രാഷ്ട്രീയം ഉപേക്ഷിക്കാന്‍ പോലും നിര്‍ബന്ധമുണ്ടായി. പദവികളെക്കാള്‍ വലുത് അഭിമാനമാണെന്ന് തോന്നിയ നാളുകള്‍. കുറ്റിപ്പുറത്ത് ആ നിര്‍ണ്ണായക തോല്‍വി ഉണ്ടായിരുന്നില്ലെങ്കില്‍ ? പികെ കുഞ്ഞാലിക്കുട്ടിയെ കേരള രാഷ്ട്രീയത്തിലെ അതികായനാക്കി മാറ്റിയ നാളുകള്‍ ഇങ്ങനെ !

ദാസനും വിജയനും
Friday, April 21, 2017

ഒരു തോല്‍വി പിന്നീട് നമുക്കെതിരായി വരുന്ന വലിയൊരു മുന്നേറ്റത്തെ തകര്‍ക്കാനുള്ള ദൌത്യത്തിനെതിരെ കൊടുങ്കാറ്റായി ആഞ്ഞുവീശുമെന്ന് ഏതെങ്കിലും മഹാന്മാര്‍ പറഞ്ഞു വച്ചതായി കേട്ടിട്ടില്ല. പക്ഷെ മലപ്പുറത്ത് അങ്ങനെ ചിലത് സംഭവിച്ചു.

മലപ്പുറത്തെ ചുവപ്പിക്കാന്‍ കച്ചമുറുക്കിയ സി പി എമ്മിന്റെ മലപ്പുറം പാര്‍ട്ടി കോണ്‍ഗ്രസ് 2004 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആ ദൌത്യത്തിന് തുടക്കമിട്ടതാണ്. മലപ്പുറത്തിന്‍റെ ഹരിതവര്‍ണ്ണങ്ങള്‍ക്ക് മുകളില്‍ വിപ്ലവത്തിന്‍റെ ചുവപ്പന്‍ ചക്രവാളങ്ങള്‍ രൂപപ്പെട്ടത് ആ തെരഞ്ഞെടുപ്പിലാണ്.

പാര്‍ട്ടി കോണ്‍ഗ്രസിന് പിന്നാലെ 2004 ലോക്സഭാ തെരഞ്ഞെടുപ്പുകള്‍ ഇപ്പോള്‍ ന്യൂനപക്ഷ തീവ്രവാദത്തിന്റെ ബാലികേറാമലയെന്നൊക്കെ ചിലര്‍ പറയുന്ന പഴയ മഞ്ചേരി അഥവാ ഇന്നത്തെ മലപ്പുറത്ത് കെ പി എ മജീദ്‌ എന്ന അതികായനെ ടി കെ ഹംസയെന്ന കമ്മ്യൂണിസ്റ്റ് അരിഞ്ഞുവീഴ്ത്തി.

മലപ്പുറം ചെങ്കോട്ടയാക്കാന്‍ മനക്കോട്ട കെട്ടിയവര്‍ കടപുഴകി വീണപ്പോള്‍

തൊട്ടുപിന്നാലെ 2006 ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗിന്റെ ഉരുക്കുകോട്ടയായ മലപ്പുറത്ത് നിന്ന് 5 സീറ്റുകളാണ് സി പി എം പിടിച്ചെടുത്തത്. മലപ്പുറമല്ലേ…, ലീഗല്ലേ…, ന്യൂനപക്ഷ തീവ്രവാദമല്ലേ.. കുഞ്ഞാലിക്കുട്ടിയല്ലേ.., എന്നൊക്കെ 13 വര്‍ഷങ്ങള്‍ക്കിപ്പുറം കമ്മ്യൂണിസ്റ്റുകള്‍ പറയുന്ന ആ മണ്ണില്‍ അതേ കുഞ്ഞാലിക്കുട്ടി എന്ന വന്‍മരം പോലും സി പി എമ്മിന്റെ കൊടുങ്കാറ്റില്‍ തട്ടി കടപുഴകി വീണു.

