മോചനത്തിന്‍റെ ക്രെഡിറ്റ് വത്തിക്കാനോ ദൈവത്തിനോ ഇന്ത്യയ്ക്കോ ആകട്ടെ ! കൊല്ലപ്പെടുമോ ജീവിക്കുമോ സ്വന്തക്കാരെയെല്ലാം കാണാനാകുന്ന ഒരു കാലം ഇനി വരുമോ എന്നറിയാതെ കഴിഞ്ഞുപോയ ഫാ. ടോമിന്‍റെ മാനസികാവസ്ഥ നിങ്ങള്‍ വിസ്മരിക്കരുത് – മുരളി തുമ്മാരുകു

Saturday, September 16, 2017

യെമനിൽ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ ഫാദർ ടോം ഉഴുന്നാലിൽ മോചിപ്പിക്കപ്പെട്ടത് സന്തോഷം നൽകുന്ന വാർത്തയാണ്. മോചിപ്പിക്കപ്പെട്ടതിന്റെ ക്രെഡിറ്റ് ദൈവത്തിനാണോ വത്തിക്കാനാണോ ഇൻഡ്യക്കാണോ എന്നുള്ള തർക്കപോസ്റ്റുകളും, മോചിതനായതിനുശേഷം അദ്ദേഹം നടത്തിയ പരാമർശങ്ങളും അതിനെപ്പറ്റിയുള്ള വിമർശനങ്ങളും ഒക്കെ കണ്ടു.

ഇതൊക്കെ എഴുതുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളു. ഒരു മനുഷ്യന് കടന്നുപോകേണ്ടി വരുന്ന ഏറ്റവും വലിയ മാനസികസംഘർഷങ്ങളാണ് തട്ടിക്കൊണ്ടു പോയ ശേഷം താൻ കൊല്ലപ്പെടുമോ ജീവിക്കുമോ സ്വന്തം നാടും സ്വന്തക്കാരെയും കാണുന്ന ഒരു കാലം ഇനിയും ഉണ്ടാകുമോ എന്നൊക്കെ ചിന്തിച്ചു കഴിയേണ്ടിവരുന്ന അവസ്ഥ. എത്ര കട്ടിയായ മനസ്സുള്ളവരേയും അത് പ്രതികൂലമായി ബാധിക്കും.


മോചിപ്പിക്കപ്പെട്ടാലും വർഷങ്ങളെടുത്തേക്കാം ആ സ്ഥിതിയിൽനിന്നും മോചനം കിട്ടാൻ. ചിലരാകട്ടെ, ഒരിക്കലും അതിൽനിന്ന് മുക്തരാകുകയുമില്ല. അതിനാൽ നമ്മുടെ ഓഫീസിന്റെയും വീടിന്റെയും സുരക്ഷിതത്വത്തിലിരുന്ന് ടി വി യിൽ കാണുന്ന കാര്യങ്ങളെ അടിസ്ഥാനമാക്കി അവരെ വിലയിരുത്തുകയോ, കമ്പ്യൂട്ടറിൽ വരുന്ന വിവരങ്ങളെ അടിസ്ഥാനമാക്കി വിമർശിക്കുകയോ അരുത്.

അദ്ദേഹത്തിന് സാധാരണ ജീവിതത്തിലേക്ക് വരാൻ സമയവും സാവകാശവും കൊടുക്കുക, കരുണയോടെ അദ്ദേഹത്തെ കാണുക. അതാണ് ഇപ്പോൾ നാം ചെയ്യേണ്ടത്.

തട്ടിക്കൊണ്ടു പോകപ്പെടാനുള്ള സാധ്യത എന്റെ തൊഴിലിന്റെ ഭാഗമാണ്. എന്റെ സഹപ്രവർത്തകയായിരുന്ന ലിൻഡ അഫ്‌ഗാനിസ്ഥാനിൽ തട്ടിക്കൊണ്ടുപോകലിന് ഇരയായിട്ടുണ്ട്. അമേരിക്കൻ സൈന്യം നടത്തിയ റെയ്‌ഡിൽ (അവരെ രക്ഷിക്കാനായി) ലിൻഡ കൊല്ലപ്പെട്ടു.

