ഫെയ്സ്ബുക്ക് എന്നാല്‍ വെറും ചാറ്റിങ്ങും പോസ്റ്റിങ്ങുമല്ലെന്ന് തെളിയിച്ച ഡിഫറന്റ് തിങ്കേഴ്സ്; നിര്‍ധനനായ ഗ്രൂപ്പ് അംഗത്തിന് വീട് വാങ്ങി നല്‍കിയത് ഫെയ്സ്ബുക്കന്‍മാര്‍ ചേര്‍ന്ന് 10 ലക്ഷം മുടക്കി !

ന്യൂസ് ബ്യൂറോ, കോട്ടയം
Thursday, September 7, 2017

കോട്ടയം: സോഷ്യല്‍ മീഡിയ മുഴുവന്‍ ട്രോളുകളും അനാവശ്യ വിമര്‍ശനങ്ങളുമാണെന്ന് വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയാണ് ഡിഫറന്റ് തിങ്കേഴ്സ്എന്ന ഫെയ്സ്ബുക്ക് കൂട്ടായ്മ. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലിരുന്ന്‍ ഈ ഫെയ്സ്ബുക്ക് കൂട്ടായ്മ വഴി ഒത്തുകൂടിയവര്‍ സ്നേഹത്തിന്‍റെ വലിയ ആകാശങ്ങള്‍ സൃഷ്ടിക്കുന്നതാണ് ഫെയ്സ്ബുക്കിലെ ഏറ്റവും പ്രധാനപ്പെട്ട വാര്‍ത്ത.

പരസ്പരം പരിചയമില്ലാത്ത, ബന്ധമില്ലാത്ത, നാട്ടുകാരോ വീട്ടുകാരോ അയല്‍ക്കാരോ അല്ലാത്ത അവര്‍ ഡിഫറന്റ് തിങ്കേഴ്സ് എന്ന ഫെയ്സ്ബുക്ക് വഴി ഒന്നിക്കുകയും ഗ്രൂപ്പില്‍ അംഗമായ നിര്‍ധന യുവാവിനു വേണ്ടി 10 ലക്ഷത്തോളം രൂപ മുടക്കി ഒരു വീട് നിര്‍മ്മിച്ച്‌ നല്‍കുകയും ചെയ്തിരിക്കുകയാണ്.

തടിപ്പണിക്കാരനായിരുന്ന കോട്ടയം ചിങ്ങവനം സ്വദേശി വിനീത് വിഷ്ണു മൂന്ന്‍ വര്‍ഷം മുമ്പുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ജോലി ചെയ്യാന്‍ വയ്യാത്ത അവസ്ഥയിലായിരുന്നു. കാലിന്റെ ഇടുപ്പിന് ഈ അപകടത്തില്‍ സാരമായ പരിക്കേറ്റിരുന്നു.

സ്വന്തം വീടും സ്ഥലവും വിറ്റാണ് യുവാവ് ചികിത്സ നടത്തിയത്. തനിയെ നടക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു ഈ യുവാവ്. ഇതിനിടയില്‍ ഇദ്ദേഹം ഡിഫറന്റ് തിങ്കേഴ്സ് എന്ന ഫെയ്സ്ബുക്ക് ഗ്രൂപ്പില്‍ അംഗമായി.

ഗ്രൂപ്പില്‍ തന്റെ അവസ്ഥ വിശദീകരിക്കുകയും ചെയ്തു. അങ്ങനെ വിനീതിരെ നിസഹായാവസ്ഥ മനസിലാക്കിയ ഗ്രൂപ്പ് അംഗങ്ങള്‍ ഒത്തുചേര്‍ന്ന് ഗ്രൂപ്പ് വഴി ഒന്നരലക്ഷം രൂപ സമാഹരിച്ച് വിനീതിന്‍റെ ചികിത്സയ്ക്കായി നല്‍കി.