1991 മുതല്‍ മുസ്ലീം ലീഗ് രാഷ്ട്രീയത്തിന്‍റെ നെടുംതൂണായ പി കെ കുഞ്ഞാലിക്കുട്ടിയെയും സാക്ഷാല്‍ സി എച്ചിന്റെ മകനായ എം കെ മുനീറിനെയും വരെ അരിഞ്ഞുവീഴ്ത്തിയപ്പോള്‍ പലരും വിധിയെഴുതിയതാണ് മലബാറില്‍ ലീഗ് രാഷ്ട്രീയത്തിന്‍റെ യുഗം അവസാനിച്ചു എന്ന്. അങ്ങനെ വിശ്വസിച്ചവരായിരുന്നു ഏറെയും.

പക്ഷെ അക്കളിയില്‍ സി പി എമ്മിന് തെറ്റിയത് കുറ്റിപ്പുറത്തായിരുന്നു. കെ ടി ജലീല്‍ എന്ന ലീഗിന്റെ പഴയ യുവ പോരാളിയെ കൂട്ടിക്കൊണ്ടുവന്ന് പച്ചക്കുപ്പായം ഊരിമാറ്റി ചുവപ്പണിയിച്ച് ഗോദയിലിറക്കി 8000 ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ കുഞ്ഞാലിക്കുട്ടിയെ തറപറ്റിച്ചപ്പോള്‍ സി പി എം കേന്ദ്രങ്ങള്‍ തുള്ളിച്ചാടി.

പക്ഷെ ആ തോല്‍വിയാണ് മലപ്പുറത്ത് ലീഗിനെ അജയ്യ ശക്തിയാക്കി മാറ്റാന്‍ കുഞ്ഞാലിക്കുട്ടിയെ നിയുക്തനാക്കിയത് . പിന്നീട് മഞ്ഞളാംകുഴി അലിയെ തിരികെ ലീഗില്‍ എത്തിച്ച് ജലീലിനെ കൊണ്ടുപോയ സിപിഎമ്മിനോട് കുഞ്ഞാലിക്കുട്ടി പ്രതികാരം വീട്ടി .

പദവികളെക്കാള്‍ വലുത് അഭിമാനമാണെന്ന് പറഞ്ഞ
ഭാര്യയും മക്കളും രാഷ്ട്രീയം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിച്ചു 

ആരോപണങ്ങളും കേസും പരസ്യ മൊഴികളും ചാനല്‍ വിചാരണകളും ഒടുവില്‍ തെരഞ്ഞെടുപ്പ് പരാജയവുമായി കുഞ്ഞാലിക്കുട്ടി കുറ്റിപ്പുറത്ത് അടിഞ്ഞുകൂടിയെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തിയ നാളുകള്‍ . സത്യത്തില്‍ കുഞ്ഞാലികുട്ടി സ്വപ്നേപി വിചാരിക്കാത്ത ഒരു പരാജയം.

അത് അക്ഷരാര്‍ത്ഥത്തില്‍ അദ്ദേഹത്തെ മാനസികമായി തകര്‍ത്തു. ജനങ്ങള്‍ക്ക് തന്നെ വേണ്ടെങ്കില്‍ പിന്നെ താനെന്തിന് ഇങ്ങനെ ഓടണം എന്ന ചിന്തയായിരുന്നു കുഞ്ഞാപ്പയ്ക്ക്. ഒരു മാസം അദ്ദേഹം പാണ്ടിക്കടവത്ത് വീടിന്‍റെ പടിയിറങ്ങാന്‍ കൂട്ടാക്കിയില്ല.

