മഹിജയെ പോലീസ് നിലത്തിട്ടതും വലിച്ചിഴച്ചതും കണ്ടവരുണ്ടോ ? കഴുത്തില്‍ തോക്കുചൂണ്ടി ഒരു പോലീസ് സ്റ്റേഷന്‍ സ്തംഭിപ്പിച്ച തോക്കുസ്വാമിയ്ക്ക് ഡിജിപി സന്ദര്‍ശനം നിക്ഷേധിച്ചത് അപരാധമായതെങ്ങനെ ? മനോജ്‌ എബ്രഹമേ ..നീ താന്‍ ഐജി ! ഞങ്ങളും മഹിജയ്ക്കൊപ്പം. പക്ഷേ …!!

ദാസനും വിജയനും
Saturday, April 15, 2017

കേരളത്തിനിപ്പോള്‍ ഇത്രയൊക്കെ മതി. ഒരു റോഡില്‍ വീഴല്‍, പോലീസിന്‍റെ ഒരു കയ്യില്‍ പിടുത്തം, ഐ ജിയുടെ അരിശം കൊള്ളല്‍,.. ഇത്രയുമൊക്കെ ഉണ്ടേല്‍ കേരളം കത്തും, സ്തംഭിക്കും. ഏത് ഹര്‍ത്താല്‍ വിരുദ്ധനും ഹര്‍ത്താലിന് ആഹ്വാനം ചെയ്യാം .

സര്‍ക്കാര്‍ രാജിവയ്ക്കണം , അത്ര തന്നെ. കേരളത്തിലിപ്പോള്‍ ഏറ്റവും വിളയുന്ന വ്യവസായമാണത്രേ വിവാദം. അതിന്‍റെ സൃഷ്ടാക്കളാണ് ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. കൊടുത്താല്‍ കൊല്ലത്തല്ല വഴുതക്കാട്ടും കിട്ടും. 

1982 – 87 കാലഘട്ടത്തിലെ കേരള ഭരണമെന്ന് കേട്ടാല്‍ രാഷ്ട്രീയം അറിയുന്നവന് രോമാഞ്ചം കൊള്ളുന്ന ഒന്നായിരുന്നു. അങ്ങിനെ ഇങ്ങിനെ പൊയ്ക്കൊണ്ടിരുന്ന ഭരണത്തെ ഒരു കലയാക്കിയത് അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരനായിരുന്നു. അതങ്ങനെ മുന്നോട്ട് പോയാല്‍ കേരളം ഒരിക്കലും ഒരു ബംഗാള്‍ ആക്കാന്‍ കഴിയില്ലെന്ന കൂര്‍മ്മബുദ്ധി അന്ന് ഇ എം എസിന്‍റെ തലയിലാണ് ഉദിച്ചത്.

അന്ന് കരുണാകരനെ കുടുക്കാന്‍ ഇ എം എസിന്‍റെ
ബുദ്ധിയില്‍ എം വി ആര്‍ തുടക്കമിട്ടു.
ഇന്നിപ്പോള്‍ നിങ്ങള്‍ തന്നെ അതനുഭവിക്കുന്നു

കരുണാകരനെ അങ്ങനെ വിട്ടാല്‍ പറ്റില്ല, പകരം കേരളം കത്തണം. വെറുതെ കത്തിയാല്‍ പോര, ആളണം, എന്ന് വച്ചാല്‍ വിവാദങ്ങളും സമരങ്ങളും, അതിന്റെയെല്ലാം ചേരുവയായ അക്രമങ്ങളും. അന്ന് കണ്ണൂര്‍ ലോബിയുടെ തലവനായിരുന്ന സാക്ഷാല്‍ എം വി രാഘവന്‍ ആ ദൌത്യം ഏറ്റെടുത്തു. എസ് എഫ് ഐയുടെ പിള്ളേര്, പിന്നെ ഡി വൈ എഫ് ഐയുടെ ചുണക്കുട്ടികള്‍ റോഡിലിറങ്ങി.

