സഹായിക്കാനെത്തിയവരുടെ ലക്ഷ്യം രാമചന്ദ്രനല്ല, പകരം അവശേഷിക്കുന്ന സമ്പത്ത് ! പ്രതീക്ഷകള്‍ പിന്നെയും അസ്തമിക്കുന്നു. ജയിലില്‍ രോഗങ്ങളോടും അനാരോഗ്യത്തോടും മല്ലടിക്കുന്ന അറ്റ്‌ലസ് രാമചന്ദ്രന്‍റെ മോചനം അനന്തമായി നീളുന്നതിന് പിന്നില്‍ ?

ദാസനും വിജയനും
Friday, May 19, 2017

ഫോർബ്‌സും അറേബിയൻ ബിസിനസ് മാഗസിനും ഒക്കെ വർഷാവർഷം മലയാളിപ്പെരുമകൾ പുറത്ത് വിടുമ്പോൾ നമ്മളൊക്കെ സ്വകാര്യമായി അഹങ്കരിക്കുന്നുണ്ടെങ്കിലും ഒരു സഹജീവി ഈ വയസാൻ കാലത്ത് ജയിലിൽ ശിഷ്ടകാലം തീർക്കേണ്ടി വരുന്നതിന്റെ വിഷമം എത്ര ആവര്‍ത്തിച്ചാലും വീണ്ടും പറയാതിരിക്കാനാകില്ല .

പഴുത്ത പ്ലാവില കോഴിയുമ്പോൾ പച്ചയിലകൾ ചിരിക്കുന്നുവെന്ന സത്യം ഇവിടെ ഇങ്ങനെ ആവര്‍ത്തിക്കപെടുമ്പോള്‍ മലയാളമേ നമ്മൾ ലജ്ജിക്കുന്നു … !

വിഷയം അറ്റ്‌ ലസ് രാമചന്ദ്രന്‍ തന്നെ. അദ്ദേഹം ജയിലിൽ ആയതിനുശേഷം ഓരോ തവണയും ഇക്കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ എഴുതിക്കൊണ്ട് എങ്ങനെയെങ്കിലും അദ്ദേഹത്തിന് ഒരു സഹായമാകട്ടെ എന്ന് കരുതുമ്പോൾ അതൊക്കെ ഏറ്റു പിടിച്ചുകൊണ്ട് അതേപടി മറ്റുള്ള നവ മാധ്യമങ്ങളും അത് പകർത്തിയെഴുതുമ്പോൾ മനസ്സിൽ ഒരു സന്തോഷമായിരുന്നു .

അങ്ങനെയെങ്കിലും ബന്ധപ്പെട്ടവരോ അല്ലെങ്കിൽ സഹായിക്കുവാൻ സാധിക്കുന്ന മലയാളി മുതലാളി സമൂഹമോ സഹായഹസ്തവുമായി മുന്നോട്ട് ചെല്ലുമെന്നായിരുന്നു വിശ്വാസം .

വളരെ ഈസിയായി സഹായിക്കുവാൻ സാധിക്കുന്ന ഒരു ഗ്രൂപ്പിനോട് ഇക്കാര്യങ്ങൾ സൂചിപ്പിച്ചപ്പോൾ അദ്ദേഹം സിനിമയുമായി ബന്ധപ്പെട്ടുകൊണ്ട് മുൻകാലങ്ങളിൽ പ്രവർത്തിച്ചിരുന്നു എന്ന ഒരൊറ്റ കാരണത്താൽ സഹായിക്കില്ല എന്ന് വെട്ടിത്തുറന്ന് പറഞ്ഞത്രെ .

മറ്റൊരു ഗ്രൂപ്പ് ഇപ്പോൾ സഹായഹസ്തവുമായി വന്നിട്ടുണ്ട് എന്നൊക്കെ അറിയുവാൻ കഴിഞ്ഞെങ്കിലും ഇപ്പോഴും അതൊക്കെ അനിശ്ചിതാവസ്ഥയിൽ തന്നെ. കുറെ ആളുകൾ അവരുടെയൊക്കെ പേരും വിവരണങ്ങളുമൊക്കെ സോഷ്യൽമീഡിയയിൽ പബ്‌ളിസിറ്റിക്ക് വേണ്ടി നൽകുമ്പോൾ ഇവിടെ നഷ്ടപ്പെടുന്നത് വിലപ്പെട്ട കുറെ നല്ല ദിനരാത്രങ്ങളാണ് .

ജയിലിൽ നിന്നും കിട്ടിയ വിവരങ്ങൾ അനുസരിച്ച് ഒരു ബിസിനസ് ഗ്രൂപ്പ് അദ്ദേഹത്തെ സമീപിക്കുകയും ഒമാനിലെ ആശുപത്രികളും കുവൈറ്റിലെ സ്വര്‍ണ്ണക്കടകളും ഏറ്റെടുക്കുവാൻ തയാറാണെന്ന് സമ്മതിക്കുകയും ചെയ്തു . പക്ഷെ ഒരു വ്യവസ്ഥയുണ്ടായിരുന്നു .