ഇനി നമുക്ക് രാഷ്ട്രീയം വേണ്ടെന്ന് ഭാര്യയും മക്കളും ഒന്നിച്ചു നിര്‍ബന്ധിച്ചു. പദവികളെക്കാള്‍ വലുത് അഭിമാനമല്ലേ എന്നായിരുന്നു കുടുംബത്തിന്‍റെ നിലപാട്. ദുബായിലും ഖത്തറിലുമുള്ള മക്കള്‍ ഉപ്പ ഇനി രാഷ്ട്രീയത്തില്‍ ഇറങ്ങരുതെന്ന് നിര്‍ബന്ധിച്ചു . ഇതിനിടെയില്‍ പ്രമേഹം പോലുള്ള ആരോഗ്യ പ്രശ്നങ്ങളും കുഞ്ഞാലിക്കുട്ടിയെ അസ്വസ്ഥനാക്കി .

സൗഹൃദങ്ങളില്‍ നല്ലത് തിരിച്ചറിഞ്ഞു, മോശമായത് തള്ളി !

പക്ഷെ ഇവിടെയൊക്കെ കുഞ്ഞാലിക്കുട്ടിയ്ക്ക് തുണയായി നിന്നത് ചില നല്ല സൗഹൃദങ്ങളായിരുന്നു . സമ്പത്തിനും അധികാരത്തിനും രാഷ്ട്രീയത്തിനും മേലാണ് നല്ല സൗഹൃദങ്ങള്‍ എന്നദ്ദേഹം മനസിലാക്കിയത് ഈ കാലയളവിലാണ് . നല്ലതല്ലാത്ത ബന്ധങ്ങള്‍ വഴിതെറ്റിക്കുമെന്ന് തിരിച്ചറിഞ്ഞതും ഇതേ കാലയളവില്‍ .

ഐസ്ക്രീം കേസില്‍ ഒപ്പം നിന്ന് പാലം വലിച്ച സുഹൃത്തുക്കളെ / ബന്ധുക്കളെ മാറ്റി ആ കേസിന്‍റെ നടത്തിപ്പ് ഏറ്റവും അടുത്ത ഒരു സുഹൃത്തുക്കളെ ഏല്‍പ്പിച്ചു . ഈ കേസില്‍ നിരപരാധിയായിട്ടും കുഞ്ഞാലികുട്ടി അറസ്റ്റിലാകും എന്ന ഘട്ടം വന്നപ്പോഴാണ് അത് ഒഴിവാക്കാന്‍ മറ്റൊരു സുഹൃത്ത് സ്വയം അറസ്റ്റ് വരിച്ചത്‌ . അങ്ങനെ ആ അപമാനത്തില്‍ നിന്നും അദ്ദേഹത്തെ രക്ഷിച്ചതും ഒരു നല്ല സൗഹൃദമായിരുന്നു .

ഇക്കാലയളവില്‍ തങ്ങളുടെ രാഷ്ട്രീയത്തിനപ്പുറം പികെ കുഞ്ഞാലികുട്ടിയെന്ന സുഹൃത്തിനെ ആശ്വസിപ്പിക്കുകയും ഒപ്പം നില്‍ക്കുകയും ചെയ്തവരാണ് ഉമ്മന്‍ചാണ്ടിയും കെ എം മാണിയും എം പി വീരേന്ദ്രകുമാറും സിപിഎമ്മിലെ ഏറ്റവും പ്രബലരായ 2 നേതാക്കളും . അവരെ ഇന്നേവരെ കുഞ്ഞാലികുട്ടി തള്ളിപ്പറഞ്ഞിട്ടുമില്ല .

കുഞ്ഞാലിക്കുട്ടി മാറി, മനസാലും ശൈലിയാലും ! 

ആ കാലയളവ്‌ പികെ കുഞ്ഞാലിക്കുട്ടി എന്ന നേതാവില്‍ വല്ലാത്ത മാനസിക പരിവര്‍ത്തനങ്ങള്‍ ഉണ്ടാക്കി . അക്കാര്യം കുഞ്ഞാലികുട്ടി തന്നെ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുമുണ്ട് . അമിതമായ ശത്രുത ആരോടും ഉണ്ടാക്കരുതെന്നു കുഞ്ഞാലികുട്ടി തീരുമാനിച്ചു ; അത് സ്വന്തം പാര്‍ട്ടിയിലായാലും എതിര്‍ പാര്‍ട്ടിയിലായാലും.

