വർത്തമാനത്തിന്റെ ചരിത്രം

സുനില്‍ കെ ചെറിയാന്‍
Friday, November 24, 2017

2017-ലെ എണ്ണം പറഞ്ഞ പുസ്തകങ്ങളിൽ പങ്കജ് മിശ്രയുടെ ‘രോഷയുഗം’ (എയ്‌ജ് ഒവ് ആംഗർ: വർത്തമാനത്തിന്റെ ചരിത്രം) പ്രഥമസ്ഥാനത്താണെന്ന് നിരൂപകർ. നാശത്തിന്റെ ചാരത്തിൽ നിന്നും പുതിയൊരു ലോകം പിറന്നേക്കാമെന്ന മോഹത്തോടെ അരാജകത്വം പുഷ്‌കലമാകുന്നു എന്ന് പുസ്തകാരംഭത്തിൽ. പഴയ സംവിധാനത്തെ പിടിച്ചു കുലുക്കുക എന്ന തോന്നൽ ശക്തമായപ്പോൾ ട്രംപ് പ്രസിഡണ്ടായി. ബ്രെക്സിറ്റിന് വാതിലായി. ആശയക്കുഴപ്പത്തിലായ യൗവനം ഐ എസിൽ ചേരാമെന്ന് തീരുമാനിക്കുന്നു. ‘അപോകലിപ്‌സ്’ മുൻപെന്നതിനേക്കാൾ ഇപ്പോൾ പൂർണമായിക്കൊണ്ടിരിക്കുന്നു. നിരാശ, പരിഭ്രാന്തി, അസൂയാദികൾക്ക് വിശ്വരൂപമാണിപ്പോൾ. നീച്ചേയുടെ കാലത്ത് ഇത് ക്രിസ്ത്യാനിറ്റിയുടെ അപചയത്തിൽ മാത്രം അടിസ്ഥാനമായിരുന്നെങ്കിൽ നടപ്പു വിഭ്രമം ആഗോളവ്യാപിയാണ്, ആഗോളതാപനം പോലെ.

ആധുനികതയിലേക്കുള്ള സ്ഥിതിമാറ്റത്തിൽ, 18-19 നൂറ്റാണ്ടുകളിൽ, യൂറോപ്പ് അനുഭവിച്ച ആഘാതമാണിപ്പോൾ ലോകം പുറകോട്ട് പോയി ആവർത്തിക്കുന്നത്. സ്വാതന്ത്ര്യ-സംസ്‌കാര സങ്കൽപ്പങ്ങൾക്ക് രൂപാന്തരം സംഭവിക്കുമ്പോൾ ജന്മമെടുക്കുന്ന സാക്ഷാത്കരിക്കാനാവാത്ത അഭിനിവേശങ്ങൾ, അപമാനത്തിന്റെയും ക്ഷോഭത്തിന്റെയും കുഴികളിലാണ് അകാലചരമം പ്രാപിക്കുക.

എൻലൈറ്റൻഡ് ആയ പാശ്ചാത്യം ലോകത്തോട് പറയുന്നത് പുരോഗതിയിലേക്ക് പോകാനാണ്. പക്ഷെ അതിനായി ചൊരിഞ്ഞ ചോര-ക്രൗര്യ ഭൂതകാലം മൂടി വച്ചു കൊണ്ടാണ് ഉപദേശം! അധികാരത്തിന്റെ ഔദാര്യം പറ്റിക്കൊണ്ട് വോൾട്ടയർ പ്രഖ്യാപിച്ചു

റീസൺ ആണ് എല്ലാറ്റിനും മേലെ. വാച്ച് നിർമാണത്തിൽ നിന്നും അത്യാവശ്യം കാശുണ്ടാക്കി, പിന്നെ മുതലാളിത്ത-നാഗരികത, മൂല്യം, സഹിഷ്‌ണുത പ്രസംഗിക്കലായിരുന്നു, ഇപ്പോഴുള്ള പ്രസംഗ വിശാരദന്മാരുടെ പിതാവായ, വോൾട്ടയറിന്റെ പരിപാടി. ക്യാപിറ്റലിസം മനുഷ്യന്റെ ആദിമചോദനയായ ‘സർവൈവൽ ഓവ് ദ ഫിറ്റസ്റ്റ്’ പ്രവണതയെ ദുഷ്ടകരമായി വളർത്തുമെന്ന് റൂസ്സോ പറഞ്ഞിട്ടും ഏശിയില്ല. മതവും കുടുംബവും ശിഥിലമായപ്പോൾ, ടെക്‌നോക്രസിയിൽ വികാരങ്ങൾ അപ്രസക്തമായപ്പോൾ, മനുഷ്യൻ അവന്റെ സ്വയം ശ്രേഷ്ഠത കണ്ടെത്തുന്നത് ആരുടെയൊക്കെയോ പ്രസംഗങ്ങളിൽ നിന്നായിരിക്കുന്നു!

×