വീട് വിട്ടുപോയ നോറയ്ക്ക് പിന്നെന്ത് പറ്റി?

സുനില്‍ കെ ചെറിയാന്‍
Wednesday, December 6, 2017

ഈ വർഷത്തെ മികച്ച ലോക നാടകങ്ങളുടെ ലിസ്റ്റിൽ ഇബ്‌സനിൽ നിന്നും ടേക്ക് ഓഫ് ചെയ്യുന്ന ഒരു നാടകമുണ്ട്. ദാമ്പത്യത്തിന്റെ ‘തടവിലാക്കപ്പെട്ട’ നായികയുടെ കഥ പറഞ്ഞ ‘പാവവീട് പാർട്ട്-2’. അതായത് വീട്ടിൽ നിന്നും ഓടിപ്പോയ നോറയ്ക്ക് പിന്നെന്ത് പറ്റി? പതിനഞ്ച് വർഷങ്ങൾക്ക് ശേഷം നോറ തിരികെ വീട്ടിൽ പോയി, ഇപ്പോൾ പുസ്‌തകമെഴുതി സമ്പന്നയായി.

പക്ഷെ ചെറിയൊരു കുഴപ്പം. നോർവീജിയൻ നിയമം തൂലികാനാമത്തിൽ എഴുതിയ ഒരുവളുടെ റോയൽറ്റി അവളുടെ പേരിൽ ഇടപാട് നടത്താൻ സമ്മതിക്കില്ല. അതിന് ഭർത്താവ് വേണം! പാവ വീണ്ടും പാവയായി! ഇസ്രായേലി പട്ടണത്തിൽ വന്ന ഈജിപ്ഷ്യൻ സംഗീത ബാൻഡ് – ആശയുടെയും നാശത്തിന്റെയും നടുവിൽ – ദേശവുമായി കണക്റ്റ് ചെയ്യാൻ ശ്രമിക്കുന്ന കഥയാണ് ‘ദ ബാൻഡ്‌സ് വിസിറ്റ്’ പറയുന്നത്.

ഷെയ്‌ക്‌സ്പിയറിന്റെ ആത്മരതീലോലൻ റിച്ചാഡ് മൂന്നാമനും വർത്തമാനത്തിലേക്ക് ട്രംപീകരിച്ചിട്ടുണ്ട് ഒരു ബെർലിൻ നാടക സംഘം. അമേരിക്കയിൽ പഠിക്കാൻ പോയ നൈജീരിയക്കാരിയുടെ രണ്ട് പെൺമക്കൾ – ആഫ്രിക്കയിൽ വളർന്ന ഒരുവൾ അമേരിക്കയിൽ വളർന്ന സഹോദരിയെ കണ്ടു’മുട്ടു’ന്ന – ഓ, അതൊരു മുട്ട് തന്നെ – മുഹൂർത്തമാണ് മറ്റൊരു നാടകം.

ചീത്ത ലോകത്ത് നല്ല തെരഞ്ഞെടുപ്പ് മനുഷ്യസാധ്യമല്ലെന്ന് വാദിക്കുന്ന രണ്ട് ജയിൽപ്പുള്ളികളാണ് മറ്റൊരു നാടകത്തിലെ കഥാപാത്രങ്ങൾ. അപകടകരമായ കാര്യങ്ങൾ സംഭവിക്കുമ്പോൾ ഒറ്റക്ക് സങ്കടപ്പെടാനേ നമുക്ക് പറ്റൂ എന്നതാണ് നാടകങ്ങളുടെ പൊതുപ്രമേയം.

×