അതുകൊണ്ടൊക്കെ തട്ടിക്കൊണ്ടുപോകൽ എന്റെ ചിന്തയുടെയും പ്ലാനിങ്ങിന്റെയും ഭാഗമാണ്. അതിനായി ഐക്യരാഷ്ട്രസഭയിൽ ഞങ്ങൾക്ക് പ്രത്യേക പരിശീലനവും ലഭിക്കാറുണ്ട്. ബന്ദിയാക്കാൻ കൂടുതൽ സാധ്യതയുള്ള സ്ഥലങ്ങളിലേക്ക് പോകുന്നതിനു മുൻപ് പ്രതിരോധിക്കാനുള്ള തയ്യാറെടുപ്പും നടത്താറുണ്ട്.

കഴിഞ്ഞ മുപ്പത് വർഷത്തിനിടക്ക് ഔദ്യോഗികജോലിയുടെ ഭാഗമായി ധാരാളം പരിശീലനങ്ങൾ അഭ്യസിക്കേണ്ടി വന്നിട്ടുണ്ട്. മഴക്കാടുകളിൽ ഒറ്റപ്പെട്ടുപോയാൽ ഏതൊക്കെ പുഴുക്കളെ ഭക്ഷിച്ച് ജീവൻ നിലനിർത്താൻ പറ്റും?, മരുഭൂമിയിൽ അകപ്പെട്ടാൽ രക്ഷപ്പെടുന്നത് എങ്ങനെ?,

നടുക്കടലിൽ വീണാൽ രക്ഷപ്പെടലിന്റെ സാധ്യത വർധിപ്പിക്കാനായി എന്തൊക്കെ ചെയ്യാം? ഹെലികോപ്റ്റർ ചിറകൊടിഞ്ഞു വീണാൽ തല പോകാതെ പുറത്തുകടക്കുന്നത് എങ്ങനെ? തുടങ്ങി ഒട്ടും സുഖകരമല്ലാത്ത വിഷയങ്ങളും അതുപോലെ കഠിനമായ പരിശീലനവുമാണ്.

എന്നാൽ മനസ്സിനെ വല്ലാതെ പിടിച്ചുകുലുക്കിയത് തട്ടിക്കൊണ്ടുപോകലിനെ നേരിടാനുള്ള പരിശീലനമാണ്. പരിശീലനത്തിന്റെ ഭാഗമായി കാറിൽനിന്നും വലിച്ചു താഴെയിട്ട് രണ്ടു ചവിട്ടും തന്ന് കൈ പുറകിൽ കെട്ടി വായിൽ പ്ലാസ്റ്ററൊട്ടിച്ച് കണ്ണുകെട്ടി കാറിന്റെ ഡിക്കിയിലിട്ട് മൂന്നോ നാലോ മണിക്കൂർ എവിടെയൊക്കെയോ കറക്കി അവസാനം അറിയാത്തൊരിടത്ത് തള്ളിയിട്ടു കഴിയുമ്പോഴേക്കും നമ്മുടെ ധൈര്യം മുഴുവൻ ചോർന്നുപോകും. അപ്പോൾപ്പിന്നെ ഇത് യഥാർത്ഥജീവിതത്തിൽ നേരിടേണ്ടി വന്നാലുള്ള കാര്യം പറയണോ?

എല്ലാ തട്ടിക്കൊണ്ടുപോകലും ഒരുപോലെയല്ല, അതുകൊണ്ടുതന്നെ അതിനെ നേരിടാനുള്ള തയ്യാറെടുപ്പും വ്യത്യസ്തമാണ്. പൊതുവെ പറഞ്ഞാൽ ഒരാളെ തട്ടിക്കൊണ്ടുപോകുന്നവർക്ക് നാലുതരത്തിലുള്ള ദുരുദ്ദേശ്യങ്ങളാണുള്ളത്.

1.ബന്ദിയെ ഉപയോഗിച്ച് വിലപേശി കാശുവാങ്ങാൻ
2.ബന്ദിയെ വെച്ച് വിലപേശി മറ്റാരെയെങ്കിലും മോചിപ്പിക്കാൻ
3.രാഷ്ട്രീയമായ മുതലെടുപ്പിന്
4.ലൈംഗികമായി ഉപയോഗിക്കാൻ (പ്രത്യേകിച്ച് സ്ത്രീകളെയും കുട്ടികളെയും.)