കരുണാകരന്‍ എന്ത് ചെയ്താലും വിവാദം, എന്ത് പറഞ്ഞാലും പ്രതിഷേധം. പിന്നെ സെക്രട്ടറിയേറ്റ് തടയലായി.. വളയലായി.. ഗ്രനേഡായി.. ജല പീരങ്കിയായി.. തല്ലുകൊള്ളല്‍ – മുഖത്തു ചോര – പത്രങ്ങളില്‍ മുഖചിത്രം – നേതാക്കളുടെ സന്ദര്‍ശനം – ഹര്‍ത്താല്‍ – ബന്ദ് – ട്രാന്‍സ്പോര്‍ട്ട് ബസ് കത്തിക്കല്‍ – അതും പോരാഞ്ഞ് പോലീസ് ജീപ്പ് കത്തിക്കല്‍ – പിന്നെ, ഇതിനൊക്കെ നേതൃത്വം കൊടുത്തവര്‍ക്ക് തെരഞ്ഞെടുപ്പില്‍ സീറ്റായി – എം എല്‍ എ ആയി – എം പി ആയി – മന്ത്രിയായി !!

അങ്ങനെയാണ് ഇതൊരു നല്ല കലയാണെന്ന് (യൂത്ത്) കോണ്‍ഗ്രസുകാരനും മനസിലാക്കിയത്. അവര്‍ പിന്നെ അത്രയ്ക്കങ്ങ് അടി വാങ്ങാനൊന്നും നില്‍ക്കില്ല. ഏതിലെയെങ്കിലും ഓടി രക്ഷപെട്ട് തിരികെവന്ന് ചുവന്ന മഷി ഷര്‍ട്ടിലൊഴിച്ച് പോക്കറ്റും കയ്യും വലിച്ചുകീറി മാധ്യമങ്ങള്‍ക്ക് മുമ്പില്‍ നില്‍ക്കും.

ഇതങ്ങനെ മാറി മാറി ഇരു മുന്നണികളും ഏറ്റെടുത്ത് വിജയിപ്പിക്കുന്നത് കണ്ടു മനം നൊന്താണ് ഇതിന്റെയെല്ലാം ശില്‍പ്പിയായിരുന്ന സാക്ഷാല്‍ എം വി രാഘവന്‍ മരണത്തിന് മാസങ്ങള്‍ക്ക് മുമ്പ് തൃശൂരില്‍ നടത്തിയ അവസാന പ്രസംഗത്തില്‍ ഇങ്ങനെ പറഞ്ഞത് – “1971 ല്‍ തലശേരിയില്‍ വച്ചുണ്ടായ അടിപിടിയില്‍ അന്ന് 26 വയസുള്ള പിണറായി വിജയന്‍റെ കയ്യില്‍ കത്തിയെടുത്ത് കൊടുത്തുകൊണ്ട് അവനെ കുത്തെടാ എന്ന് പറഞ്ഞ അതേ നാവുകൊണ്ട് പറയുന്നു – കത്തി താഴെ വക്കെടോ എന്ന്”.

ടി പി വധത്തിനു ശേഷം നടത്തിയ എം വി ആറിന്റെ അവസാന പ്രസംഗമായിരുന്നു അത്. ഇനി നമുക്ക് വിഷയത്തിലേക്ക് കടക്കാം.

ജിഷ്ണു, നിന്‍റെ സ്മരണയ്ക്ക് മുമ്പിലും ലാല്‍ സലാം

“പിണറായി എന്ന് കേള്‍ക്കുമ്പോള്‍ ചിലര്‍ അഭിമാനിക്കും, ചിലര്‍ ഭയക്കും, ചിലര്‍ കെടന്നു മോങ്ങും, ചിലര്‍ ചൊറിഞ്ഞുകൊണ്ടേയിരിക്കും.. അവഗണിച്ചേക്കുക. അഭിമാനം കൊള്ളുന്ന ഇരട്ട ചങ്കുള്ള ആ ജന നേതാവിനെയോര്‍ത്ത്.. ലാല്‍ സലാം.. !” എന്ന് ഒര്‍ജിനല്‍ ഇരട്ട ചങ്കോടെ ഫെയ്സ്ബുക്കിലെ സ്വന്തം വാളില്‍ പോസ്റ്റിയ ഒരു നല്ല ചെറുപ്പക്കാരനെ ഓര്‍ത്ത് കേരളം ദുഖിക്കുന്നു.