തുടര്‍ന്നായിരുന്നു വിനീതിന് നഷ്ടമായ സ്വന്തം വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ ഗ്രൂപ്പ് അഡ്മിന്‍മാര്‍ തീരുമാനിച്ചത്. അങ്ങനെ ഗ്രൂപ്പില്‍ ഇക്കാര്യം അറിയിച്ചു. ഗ്രൂപ്പില്‍ അന്ന് 97 ലക്ഷം അംഗങ്ങളുണ്ടായിരുന്നു. അവരെല്ലാം കാര്യമായി സഹകരിച്ചു. അങ്ങനെ 10 ലക്ഷം രൂപ മുടക്കി 4 സെന്റ്‌ സ്ഥലവും ഒരു വീടും വിലയ്ക്ക് വാങ്ങുകയുമായിരുന്നു.

വൈക്കത്തെ മറവന്‍തുരുത്തിലായിരുന്നു വീട് വാങ്ങിയത്. കഴിഞ്ഞ 21 ന് ഞായറാഴ്ച രാവിലെ 10 മണിക്ക് സ്ഥലം എം എല്‍ എ സി കെ ആശയാണ് വീടിന്‍റെ താക്കോല്‍ വിനീതിന് കൈമാറിയത്.

ഗ്രൂപ്പ് അഡ്മിന്‍മാരായ ബിജു കുമാര്‍, വിനോദ് ചെറ്റേക്കാട്ട്, ജല്‍ജിസ്, പ്രോഗ്രാം കോ – ഓര്‍ഡിനേറ്റര്‍ അപ്പു അജിത്‌ തുടങ്ങിയവര്‍ ചടങ്ങിനു നേതൃത്വം നല്‍കി.

ഡിഫറന്റ് തിങ്കേഴ്സ് ജനഹൃദയങ്ങളിലേക്ക് !

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലായി 30 അഡ്മിന്‍മാരാണ് ഡിഫറന്റ് തിങ്കേഴ്സിനുള്ളത്. പേര് സൂചിപ്പിക്കുന്നതുപോലെ വ്യത്യസ്ത ചിന്താഗതിക്കാരുടെ കൂട്ടായ്മയാണ് ഈ ഗ്രൂപ്പ്. ജാതി, മത സംബന്ധമായ കാര്യങ്ങള്‍ ഗ്രൂപ്പില്‍ അനുവദിക്കില്ല. “സഹജീവികള്‍ക്ക് ഒരു കൈത്താങ്ങ്‌” എന്നതാണ് ഗ്രൂപ്പിന്‍റെ പ്രഖ്യാപിത ലക്‌ഷ്യം. അത്തരം പോസ്റ്റുകള്‍ പ്രചരിപ്പിക്കുകയാണ് ഗ്രൂപ്പ് ലക്‌ഷ്യം.

വെറും പോസ്റ്റുകളും പ്രചരണങ്ങളും കൊണ്ട് മാത്രം കാര്യമില്ലെന്ന് മനസിലാക്കിയാണ് ആതുരസേവന രംഗത്തേക്ക് കടക്കാന്‍ ഗ്രൂപ്പ് തീരുമാനിച്ചത്. ഇതിനോടകം 8 ദൌത്യങ്ങളാണ് ഡിഫറന്റ് തിങ്കേഴ്സ് ഏറ്റെടുത്തത്. 8 ഉം പൂര്‍ത്തിയാക്കി എട്ടാമത്തെതായിരുന്നു വിനീതിന്റെ വീട്.