കമ്പനിക്ക് മേലെ ചുമത്തപ്പെട്ട കേസുകൾ അവസാനിക്കണമെങ്കിൽ രാമചന്ദ്രൻ ഇനിയും ജയിലിൽ കിടന്നുകൊണ്ട് കേസുകൾ അവസാനിപ്പിക്കുക. അതേ സമയം ഈ ബിസിനസ് ഗ്രൂപ്പ് സ്ഥാപനങ്ങൾ ഏറ്റെടുത്തുകൊണ്ട് നടത്തി പുറത്തെ പ്രശ്നങ്ങൾ പരിഹരിക്കു൦. അതിനർത്ഥം അറ്റ്ലസ് രാമചന്ദ്രനെ സഹായിക്കുകയല്ല അവരുടെ ഉദ്ദേശം .

പകരം അദ്ദേഹത്തിന്‍റെ സ്ഥാപനങ്ങള്‍ എങ്ങനെയെങ്കിലും കൈവശമാക്കുകയാണ് ലക്ഷ്യമത്രെ. കാര്യങ്ങൾ ഇങ്ങനെയാണ് നീങ്ങുന്നതെങ്കിൽ അദ്ദേഹത്തിന്‍റെ മോചനം ഇനിയും ഒരു സ്വപ്നമായി അവശേഷിക്കും .

ഭാര്യയും മകളും ഡോക്ടർമാർ , മകൻ അമേരിക്കൻ ബിരുദധാരി. എന്നിട്ടും അദ്ദേഹത്തിന്റെ മോചനത്തിനായി മുന്നിട്ടിറങ്ങുവാൻ ആരുമില്ലാത്തതുപോലെ തോന്നിപ്പോകുന്നു . ബ്രിട്ടാനിയ മുതലാളി രാജൻ പിള്ളക്ക് സംഭവിച്ചതുപോലെ രാമചന്ദ്രേട്ടൻ വിഷയത്തിലും എന്തൊക്കെയോ ദുരൂഹതകൾ മനസിനെ വേട്ടയാടുന്നു .

ശരിക്കും ഇദ്ദേഹം ജയിൽ മോചിതനാക്കുവാൻ ഇവർക്കൊന്നും താത്പര്യമില്ലേ ? രാജൻപിള്ളക്കുവേണ്ടി തിഹാർ ജയിൽ അധികൃതർ ആവശ്യപ്പെട്ടത് ഒരു ​മാരുതി കാറായിരുന്നു . അതും തുച്ഛമായ വില വരുന്ന മാരുതി 800 , ഭൃഗന്ധരം എന്ന അസുഖത്താൽ വിഷമിച്ചിരുന്ന പിള്ളക്ക് ജയിലിൽ ചികിത്സ ലഭിക്കാതെയാണ് മരണത്തെ വരിച്ചത് .

അതുപോലെ മാരകമായ പ്രമേഹ രോഗത്താൽ അറ്റ്‌ ലസ് രാമചന്ദ്രനും പൊറുതി മുട്ടുമ്പോൾ പുറത്തുള്ളവർ എന്ത് ചെയ്യണം എന്നറിയാതെ നിസഹായാവസ്ഥയിലാണ് .

ജയിലിൽ പോകുന്നതിന് മുമ്പ് ഒരു വർഷക്കാലം പ്രമേഹരോഗം മൂർച്ഛിച്ചപ്പോൾ കണക്കുകളും മറ്റും മെല്ലെ മെല്ലെ ഓർമ്മകളിൽ നിന്നും നഷ്ടപ്പെടുന്ന അവസ്ഥയുണ്ടായിരുന്നു അദ്ദേഹത്തിനെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത് . അങ്ങനെയായിരിക്കണം വളരെ ഭംഗിയായി നടന്നിരുന്ന കച്ചവടങ്ങൾ പിന്നീട് ശ്രദ്ധയില്ലാതെ താഴേക്ക് പതിച്ചത് . ഒരു നല്ല ബിസിനസ് സാമ്രാജ്യമാണ് അതോടെ നഷ്ടമായത് .

ഒറ്റയാൻ ബുദ്ധിയിൽ കച്ചവടം ചെയ്യുന്ന ഏതൊരു കച്ചവടക്കാരനും സംഭവിച്ചേക്കാവുന്നതേ ഇവിടെയും സംഭവിച്ചിട്ടുള്ളൂ . ആയതിനാൽ ആർക്കും എന്തും എപ്പോഴും എങ്ങനെയും സംഭവിക്കാം എന്ന് മനസ്സിൽ കരുതിയാൽ നന്ന് .

ജയിലിൽ അദ്ദേഹത്തിന് പുറത്തുനിന്നും ഇഷ്ട ഭക്ഷണം വാങ്ങിക്കഴിക്കുവാൻ നിർവാഹമില്ലാത്ത അവസ്ഥ .
വല്ലപ്പോഴും ആരെങ്കിലും ചെന്നുകണ്ടാൽ പിന്നീട് ആരും തിരിഞ്ഞ് നോക്കാത്ത അവസ്ഥ.