അവനോടും അവന്റെ കുടുംബത്തോടും ചെയ്ത ക്രൂരതകള്‍ ഓര്‍ത്ത് കേരളം ലജ്ജിക്കുന്നു . അവന്റെ മാതാവിനോട് പോലീസ് കാണിച്ച “കൊടുംക്രൂരത”കളെയോര്‍ത്ത് വി എസും എം എ ബേബിയും പോലും പ്രതിഷേധിച്ചു.

ഞങ്ങള്‍ ജിഷ്ണുവിന്‍റെ കുടുംബത്തിനൊപ്പം,
എന്നാല്‍ ബുധനാഴ്ചയിലെ വിവാദങ്ങള്‍ക്കൊപ്പമില്ല !
ഞങ്ങള്‍ കൃഷ്ണദാസിനെതിരെ, പക്ഷെ നെഹ്‌റു കോളേജിനെതിരല്ല ! 

ഇനി ബുധനാഴ്ചയിലെ സംഭവങ്ങളിലേക്ക് ഒരു തിരിഞ്ഞു നോട്ടം. അതിനും മുമ്പ് ഒരു മുന്‍‌കൂര്‍ ജാമ്യം ; ഞങ്ങള്‍ ജിഷ്ണുവിന്‍റെ കുടുംബത്തിനൊപ്പമാണ്; മകന്‍ നഷ്ടപ്പെട്ട ആ അമ്മയുടെ വേദനയ്ക്കൊപ്പമാണ്. പക്ഷെ ബുധനാഴ്ച പോലീസ് ആസ്ഥാനത്ത് നടന്ന സംഭവ വികാസങ്ങള്‍ക്കൊപ്പം ഞങ്ങളില്ല.

ഞങ്ങള്‍ ഡോ. കൃഷ്ണദാസ് എന്ന ക്രിമിനലായ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാനെതിരാണ്. പക്ഷെ ഞങ്ങള്‍ നെഹ്‌റു കോളേജിനെതിരല്ല. കാരണം അതൊരു സ്ഥാപനമാണ്‌. അവിടെ പഠിച്ചുകൊണ്ടിരിക്കുന്നതും നാളെ പഠിക്കാനിരിക്കുന്നവരുമായ വിദ്യാര്‍ഥികള്‍ക്ക് ആ സ്ഥാപനവും അറിവിന്‍റെ വെളിച്ചമാകണം.

പ്രിന്‍സിപ്പലോ വൈസ് പ്രിന്‍സിപ്പലോ, പി ആര്‍ ഓയോ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അവരെയും കയ്യാമം വയ്ക്കണം. അവരെ മാറ്റി പുതിയ സാരഥികളെയുമായി സ്ഥാപനം മുന്നോട്ട് തന്നെ പോകണം. എന്തെന്നാല്‍ കേരളത്തിന്റെ മക്കള്‍ക്ക് പഠിക്കാന്‍ വേണ്ടി, കോടികള്‍ കേരള മണ്ണില്‍ നിക്ഷേപിച്ച് ഇവിടെ പ്രവര്‍ത്തിക്കുന്ന ഒരു സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനമാണ് നെഹ്‌റു ഗ്രൂപ്പ്. പൂട്ടാന്‍ പറയുമ്പോള്‍ പൂട്ടാനും തുറക്കാന്‍ പറയുമ്പോള്‍ തുറക്കാനും ഇത് മുറുക്കാന്‍കടയല്ല .

അതില്ലാതാക്കിയാല്‍ അതിന്‍റെ നേട്ടം ആര്‍ക്കാണ് ? കോട്ടം ആര്‍ക്കാണ് ? വൈകാരികത മാറ്റി വച്ച് ചിന്തിക്കണം. ആ സ്ഥാപനവും കേരളത്തിലെ ഓരോ സ്വാശ്രയ സ്ഥാപനങ്ങളും നശിച്ചുകാണണമെന്ന് ആഗ്രഹിക്കുന്നവര്‍ അന്യ സംസ്ഥാന വിദ്യാഭ്യാസ ലോബിയാണ്. അവര്‍ക്ക് കിട്ടേണ്ട കുട്ടികളാണ്, അവര്‍ക്ക് ലഭിക്കേണ്ട ലക്ഷങ്ങളാണ് കേരളത്തിലെ ഈ സ്ഥാപനങ്ങള്‍ വഴി ഈ നാട്ടില്‍ വിന്യസിക്കപെടുന്നത് .