ലോകത്ത് ഏറ്റവും കൂടുതൽ നടക്കുന്നത് ഒന്നാമത്തെ തരത്തിലുള്ള തട്ടിക്കൊണ്ടുപോകലാണ്, ഇന്ത്യയിൽത്തന്നെ പലപ്പോഴും നടക്കുന്നതും. സോമാലിയയിലും നൈജർ ഡെൽറ്റയിലും ഇതൊരു കുടിൽവ്യവസായം തന്നെയാണ്. ഇത്തരം തട്ടിക്കൊണ്ടുപോകലിൽ അകപ്പെട്ടുപോയാൽ പ്രശ്നം താരതമ്യേന ലളിതമാണ്. കാരണം അവരുടെ ഉദ്ദേശം പണമാണ്, പണം കിട്ടണമെങ്കിൽ നമ്മൾ ജീവനോടെ വേണം. അത് കൊണ്ട് വലിയ പരിക്കൊന്നും വരാതെ നോക്കും.

നമ്മെ തട്ടിക്കൊണ്ടുപോയ വിവരം വലിയ താമസമില്ലാതെ നമ്മുടെ കമ്പനിയെയോ ബന്ധുക്കളെയോ വിളിച്ചറിയിക്കുകയും ചെയ്യും. പിന്നെയുള്ളത് വിലപേശലാണ്. തട്ടിക്കൊണ്ടുപോകൽ സാധാരണമായ സ്ഥലങ്ങളിൽ പോകുന്നവർക്ക് ഇപ്പോൾ കിഡ്‌നാപ്പിംഗ് ഇൻഷുറൻസ് വരെ ലഭ്യമാണ്.

നമ്മെ ആരെങ്കിലും തട്ടിക്കൊണ്ടുപോയാൽ ഇൻഷുറൻസ് കമ്പനിയെ വിവരമറിയിച്ചാൽ മതി. അവരുടെ ആളുകൾ വന്ന് വിലപേശി നമ്മളെ മോചിപ്പിക്കും. എന്നാൽ ഇതിലൊക്കെ ചില നിയമപ്രശ്നങ്ങളുമുണ്ട്. അടുത്തനാൾ വരെ അമേരിക്കയിൽ തട്ടിക്കൊണ്ടു പോകുന്നവരുമായി സർക്കാർ അല്ലാതെ ബന്ധുക്കൾ വിലപേശുന്നത് നിയമവിരുദ്ധമായിരുന്നു.

ഇത്തരം തട്ടിക്കൊണ്ടുപോകലിലെ പ്രധാന റിസ്‌ക്ക് നമ്മളെ തട്ടിയെടുക്കാൻ വരുമ്പോഴോ, നമ്മെ രക്ഷിക്കാൻ പോലീസോ പട്ടാളമോ വരുമ്പോഴോ ഉണ്ടാകാവുന്ന വെടിവെപ്പ് പോലെയുള്ള അപകടങ്ങളാണ്. പൊതുവെ പറഞ്ഞാൽ കാശിനുവേണ്ടി തട്ടിക്കൊണ്ടുപോകപ്പെട്ടവരിൽ നൂറിൽ തൊണ്ണൂറ്റൊമ്പതും അധികം താമസിയാതെ അപകടം കൂടാതെ തിരിച്ചെത്തും.

രണ്ടാമത്തെ പ്രശ്നം അല്പംകൂടി ഗുരുതരമാണ്. നമ്മെവെച്ച് വിലപേശി വേറെയാരെയെങ്കിലും വിട്ടുകിട്ടാനാണെങ്കിൽ കളി നമ്മുടെ കൈയിൽനിന്നും പോയി. പലപ്പോഴും പട്ടാളക്കാരെയും മറ്റ് ഉന്നതരെയും (ഹൈ വാല്യൂ ടാർഗറ്റ്) ഒക്കെയാണ് ഇങ്ങനെ തട്ടിക്കൊണ്ടുപോകുന്നത്. പൊതുവെ നല്ല പ്ലാനിംഗോടെയാണ് ഇത് നടക്കുന്നത്.