കെ ടി ജലീലിനെ സ്വന്തം പാര്‍ട്ടിയില്‍ ശത്രുവായി കാണുകയും പുറത്താക്കുകയും ചെയ്തപ്പോള്‍ ആ ജലീല്‍ പിന്നീട് കുറ്റിപ്പുറത്ത് തന്നെ തോല്‍പ്പിക്കാന്‍ നിയുക്തനായി . അതൊക്കെ പിന്നീട് കുഞ്ഞാലികുട്ടി തിരുത്തിയ നല്ല പാഠങ്ങള്‍ ആയിരുന്നു . അതിനാല്‍ ആദ്യം തന്നെ വീണ്ടും സൌഹൃദത്തിലായത് ജലീലുമായിട്ടായിരുന്നു . വീണ്ടും കുറ്റിപ്പുറത്ത് മത്സരിച്ച് ജലീലിനോട് പ്രതികാരം വീട്ടാം എന്ന് കുഞ്ഞാലികുട്ടി തീരുമാനിക്കാതിരുന്നതിനും കാരണമുണ്ട് .

തിരികെ വിളിച്ചത് സുഹൃത്തുക്കള്‍ !
വന്നത് ഫീനിക്സ് പക്ഷിയെപ്പോലെ !

തിരിച്ചുവരണമെന്ന് കുഞ്ഞാലിക്കുട്ടിയെ നിര്‍ബന്ധിച്ചത് സുഹൃത്തുക്കള്‍ തന്നെയാണ്. രാഷ്ട്രീയം ഇല്ലാത്തവരും ഉള്ളവരും എതിര്‍ പാര്‍ട്ടിയില്‍ ഉള്ളവരും . അബ്ദുള്‍ വഹാബ് പോലുള്ള മുതലാളിമാര്‍ക്കല്ല , പാര്‍ട്ടിയിലെ സാധാരണക്കാര്‍ക്ക് താങ്കളെ വേണമെന്ന് അവര്‍ ഉപദേശിച്ചു. ഐസ്ക്രീം പാര്‍ലര്‍ കേസിന് പുറമേ കുഞ്ഞാലിക്കുട്ടിയുടെ തോല്‍വിക്ക് കാരണമായത് വഹാബ് പോലുള്ളവരുമായുള്ള മുതലാളിത്ത ബന്ധങ്ങളായിരുന്നു . വഹാബിന് രാജ്യസഭാ സീറ്റ് നല്‍കിയതായിരുന്നു വിവാദം .

അങ്ങനെ മാസങ്ങള്‍ക്ക് ശേഷം പാണ്ടിക്കടവത്ത് വീട്ടിലെ ചെടികള്‍ക്കും ദേശാടനപക്ഷികള്‍ക്കും ഒപ്പം സമയം ചിലവഴിച്ച കുഞ്ഞാപ്പ 2007 ലെ ഒരു ദിവസം നാദാപുരം എന്ന കലാപഭൂമിയില്‍ ലീഗ് രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ പങ്കെടുക്കാനായി എത്തി. പരാജയങ്ങള്‍ക്ക് ശേഷം ഏറെക്കാലത്തിനിടയില്‍ കുഞ്ഞാപ്പ പങ്കെടുക്കുന്ന പൊതുപരിപാടി.

ലീഗിന്റെ നാദാപുരത്തെ മുതിര്‍ന്ന നേതാവ് പി ശാദുലി സാഹിബിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് മനസില്ലാ മനസോടെ കുഞ്ഞാപ്പയെന്ന പി കെ കുഞ്ഞാലിക്കുട്ടി നാദാപുരത്തേക്ക് യാത്ര തിരിച്ചത്.