അതിനാല്‍ കേരളത്തിലെ കോളേജുകളെ ഞങ്ങള്‍ പിന്തുണയ്ക്കുന്നു, അവിടെ തെമ്മാടിത്തരം കാണിക്കുന്നവര്‍ ഉടമകളാണെങ്കിലും അവരെ ഞങ്ങള്‍ വെറുക്കുന്നു.

മഹിജ ഡി ജി പിയെ കാണാന്‍പോയത് വിവാദമായതെപ്പോള്‍ ?

വീണ്ടും ബുധനാഴ്ചയിലേക്ക് . മരണപ്പെട്ട ജിഷ്ണുവിന്‍റെ മാതാവ് മഹിജയും ബന്ധുക്കളും ഡി ജി പിയെ കാണാന്‍ പോലീസ് ആസ്ഥാനത്തേക്ക് വരുന്നു. അവരെ കാണാന്‍ ഡി ജി പിയും കാത്തിരിക്കുന്നു. മകന്‍ നഷ്ടപ്പെട്ടിട്ട് 90 ദിവസമായിട്ടും മരണത്തിനുത്തരവാദിയാര് എന്ന്‍ പോലീസിനു കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് ആ കുടുംബത്തിന്‍റെ വരവ്.

അതിനും മുമ്പ് കേസിലെ രണ്ടു പ്രതികള്‍ ഹൈക്കോടതിയില്‍ നിന്നും മുന്‍‌കൂര്‍ ജാമ്യം നേടി വരുന്നു . അവരെ സ്റ്റേഷനില്‍ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചതിലാണ് മറ്റൊരു പ്രതിഷേധം. ഹൈക്കോടതിയുടെ മുന്‍‌കൂര്‍ ജാമ്യവുമായി വരുന്ന ഒരു പ്രതിയെ അറസ്റ്റ് ചെയ്ത് ലോക്കപ്പിലിട്ടാല്‍ പിന്നെ എന്താണ് സംഭവിക്കുകയെന്നു ഇത് പറയുന്നവര്‍ക്കറിയുമോ ? പിന്നെ എന്തിനവര്‍ക്ക് മുന്‍‌കൂര്‍ ജാമ്യം നല്‍കിയെന്ന ചോദ്യം കോടതിയോടാണ് ചോദിക്കേണ്ടത്. അതിനു നിയമവുമില്ലല്ലോ.

ഈ സാഹചര്യത്തിലാണ് മഹിജ ഡി ജി പിയെ കാണാന്‍ തീരുമാനിച്ചത്. അവര്‍ക്ക് മുമ്പില്‍ അതെ മാര്‍ഗ്ഗമുള്ളു. പക്ഷെ ആ വരവ് ഒരു പ്രകടനമായി മാറിയപ്പോള്‍ പോലീസ് നെറ്റി ചുളിച്ചുകാണും. അതെന്തിനാണെന്ന് പോലീസ് സംശയിക്കാതിരിക്കില്ല. അതിനാണ് പോലീസ്.

ആര്‍ക്ക് അനുമതി നിഷേധിച്ചതാണ് കുറ്റം ?
കഴുത്തില്‍ തോക്കും ചൂണ്ടി പോലീസ് സ്റ്റേഷന്‍ മുഴുവന്‍
സ്തംഭിപ്പിച്ച തോക്ക് സ്വാമിക്കോ ?

പോലീസ് ആസ്ഥാനത്തിന് മുമ്പില്‍ പ്രതിഷേധ സമരം സംഘടിപ്പിക്കണമെങ്കില്‍ അതിനു മുന്‍‌കൂര്‍ അനുമതി വേണം. അതുണ്ടായിരുന്നില്ല. അതിനാല്‍ ആ പ്രകടനം അനുവദിക്കാന്‍ പാടില്ലാത്ത ദൂരപരിധിയ്ക്കുള്ളില്‍ വച്ച് പോലീസ് തടഞ്ഞു. മഹിജയോടും മുന്‍‌കൂര്‍ അനുമതി വാങ്ങിയ മറ്റ്‌ 5 കുടുംബാംഗങ്ങളോടും ഡി ജി പിയെ കാണാന്‍ അദ്ദേഹത്തിന്‍റെ ഓഫീസിലേക്ക് പൊയ്ക്കൊള്ളാന്‍ പോലീസ് പറഞ്ഞു.