മൂന്ന്‌ സംഘങ്ങൾ ഇതിന് പിന്നിലുണ്ടാകും. snatching (പിടിച്ചെടുക്കൽ), holding (സുരക്ഷിതമായി സൂക്ഷിക്കൽ), negotiating (വിലപേശൽ) എന്നിങ്ങനെ. എത്ര ആസൂത്രിതമായിട്ടാണോ നമ്മെ റാഞ്ചിയത്, അത്രയും ബുദ്ധിമുട്ടായിരിക്കും നമ്മെ രക്ഷിക്കാനും. നമ്മളെ തട്ടിക്കൊണ്ടു പോകുന്നവർ ഒരു രാജ്യത്താണെങ്കിൽ വിലപേശൽ നടത്തുന്നത് മറ്റൊരു രാജ്യത്തു നിന്നായിരിക്കും.

പക്ഷെ, പൊതുവിൽ ഇത്തരക്കാരും നമ്മെ ദേഹോപദ്രവം ചെയ്യില്ല. മാനസികമായി തളർത്താൻ നോക്കുമെങ്കിലും നമ്മൾ തട്ടിപ്പോകുകയോ ആത്മഹത്യ ചെയ്യുകയോ ചെയ്താൽ അവരുടെ വിലപേശൽ നടക്കില്ലെന്ന ബോധ്യം നമ്മെ രക്ഷിക്കും.

മൂന്നാമത്തെ കൂട്ടരുടെ കൈയിലകപ്പെട്ടാലാണ് പ്രശ്നം ഗുരുതരമാകുന്നത്. അവർക്ക് നമ്മളെക്കൊണ്ട് പണമോ വെച്ചുമാറ്റലോ വേണ്ട. സർക്കാരിനെ നാണംകെടുത്തുക, മറ്റുള്ള രാജ്യങ്ങൾക്ക് മുന്നറിയിപ്പ് കൊടുക്കുക, പരമാവധി പബ്ലിസിറ്റി നേടുക ഇതൊക്കെയാണ് അവരുടെ ലക്ഷ്യം. അപ്പോൾ നമ്മുടെ മാനസിക-ശാരീരിക ആരോഗ്യമൊന്നും അവർക്ക് വിഷയമല്ല.

ചിലപ്പോൾ നമ്മളെ കഴുത്തറുത്തോ പെട്രോളൊഴിച്ചോ കൊല്ലാനാണ് അവരുടെ പദ്ധതിയെങ്കിൽ അതുതന്നെ നടത്തുകയും ചെയ്യും. കൊളംബിയയിലെ പ്രസിഡന്റ് സ്ഥാനാർത്ഥിയായിരുന്ന ഇൻഗ്രിഡ് ബെറ്റെൻകൂറിനെ അവിടുത്തെ സർക്കാരിനെതിരെ പോരാടുന്നവർ തട്ടിക്കൊണ്ടുപോയി വർഷങ്ങളോളമാണ് തടവിലിട്ടത്.

ഫ്രെഞ്ച് പൗരത്വം കൂടി അവർക്ക് ഉണ്ടായിരുന്നതിനാൽ രണ്ടു രാജ്യങ്ങളും, യൂറോപ്യൻ യൂണിയനും അവരെ മോചിപ്പിക്കാൻ ഏറെ അദ്ധ്വാനിച്ചു. പക്ഷേ ഒരു തരത്തിലുള്ള വിലപേശലിനും ഗറില്ലകൾ തയ്യാറായില്ല. അവസാനം ആറു വർഷങ്ങൾക്ക് ശേഷം അതി സാഹസികമായി കൊളംബിയൻ സേന അവരെ മോചിപ്പിച്ചു. |ഭയത്തെക്കുറിച്ചും വിശ്വാസത്തെ കുറിച്ചും ഇക്കാലം എന്താണ് പഠിപ്പിച്ചതെന്ന് അവരുടെ റ്റെഡ് ടോക് ഉണ്ട്, കേട്ടിരിക്കേണ്ടതാണ്.

https://www.ted.com/talks/ingrid_betancourt_what_six_years_in_captivity_taught_me_about_fear_and_faith?language=en

