ത്തണം. നന്നയി നനയ്ക്കണം കുറച്ചു ദിവസത്തിനുള്ളില്‍ തന്നെ പുല്ല് മുളയ്ക്കും. വേനല്‍ക്കാലത്ത് പുല്ലിന് കൂടുതല്‍ സംരക്ഷണം നല്‍കണ്ടആവശ്യമുണ്ട്.

×