പക്ഷെ സമ്മേളന നഗരിയായ നാദാപുരത്തേക്ക് പ്രവേശിച്ചപ്പോള്‍ കുഞ്ഞാലിക്കുട്ടി ശരിക്കും ഞെട്ടി. കുഞ്ഞാപ്പയെ സ്വീകരിക്കാനെത്തിയിരിക്കുന്നത് പതിനായിരത്തോളം വരുന്ന വന്‍ ജനാവലി. നാദാപുരത്തെയും വളയത്തെയും വാണിമേലെയും നരിപ്പറ്റയിലെയും ചിക്കയാടിയിലെയും തൂണൂരിലെയും ലീഗ് പ്രവര്‍ത്തകര്‍ ഒട്ടുമിക്കവരുമുണ്ട് അന്ന് കുഞ്ഞാപ്പയെ സ്വീകരിക്കാന്‍.

നാദാപുരം ആരവമായി മാറിയപ്പോള്‍

അവരെ നയിച്ച് സൂപ്പി നരിക്കാട്ടേരിയും മംഗളത്ത് അഹമ്മദും മജീദ്‌ കൂയിദെരിയും അടങ്ങുന്ന പ്രാദേശിക നേതാക്കളുടെ നീണ്ട നിര. സമ്മേളനവേദിയ്ക്ക് ഒരു കിലോമീറ്ററിനപ്പുറം ജനാരവം മൂലം മുന്നോട്ട് നീങ്ങാനാവാതെ കുഞ്ഞാപ്പയുടെ ബെന്‍സ് നിന്നു. പിന്നെ മുന്‍വശത്തെ ഡോര്‍ തുറന്ന് തങ്ങളുടെ പ്രിയങ്കരനായ നേതാവിനെ തോളേറ്റിയ പ്രവര്‍ത്തകര്‍ ഒരു കിലോമീറ്ററിനപ്പുറം സമ്മേളന വേദിയില്‍ തങ്ങളുടെ നേതാവിനെയെത്തിച്ചത് നിലം തൊടുവിക്കാതെയാണ്.

ആ വേദിയില്‍ വച്ച് കുഞ്ഞാലിക്കുട്ടിയെന്ന ചീറ്റപ്പുലി കുഞ്ഞാപ്പയെന്ന സിംഹമായി മാറി. പ്രവര്‍ത്തകര്‍ക്ക് തന്നെ വേണമെന്ന് തോന്നിയപ്പോള്‍ പിന്നീട് കണ്ടത് മലബാറിന്റെ ഓരോ മുക്കിലും മൂലയിലേക്കുമുള്ള കുഞ്ഞാപ്പയുടെ നെട്ടോട്ടമായിരുന്നു. ആ 2006 – 2011 കാലയളവില്‍ ലീഗിന് കിട്ടിയത് കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ ഒരു പുത്തനുണര്‍വ്വായിരുന്നു.

ഫീനിക്സ് പക്ഷിയെപ്പോലെ കുഞ്ഞാലിക്കുട്ടിയും ലീഗും ഉയിര്‍ത്തെഴുന്നേറ്റു എന്ന് പറഞ്ഞാല്‍ അത് അക്ഷരാര്‍ത്ഥത്തില്‍ ശരി തന്നെയായിരുന്നു.

പക്ഷെ മലപ്പുറം ചുവപ്പിക്കാനിറങ്ങിത്തിരിച്ച സി പി എമ്മിന് അവിടെ തെറ്റി. കുഞ്ഞാലിക്കുട്ടിയുടെ ജൈത്രയാത്രയ്ക്ക് മുമ്പില്‍ സി പി എം ലക്ഷ്യങ്ങള്‍ തകര്‍ന്നടിഞ്ഞു. ഇത്തവണ മലപ്പുറത്ത് തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ സി പി എം ഏറ്റുപറഞ്ഞത് ശരി തന്നെയാണ്. ഞങ്ങളുടെ സ്വപ്നങ്ങളില്‍ പോലും മലപ്പുറത്തൊരു വിജയമില്ലെന്ന്‍.