നാലാമത്തേതാണ് ദുരിതപർവ്വം. കൊടുംകുറ്റവാളികളാണ് ഇത് ചെയ്യൂന്നത്. ആസ്ട്രിയയിൽ ഒരു പിതാവ് സ്വന്തം മകളെയാണ് തട്ടിയെടുത്ത് വീടിനടിയിൽ പ്രത്യേക അറയുണ്ടാക്കി താമസിപ്പിച്ച് വർഷങ്ങളോളം ബലാൽസംഗം ചെയ്തത്. അതിനിടയിൽ അവർക്ക് കുട്ടികൾ ഉണ്ടായി.

ആ കുട്ടികളും വീടിനടിയിലെ അറയിൽ ലോകവും മാനവും കാണാതെ വളർന്നു. ഇത്രയും ക്രൂരമല്ലെങ്കിലും സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടുപോയി ലൈംഗിക അടിമകളാക്കുന്ന സംഭവങ്ങൾ ബെൽജിയത്തിലും അമേരിക്കയിലുമൊക്കെ ഉണ്ടായിട്ടുണ്ട്.

പ്രായോഗിക ജീവിതത്തിൽ ഈ വിഭജനം പക്ഷെ ഇത്ര കൃത്യമല്ല. പണത്തിനു വേണ്ടി ആരെങ്കിലും തട്ടി കൊണ്ട് പോയവരെ ഭീകരവാദികൾ വിലകൊടുത്തു വാങ്ങി അവരുടെ പ്രൊപ്പഗാണ്ടക്കായി ഉപയോഗിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. രാഷ്ട്രീയകാരണങ്ങളാൽ തട്ടിക്കൊണ്ടു പോയ സ്ത്രീകളെ ലൈംഗികമായി ഉപയോഗിച്ച അവസരങ്ങളും ഉണ്ട്.

തട്ടിക്കൊണ്ടുപോകലിന് ഇരയാകാതിരിക്കാൻ ശ്രദ്ധിക്കുക എന്നതാണ് ഒന്നാമത്തെ പാഠം. തട്ടിക്കൊണ്ടുപോകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ ജീവിക്കുമ്പോൾ സുരക്ഷാകാര്യങ്ങളിൽ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. ചുരുക്കിപ്പറഞ്ഞാൽ നമ്മളെ തട്ടിയെടുക്കുക എന്നത് മറ്റുള്ളവർക്ക് ഏറ്റവും വിഷമമുള്ള പണിയാക്കുക എന്നർത്ഥം. നിങ്ങളിൽ കൂടുതൽ പേർക്കും അത്യാവശ്യം ഇല്ലാത്ത വിഷയം ആയതിനാൽ വിസ്തരിക്കുന്നില്ല.

തട്ടിയെടുക്കപ്പെട്ടാൽ അക്രമികളോട് കെഞ്ചുകയോ കരയുകയോ ചെയ്യരുതെന്നതാണ് അടുത്ത പാഠം. കരച്ചിൽ കണ്ടാൽ മനസ്സലിയുന്ന ആളുകളൊന്നുമല്ല കിഡ്‌നാപ്പിംഗ് ബിസിനസിനിറങ്ങുന്നത് എന്നോർക്കുക. അതിനാൽ “എനിക്ക് നാട്ടിൽ ഭാര്യയും കുട്ടികളുമുണ്ട്” എന്നൊന്നും കരഞ്ഞുപറയുന്നതിൽ വലിയ കാര്യമൊന്നുമില്ല. പരമാവധി ധൈര്യത്തോടെ പരുമാറുക. നമുക്കൊട്ടും അധികാരമില്ലാത്ത സാഹചര്യമാണെങ്കിലും അഭിമാനം കളയാതെ നോക്കുക എന്നതും പ്രധാനമാണ്.