അപ്പോള്‍ മഹിജ പറഞ്ഞു, അത് പറ്റില്ല, ഈ 16 പേര്‍ക്കും ഒന്നിച്ച് ഡി ജി പിയെ കാണണമെന്ന്. ആ 16 പേരില്‍ ഉള്‍പ്പെട്ട ആളാണ്‌ ഒരു പോലീസ് സ്റ്റേഷനകത്ത് കയറിയിരുന്ന് സ്വന്തം കഴുത്തില്‍ തോക്ക് ചൂണ്ടി ആത്മഹത്യ ഭീഷണി മുഴക്കിയ തോക്ക് സ്വാമി. സംസ്ഥാന പോലീസ് മേധാവിയെ കാണാന്‍ പോകുന്നതിനു ഇതിനേക്കാള്‍ യോഗ്യരായ ആളുകള്‍ വേറെ വേണ്ടല്ലോ?

മറ്റൊരാള്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിക്കുന്നതിന് വേണ്ടി മാത്രം ചാനലുകളില്‍ പ്രത്യക്ഷപ്പെടുന്ന ആളാണ്‌ – വി എസിന്‍റെ മുന്‍ സെക്രട്ടറി ഷാജഹാന്‍. പിന്നെ അതിനു പറ്റിയ വേറെ കുറേപ്പേരും. അപ്പോള്‍ ആ സന്ദര്‍ശനത്തിന്‍റെ ലക്ഷ്യമെന്താണ്‌. അവരുടെയൊക്കെ ലക്ഷ്യം എന്തായിരിക്കും ? അത്തരം കളികള്‍ക്ക് ഇനി എം എം ഹസനാണ് ഡി ജി പി എങ്കില്‍ അദ്ദേഹം സമ്മതിക്കുമോ ?

അത് പറ്റില്ലെന്ന് പറഞ്ഞ ശേഷം പിന്നെ മഹിജ നിലത്ത് കിടക്കുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്. പല ദൃശ്യങ്ങള്‍ മാറി മാറി നോക്കിയിട്ടും അവരെ ആരെങ്കിലും തള്ളി നിലത്തിട്ടത് കണ്ടില്ല. അത് കണ്ടിട്ടുള്ളവര്‍ ആരെങ്കിലും ഉണ്ടോ ?

മഹിജ നിലത്ത് വീഴുന്നത് നിങ്ങള്‍ കണ്ടോ ?
വലിച്ചിഴയ്ക്കുന്നത് കണ്ടോ ?
കാണാത്ത കാര്യങ്ങള്‍ എങ്ങനെ വിവാദമായി ?

അവരെ റോഡിലൂടെ വലിച്ചിഴച്ചു എന്നാണ് മറ്റൊരു ആരോപണം. ഒരു മില്ലീ മീറ്റര്‍ ദൂരത്തില്‍ അവരെ പോലീസുകാര്‍ വലിച്ചിഴയ്ക്കുന്നതും ഞങ്ങള്‍ ഇതുവരെ കണ്ടില്ല. പിന്നെ പിടിച്ചെഴുന്നേല്‍പ്പിക്കാന്‍ പോലീസ് ശ്രമിച്ചു. ഗതാഗത തിരക്കുള്ള റോഡില്‍ സംസ്ഥാനം സഹതാപത്തോടെ കാണുന്ന ഒരമ്മ വീണുകിടക്കുന്നതും നോക്കി ഗതാഗതവും സ്തംഭിപ്പിച്ച് പോലീസ് കയ്യുംകെട്ടി നില്‍ക്കണമായിരുന്നു എന്നാണോ ?

ഈ സംഭവത്തെയാണ് ജിഷ്ണുവിന്‍റെ അമ്മയോട് പോലീസ് എന്തോ മഹാപരാധം കാണിച്ചു എന്ന നിലയില്‍ കേരളം ആഘോഷിച്ചത്. അതായത് ഇത്രയുമൊക്കെ മതി കേരളം ഒന്നോ രണ്ടോ ദിവസം സ്തംഭിപ്പിക്കാന്‍ എന്ന് ചുരുക്കം.