13 വര്‍ഷങ്ങള്‍ക്കപ്പുറം വിജയക്കൊടി നാട്ടിയ മണ്ണില്‍ ഇനിയൊരു പ്രതീക്ഷ പോലുമില്ലെന്ന് എതിരാളികള്‍ വിളിച്ചു പറയണമെങ്കില്‍ ആ മാറ്റത്തെ എന്ത് പേരിട്ടു വിളിക്കണമെന്ന് കുഞ്ഞാപ്പയ്ക്കെ അറിയൂ..

2011 ല്‍ ലീഗ് 22 സീറ്റുകളില്‍ മല്‍സരിച്ച് 20 ലും വിജയിച്ചു. 2016 ലും യു ഡി എഫ് കേന്ദ്രങ്ങള്‍ തകര്‍ന്നടിഞ്ഞപ്പോഴും മലപ്പുറത്തെ ലീഗ് കോട്ടകള്‍ ഭദ്രമായിരുന്നു.

പുതിയ ദൗത്യവുമായി ദേശീയ രാഷ്ട്രീയത്തിലേയ്ക്ക്

ഇന്ത്യയിൽ ആകമാനം 35 ഓളം ലോക്‌സഭാ മണ്ഡലങ്ങളിൽ മുസ്ലിം ഭൂരിപക്ഷമായ വോട്ടർമാരുള്ളപ്പോൾ ജയിച്ചു കയറുന്നത് കേവലം പത്തോളം പേര്‍ മാത്രമാണെന്ന് മനസിലാക്കിയ കേരളത്തിലെ ലീഗ് നേതാക്കളുടെ തീരുമാനമാണ് കുഞ്ഞാലിക്കുട്ടിയുടെ ലോക്‌സഭാ പ്രവേശം .

കുഞ്ഞാലിക്കുട്ടിയെ പോലുള്ള ഒരു ജനകീയ നേതാവിന് ഉണ്ടാക്കുവാൻ കഴിയുന്ന ഒരു ഏകോപനം ലക്‌ഷ്യം വെച്ചുകൊണ്ട് ഉത്തർ പ്രദേശത്തിലും ബീഹാറിലും ആസാമിലും ഹൈദരാബാദിലും ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നുകൊണ്ട് ഒരു പ്രവർത്തനമാണ് കുഞ്ഞാലിക്കുട്ടിയിലൂടെ ലീഗ് ലക്‌ഷ്യം വെക്കുന്നത് .
ഗുജറാത്തിൽ ജനിച്ച അമിത്ഷാക്ക് കേരളത്തിൽ കളിക്കാമെങ്കിൽ കേരളത്തിൽ ജനിച്ച കുഞ്ഞാപ്പക്ക് അവിടെയും കളിക്കാം എന്ന് കാണിച്ചു കൊടുക്കുവാനുള്ള തന്ത്രമാണ് ലീഗ് പയറ്റുന്നത് .

25 സീറ്റുകളിൽ മത്സരിച്ചുകൊണ്ട് 22 സീറ്റുകളിൽ ജയിപ്പിച്ച പാരമ്പര്യമുള്ള കുഞ്ഞാപ്പക്ക് ഇനിയുള്ള ദൗത്യം ഇന്ത്യയിലെ ശിഥിലമായി കിടക്കുന്ന മുസ്ലിം ജനതയുടെ ഒരു ഏകോപനമാണ് . അക്കാര്യത്തിൽ അസംഖാനുമായും ഒവൈസിയുമായൊക്കെ കൈകോർത്തുകൊണ്ട് ഒരു പുതിയ മുന്നണി രൂപപ്പെടുത്തുവാൻ അദ്ദേഹത്തിന് കഴിയും എന്ന് ലീഗും അവരെ സ്നേഹിക്കുന്ന ജനങ്ങളും ഉറച്ചു വിശ്വസിക്കുന്നു . കുഞ്ഞാലിക്കുട്ടിയല്ലേ അതും നടക്കും അതിലപ്പുറവും നടക്കുമെന്നാണവരുടെ പ്രതീക്ഷ .

 

×