ഇന്ത്യൻ അസോസിയേഷൻ പോലുള്ള ഏതെങ്കിലും മലയാളി സംഘടനകളോ , മലയാളിയുടെ അംബാസഡർമാർ എന്നൊക്കെ വിശേഷിപ്പിക്കുന്ന ഉന്നത വ്യക്തിത്വങ്ങളോ , കെഎംസിസി പോലുള്ള ജീവകാരുണ്യ പ്രവർത്തകരോ , ഇന്ത്യൻ എംബസിയെയോ ഒക്കെ ഇടപെട്ടാൽ എന്തെങ്കിലുമൊക്കെ ചെയ്യുവാനാകും എന്നാണ് അദ്ദേഹത്തിന്‍റെ അടുപ്പക്കാര്‍ ഇപ്പോഴും ഉറച്ചു വിശ്വസിക്കുന്നത് .

വിദേശകാര്യ മന്ത്രി സുഷമസ്വരാജിനോ കേരള മുഖ്യമന്ത്രി പിണറായി വിജയനോ ഫലപ്രദമായി ഇടപെടാന്‍ കഴിയും എന്നും പ്രതീക്ഷയുണ്ട് . കാരണം അറ്റ്‌ ലസ് ഗ്രൂപ്പിന്‍റെ മറ്റു സ്വത്തുക്കൾ ഗ്യാരന്റി വെച്ചോ വിൽക്കുവാൻ സഹായിച്ചുകൊണ്ടോ സർക്കാരുകൾക്ക് ഇടപെടാന്‍ കഴിയും .

ആരെങ്കിലും ഇപ്പോൾ അദ്ദേഹത്തെ സഹായിക്കുവാൻ മുന്നിട്ടിറങ്ങിയിട്ടുണ്ടെങ്കിൽ അവരെ നിരുത്സാഹപ്പെടുത്തുകയല്ല ഈ എഴുത്തിന്‍റെ ലക്ഷ്യം . ജയിലിൽ നിന്നും ഇറങ്ങിവരുന്ന ആളുകൾ അദ്ദേഹത്തെ കാണുകയും അദ്ദേഹത്തിന്‍റെ ദയനീയാവസ്ഥ വിവരിക്കുകയും ചെയ്യുമ്പോൾ ഉണ്ടാകുന്ന മനുഷ്യത്വ പരമായ
അനുകമ്പ മാത്രമാണിത് .

രാമചന്ദ്രൻ ജയിലിൽ പോകുന്നതിനുമുമ്പും പിമ്പും പരസ്യമായോ, സ്‌പോൺസർഷിപ്പ് ആയോ ഈ നവ മാധ്യമങ്ങളാരും ഒരു രൂപ വാങ്ങിയിട്ടില്ല. ഇനിയും അതൊന്നും ആരിൽ നിന്നും പ്രതീക്ഷിക്കുന്നുമില്ല . എന്നാല്‍ അതൊക്കെ വാങ്ങിയ പത്ര മുത്തശ്ശിമാര്‍ അദ്ദേഹത്തിന്‍റെ അവസ്ഥയൊന്നും കാണാനും തയ്യാറല്ല. ഏത് കള്ളന്‍ പരസ്യം തന്നാലും അവര്‍ പണം വാങ്ങി അതിടും . അവന്‍ കൊള്ളരുതായ്മ കാണിച്ചാല്‍ അത് മറച്ചുവയ്ക്കും.

ലോഞ്ചിംഗ് ദിവസം തട്ടിപ്പുകേസില്‍ ജയിലില്‍ പോയ കമ്പനി ഉടമ വീണ്ടും കളംമാറ്റി ചവിട്ടി പുതിയ രീതിയില്‍ ലോഞ്ചിംഗ് നടത്തിയപ്പോഴും പത്ര മുത്തശ്ശി 18 ലക്ഷം വാങ്ങി ഒന്നാം പേജ് അവര്‍ക്ക് തീറെഴുതി കൊടുത്തു. അതിനു നന്ദിയെന്നോണം സൗജന്യ വാര്‍ത്തയായി നട്ടാല്‍ കുരുക്കാത്ത നുണ എഴുതി ഇവര്‍ക്ക് മലയാളികളുടെ പോക്കറ്റടിക്കാന്‍ വിടുവേല ചെയ്ത് കൊടുക്കുകയും ചെയ്യുന്നു. അവര്‍ക്കും പരസ്യം കൊടുക്കാത്ത രാമചന്ദ്രനെ വേണ്ട .

ഒരു കാലത്ത് കേരളജനത ഏറ്റവും അധികം കേട്ടിരുന്ന ജനകോടികളുടെ വിശ്വസ്ത സ്ഥാപനത്തിന്‍റെ വിശ്വസ്തനായ മുതലാളിക്ക് വേണ്ടി വളരെയധികം വിഷമത്തോടെ

സ്വർണ്ണപ്പണിക്കാരൻ ദാസനും ജയിൽ വാർഡൻ വിജയനും

×