പത്ത് കെ എസ് യുക്കാരെ ഇരുത്താന്‍ കഴിഞ്ഞില്ലെങ്കില്‍
പിന്നെന്ത് ഐ ജി ? മനോജ്‌ എബ്രാഹമേ നീ താന്‍ ഐ ജി !

പിന്നെ ഐ ജി കെ എസ് യുക്കാരോട് അപമര്യാദയായി സംസാരിച്ചതാണ് അടുത്ത വിവാദം. വിവാദ സ്ഥലത്ത് പോലീസിനോട് മെക്കിട്ട് കയറിയ വിദ്യാര്‍ഥികള്‍ക്ക് നടുറോഡില്‍ കസേരയിട്ട് കൊടുത്തിട്ട് “ഇരിക്കണം സര്‍” എന്ന് പറയണമായിരുന്നോ ?

സംഘര്‍ഷം ഉണ്ടാകാന്‍ സാധ്യതയുള്ള ഒരു സന്ദര്‍ഭത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ എങ്ങനെ പെരുമാറണമെന്നാണോ പോലീസിനു പരിശീലനം നല്‍കിയിട്ടുള്ളത്, അപ്രകാരമാണ് മനോജ്‌ എബ്രഹാം അവിടെ പെരുമാറിയത്. “ഇരിക്കടാ അവിടെ” എന്ന് പറഞ്ഞപ്പോള്‍ നല്ല പോമറെനിയന്‍ നായ്ക്കുട്ടികളുടെ കൂട്ട് കെ എസ് യുക്കാര്‍ അവിടെ ഇരുന്നില്ലേ ? അതാണ്‌ പോലീസ്.

അത് മനോജ്‌ എബ്രഹാം തന്നെ പറഞ്ഞത് കൊണ്ടാണ് കോണ്‍ഗ്രസുകുട്ടികള്‍ അപ്പടി അനുസരിച്ചത്. ഇനി ഐ ജി പറഞ്ഞിട്ട് കേള്‍ക്കാതെ കുട്ടികള്‍ നേരെ പോലീസിനു നേര്‍ക്ക് പാഞ്ഞടുത്തിരുന്നുവെങ്കിലും ഐ ജിക്ക് ഒരു ചുക്കും ചെയ്യാനാകുമായിരുന്നില്ല. അതായിരുന്നു നല്ല സമരക്കാര്‍ ചെയ്യേണ്ടിയിരുന്നത്.

എന്നിട്ട് രണ്ടു തല്ലൊക്കെ കൊണ്ട് ആശുപത്രിയില്‍ കിടന്നു നേതാക്കളെ കിടയ്ക്കക്കരികിലെക്ക് വിളിച്ചുവരുത്തി അവരെയൊക്കെ ഒന്ന് പരിചയപ്പെടണമായിരുന്നു. അതൊഴിവാക്കിയില്ലേ ? അപ്പോള്‍ ആരാണ് മിടുക്കന്‍ ? ഐ ജിയോ , പേടിച്ചരണ്ടുപോയ കെ എസ് യുക്കാരനോ ?

പക്ഷെ ഒരു കാര്യം പറയാതെ വയ്യ, കുറച്ചുകൂടി തന്മയത്വത്തോടെ പോലീസ് ആസ്ഥാനത്തിനു മുമ്പില്‍ മഹിജയെ കൈകാര്യം ചെയ്യാന്‍ പോലീസിനു കഴിയണമായിരുന്നു. കാരണം മകന്‍ നഷ്ടപ്പെട്ട ഒരമ്മയാണവര്‍. അവരുടെ മാനസികാവസ്ഥയ്ക്ക് മുന്‍പില്‍ ഇത്തരം ന്യായാന്യായങ്ങള്‍ക്ക് ഒരു സ്ഥാനവുമില്ല .

ഉമ്മന്‍ചാണ്ടി കഴിഞ്ഞ 5 വര്‍ഷവും പറഞ്ഞുകൊണ്ടിരുന്നത്
ഇപ്പോള്‍ പിണറായിയും ഏറ്റുപറയുന്നു ? സന്തോഷം.
കേരളം രക്ഷപെടട്ടെ ! 