ഈ കൂട്ടായ്മ ഏറ്റെടുത്തു വിജയിപ്പിച്ച മറ്റ്‌ ദൌത്യങ്ങള്‍ ഏതൊക്കെയെന്നു നോക്കാം –

1. എഡ്യൂക്കേഷൻ ലോൺ എടുത്തു പഠിച്ചു തിരിച്ചു അടക്കാൻ നിവർത്തി ഇല്ലാതെ ആയപ്പോൾ ആത്മഹത്യ ചെയ്യേണ്ട അവസ്ഥയിലായ അവസ്ഥ ഫെയിസ് ബുക്കിലൂടെ പുറം ലോകത്തിനോട് അറിയിച്ച സുജിത്തിനു ബാങ്കിൽ അടക്കാൻ ഉണ്ടായിരുന്ന തുകയുടെ നല്ലൊരു ഭാഗം അടച്ചു ഗ്രൂപ്പ് മെമ്പർമാർ സഹായിച്ചു.

2. നേപ്പാളിൽ ഭൂകമ്പം ഉണ്ടായപ്പോൾ ദുരന്ത ബാധിതർക്ക് ഗ്രൂപ്പ് ന്റെ പേരിൽ നേപ്പാൾ എംബസിക്കു പണം കൈമാറി ..

3. ബാഗ്ലൂരിൽ തെരുവിൽ കഴിയുന്നവർക്ക് ഗ്രൂപ്പിന്റെ പേരിൽ ഭക്ഷണ വിതരണം നടത്തി

4. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ രോഗികൾക്ക് ഭക്ഷണം കൊണ്ടുപോകാൻ ഉന്തു വണ്ടിയെ ആശ്രയിക്കുന്നത് കണ്ടറിഞ്ഞു ഗ്രൂപ്പ് ന്റെ പേരിൽ രണ്ടരലക്ഷം മുടക്കി ഓട്ടോ വാങ്ങി നൽകി.

5. ചെന്നൈയിൽ വെള്ളപ്പൊക്കം ഉണ്ടായപ്പോൾ ദുരിത ബാധിതർക്ക് ഗ്രൂപ്പിന്റെ സഹായം ആയി ഭക്ഷണ കിറ്റ് വിതരണം നടത്തി.

6 . ഗ്രൂപ്പ് മെമ്പർ വിനീത് വിഷ്ണുവിന്റെ ചികിത്സക്ക് സഹായം ആയി 1,28,000 രൂപ കൈ മാറി.

7. ഒരു അപകടം പറ്റി കട്ടിലിൽ നിന്നും പരസഹായം കൂടാതെ എഴുന്നേൽക്കാൻ പറ്റാതെ വർഷങ്ങളോളം കിടപ്പിൽ ആയിരുന്ന കണ്ണൂർ സ്വദേശി സന്തോഷ് എന്ന ചെറുപ്പക്കാരനു ഈ കൂട്ടായ്മ 6 മാസം ആയുർവേദ ചികിത്സ നടത്തുകയും അതിന്റെ ഫലം ആയി ആ ചെറുപ്പക്കാരൻ എഴുന്നേറ്റു സ്വന്തം ആയി ഇരിക്കാനും ഒരു ചെറിയ കട നടത്തുവാൻ പ്രാപ്തൻ ആക്കുകയും ചെയ്തു.

ഗ്രൂപ്പ് പ്രവാസികളുടെ കൂട്ടായ്മ കുവൈറ്റ് ബഹറിൻ എന്നിവിടങ്ങളിൽ നടത്തുകയും അവിടുത്തെ ഗ്രൂപ്പ് അംഗങ്ങൾ പല ലേബർ ക്യാമ്പുകളും സന്ദർശിക്കുകുയും മെഡിക്കൽ സഹായങ്ങൾ ചെയ്തുവരികയും ചെയുന്നു. കൂടാതെ എല്ലാ മെമ്പേഴ്സിനും ആയി ഉള്ള ഗ്രൂപ്പിന്റെ ബ്ലഡ് ഡോണർ ഫോറം ഗ്രൂപ്പിൽ രക്തം ആവശ്യം ഉള്ളവർക്ക് സഹായം നല്കാൻ രൂപീകരിച്ചിട്ടുള്ള ഒന്നാണ്.

 

×