കൊളംബിയയിൽ ബന്ദികളാക്കിയവർക്ക് പേരിനു പകരം ജയിൽപ്പുള്ളികളെപ്പോലെ നമ്പർ വിളിക്കുന്ന ഏർപ്പാടുണ്ടായിരുന്നു. ബെറ്റൻകൂർ അതിനെതിരെ ശബ്ദമുയർത്തി. അതോടെ തടവുകാരുടെ ഭക്ഷണം കാവൽക്കാർ നിർത്തലാക്കി. അവരെ മൃഗങ്ങളെപ്പോലെ കുറ്റിയിൽ കെട്ടിയിട്ടു. എന്നിട്ടും അവർ തളർന്നില്ല. മനസ്സ് തകർന്നാൽ എല്ലാം തകർന്നു എന്നതായിരുന്നു അവരെ ജീവിപ്പിച്ച ചിന്ത. അവരുടെ സഹതടവുകാരുമായി ഇക്കാര്യത്തിൽ വഴക്കുണ്ടായി. അവരുടെ കദനകഥ നമ്മെ കരയിക്കുന്നതാണ്, ചിന്തിപ്പിക്കുന്നതും!

ഏതൊരു സാഹചര്യത്തിലും ആരോഗ്യം ശ്രദ്ധിക്കുക എന്നതാണ് അടുത്ത പടി. ഭക്ഷണം കിട്ടുമ്പോഴൊക്കെ കഴിക്കുക. ചെറിയ മുറിയിലാണ് അടച്ചിട്ടിരിക്കുന്നതെങ്കിൽ പോലും ദിനവും മിതമായി വ്യയാമം ചെയ്യുക. (ജീവിച്ചിരിക്കാനാണ്, സിക്സ് പാക്കിനല്ല.) കാവൽക്കാരൻ ശത്രുപക്ഷമാണെങ്കിൽ കൂടി ലോകത്തിൽ എല്ലാവർക്കും താല്പര്യമുള്ള വിഷയങ്ങൾ (സ്പോർട്ട്സ്, സിനിമ) അവരോട് സംസാരിക്കുക.

പിന്നിട്ട ജീവിതത്തിലെ നല്ലകാര്യങ്ങളെപ്പറ്റി മാത്രം ഓർക്കുക. തടവിൽനിന്ന് മോചനം നേടിയശേഷം ചെയ്യാൻപോകുന്ന പദ്ധതികളെപ്പറ്റി ചിന്തിച്ചുകൊണ്ടേയിരിക്കുക എന്നിങ്ങനെ ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യം നിലനിർത്താനാവശ്യമായ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

തീവ്രവാദികൾ പ്രമേഹത്തിനുള്ള മരുന്ന് നൽകിയെന്ന് ഫാദർ പറഞ്ഞു. എന്റെയൊക്കെ ഏറ്റവും വലിയ പേടി അതാണ്. തൈറോയിഡ് ഗ്രന്ഥിയെല്ലാം പണ്ടേ മുറിച്ചുകളഞ്ഞ് ഗുളികയിലാണ് ഹോർമോൺ നിലനിർത്തുന്നത്. രണ്ടുമാസം ഗുളിക കഴിച്ചില്ലെങ്കിൽ ശരീരവും മനസ്സും പിടിച്ചാൽ കിട്ടാതാകും. അതുകൊണ്ട് എന്റെ ഗ്രാബ് ബാഗിൽ നൂറുദിവസത്തേക്കുള്ള ഗുളിക ഞാൻ എപ്പോഴും കരുതും.

തീവ്രവാദികളുമായി മോചനത്തിനായി വിലപേശൽ നടത്തുമ്പോൾ ഏറ്റവും പ്രധാനം നമ്മൾ ജീവിച്ചിരിക്കുന്നു എന്നതിന്റെ തെളിവ് നമ്മുടെ രാജ്യത്തിനോ കമ്പനിക്കോ കൈമാറുക എന്നതാണ്. ഇതിനുവേണ്ടിത്തന്നെ ഞങ്ങൾ ഓരോരുത്തരും മൂന്ന് ‘പ്രൂഫ് ഓഫ് ലൈഫ്’ ചോദ്യങ്ങൾ സീൽചെയ്ത് ജനീവയിൽ ഒരു കവറിൽ സൂക്ഷിച്ചിട്ടുണ്ട്.