പക്ഷെ ഇതില്‍ നിന്നും ഇടതുപക്ഷ സര്‍ക്കാര്‍ മനസിലാക്കേണ്ട ഒന്നുണ്ട്. ഇങ്ങനെ കല്ലുവച്ച നുണകള്‍കോണ്ട് കെട്ടിയുണ്ടാക്കുന്ന വിവാദങ്ങള്‍ കേരളത്തിന്റെ വികസനത്തെ പിന്നോട്ട് നയിക്കും എന്ന്. മുഖ്യമന്ത്രി പിണറായി വിജയന്‍ അത് പറഞ്ഞുകഴിഞ്ഞു.

പക്ഷെ അതുകൊണ്ടായില്ലല്ലോ; കഴിഞ്ഞ 5 വര്‍ഷവും ഉമ്മന്‍ചാണ്ടി പറഞ്ഞുകൊണ്ടിരുന്നത് അതല്ലായിരുന്നോ ? അന്നത് നിങ്ങള്‍ കേട്ടില്ല. പകരം സരിതയെ ദേവതയെപ്പോലെ കൊണ്ടുനടന്നു. ഇപ്പോള്‍ അതിന്‍റെ പത്തിലൊന്ന് വിവാദങ്ങള്‍ ഉയര്‍ന്നപ്പോള്‍ തന്നെ നിങ്ങള്‍ക്ക് മടുത്തു. ഭരണം തടസപ്പെട്ടെന്ന്‍ നിങ്ങള്‍ക്ക് തോന്നിതുടങ്ങി. അപ്പോള്‍ കഴിഞ്ഞ 5 വര്‍ഷം പാഴാക്കി കളഞ്ഞതിന്‍റെ തെറ്റ് നിങ്ങള്‍ ഏറ്റുപറയുമോ ? അതോ നിങ്ങള്‍ ഭരിക്കുമ്പോള്‍ മാത്രം അങ്ങനൊക്കെ മതിയോ ?

എന്തായാലും ഇപ്പോഴെങ്കിലും അത് മനസിലായല്ലോ. അത്രയും നല്ലത്. ആയതുകൊണ്ട് ഇനിയും പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരുമ്പോൾ ഒറിജിനൽ അല്ലാത്ത സമരങ്ങളും തട്ടിപ്പ് ഹർത്താലുകളും അനാവശ്യ സെക്രട്ടറിയേറ്റ് മാർച്ചുകളും ഒഴിവാക്കി പരമാവധി കൊലപാതക രാഷ്രീയം ഒഴിവാക്കി ജനകളുടെ കണ്ണിൽ പൊടിയിട്ടുള്ള കോംപ്രമൈസ് രാഷ്ട്രീയം കുറച്ചൊക്കെ അവസാനിപ്പിച്ച് മുന്നോട്ട് പോയിട്ടില്ലെങ്കിൽ ഈ ഗതി ഇനിയും പിന്തുടരും.

അനാവശ്യ കാര്യങ്ങൾക്കായി തലപുകഞ്ഞാൽ, അതിന്നു മാത്രം സമയം കണ്ടെത്തിയാൽ പാർക്കിസൻസോ അൽഷിമേഴ്‌സോ ഒക്കെ നിങ്ങളിലും ദൈവം സമ്മാനിക്കും എന്ന ചിന്ത മനസ്സിൽ ഉണ്ടാകുന്നതും നല്ലതായിരിക്കും .

നമ്മുക്ക് നാമേ പണിവത് നാകം നരകവുമതുപോലെ – എന്ന് പറഞ്ഞാൽ നമുക്ക് നാം തന്നെയാണ് സ്വർഗ്ഗവും നരകവും പണിയുന്നത് എന്ന വസ്തുത മനസ്സിലാക്കിയാൽ നമുക്ക് ഭൂമിയിൽ മനസ്സമാധാനം.

ഇതൊക്കെ എന്നും പറഞ്ഞതരുവാൻ നിങ്ങൾ ഉണ്ടാകില്ല എന്ന വിഷമത്തിൽ

ഗ്രേറ്റ് ഫാദർ ക്യു വിൽനിന്നും ദാസനും ജോർജ്ജേട്ടന്റെ പൂരം കാണുന്ന വിജയനും

×