നമുക്ക് മാത്രം ഉത്തരമറിയാവുന്ന ചോദ്യങ്ങളാകും ഇവ. ഹൈസ്‌കൂളിലെ ആദ്യത്തെ ഗേൾഫ്രണ്ടിന്റെ പേര് എന്നതൊക്കെയാവാം, ബന്ദിയാക്കപ്പെട്ടാൽ ജീവിച്ചിരിപ്പുണ്ടോ എന്നതിന്റെ തെളിവിനായി ആദ്യം ചോദിക്കുന്ന ചോദ്യം. എല്ലാ ചോദ്യവും ഒരുമിച്ച് ചോദിക്കില്ല. തടവ് നീണ്ടുപോകുകയാണെങ്കിൽ ആറുമാസം കഴിഞ്ഞായിരിക്കും അടുത്ത ചോദ്യത്തിന്റെ ആവശ്യം വരിക. അതേസമയം നമുക്ക് ആവശ്യമുള്ള മരുന്നുകളുടെ കാര്യവും സന്ദേശമായി അറിയിക്കാം.

തട്ടിക്കൊണ്ടുപോകുന്നവർക്ക് മോചനദ്രവ്യം കൊടുക്കില്ല എന്നതാണ് ഐക്യരാഷ്ട്രസഭയുടെ പോളിസി. അതിനാൽത്തന്നെ കിഡ്‌നാപ്പിംഗ് ഇൻഷുറൻസ് ഞങ്ങൾ എടുക്കാറുമില്ല. ഇതൊരു നല്ല കാര്യമാണ്. എന്തെന്നാൽ ഒരുതവണ പണം കൊടുത്താൽ ‘അവൻ വീണ്ടും വരും’. അതിനാൽ മോചനദ്രവ്യം ആവശ്യമുള്ളവർ തട്ടിക്കൊണ്ടുപോകലിൽ നിന്ന് ഞങ്ങളെ അവഗണിക്കാറാണ് പതിവ്. നൈജർ ഡെൽറ്റയിലോക്കെ ധൈര്യത്തോടെ സ്ഥിരം പോകുന്നതിന്റെ രഹസ്യം ഇതാണ്.

കഴിഞ്ഞപ്രാവശ്യം സിറിയയിൽ പോകുന്നതിനു മുൻപാണ് ലിബിയയിൽ ഐസിസ് തട്ടിക്കൊണ്ടുപോയവരുടെ കഴുത്തറുത്തത്. പ്രകൃതിദുരന്തത്തിലോ ബോംബ് സ്ഫോടനത്തിലോ മരിക്കാൻ പേടിയില്ലാത്ത ആളാണ് ഞാനെങ്കിലും കുനിച്ചുനിർത്തി കോഴിയെ അറക്കുന്നതുപോലെ കൊല്ലുന്നതു കണ്ടപ്പോൾ ഉള്ളൊന്നു കാളി. ഞാൻ എന്റെ സിറിയൻ സുഹൃത്തിന്റെ അടുത്ത് ചെന്നു പറഞ്ഞു. “സുഹൃത്തെ, എന്നെ നിങ്ങളുടെ ഭാഷയിലെ പത്ത് മുട്ടൻ തെറി പഠിപ്പിക്കണം,

പെറ്റ തള്ള കേട്ടാൽ സഹിക്കാത്തത്, കേട്ടാൽ അപ്പോൾ തന്നെ അടിച്ചു ശരിയാക്കാൻ തോന്നുന്നത്.”

“അതെന്തിനാ മുരളി”

“ഇവന്മാരെങ്ങാനും എന്നെ പിടിച്ച് അറക്കാൻ കൊണ്ടുപോയാൽ ഞാൻ അവന്റെ കുടുംബത്തെ മൊത്തം തെറിവിളിക്കും. ഒറ്റ കുത്തിന് അവരെന്നെ കൊല്ലും. എനിക്കങ്ങനെ ചത്താൽ മതി”

ഡിങ്കകൃപയാൽ ഇതേവരെ ആ തെറിയുടെ ആവശ്യം വന്നിട്ടില്ല. ഇനി വരില്ലെന്ന് തന്നെ പ്രതീക്ഷിക്കാം. എങ്കിലും ഒരു കരുതൽ എപ്പോഴും എല്ലാവർക്കും നല്ലതാണ്.

×