Advertisment

എന്ത് ഉദ്ദേശത്തോടെ ആയിരുന്നെങ്കിലും മദ്യശാലകള്‍ ഹൈവേയില്‍ നിന്ന് മാറ്റാനുള്ള സുപ്രീംകോടതി ഉത്തരവ് ഹിമാലയന്‍ മണ്ടത്തരം. മാറ്റുന്നത് ജനവാസകേന്ദ്രങ്ങളിലേക്ക്, മദ്യം ഇനി ജനകീയവത്കരിക്കും !

author-image
Vincent
New Update

മദ്യവില്‍പ്പനശാലകള്‍ ഹൈവേ, സംസ്ഥാന പാതകളുടെ വശങ്ങളില്‍ നിന്നും മാറ്റണമെന്ന സുപ്രീംകോടതിയുടെ ഉത്തരവ് മഹാ വിഡ്ഢിത്തരമായി മാറിയിരിക്കുകയാണ്. നഗര പ്രദേശങ്ങളില്‍ കേന്ദ്രീകൃതമായിരുന്ന മദ്യശാലകള്‍ പുതിയ ഉത്തരവിലൂടെ ഗ്രാമങ്ങളിലെ ജനവാസകേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു.

Advertisment

ഇതിനെതിരെ സംസ്ഥാന വ്യാപകമായി ജനങ്ങള്‍ പ്രതിഷേധ രംഗത്ത് വരികയും ചെയ്തിരിക്കുന്നു. മാത്രമല്ല ഗ്രാമങ്ങളിലെ ജനവാസ കേന്ദ്രങ്ങളില്‍ മദ്യവില്‍പ്പന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചു തുടങ്ങുക വഴി മദ്യത്തെ കൂടുതല്‍ ജനകീയ വത്കരിക്കാനും പുതിയ സുപ്രീംകോടതി ഉത്തരവ് ഇടയാക്കും.

publive-image

സംസ്ഥാനത്തെ സംബന്ധിച്ച് ദൂരവ്യാപകമായ വിപരീത പ്രത്യാഘാതങ്ങള്‍ ഉണ്ടാകുന്നതാണ് ദേശീയ, സംസ്ഥാന പാതയോരങ്ങളില്‍ നിന്നും മദ്യഷോപ്പുകള്‍ മാറ്റാനുള്ള ഉത്തരവ്. യാഥാര്‍ത്ഥ്യ ബോധത്തോടെ നാട്ടിലെ സാഹചര്യങ്ങള്‍ വിലയിരുത്താതെയാണ് ബഹുമാന്യ സുപ്രീംകോടതിയുടെ ഉത്തരവെന്ന് പറയാതെ വയ്യ.

നിലവില്‍ മദ്യത്തിനായി നഗരത്തിലെ ഷോപ്പുകളില്‍ എത്തി വാങ്ങുന്നത് പ്രയാസമായ കാര്യമായി കണ്ടിരുന്ന യുവാക്കള്‍ക്ക് ഇനി ഒളിച്ചും പതുങ്ങിയും തങ്ങളുടെ നാട്ടില്‍ നിന്ന് തന്നെ ഇനി സംഘടിപ്പിക്കാനാകും. ഗ്രാമങ്ങളിലെ സാമൂഹ്യ അന്തരീക്ഷത്തെയും പുതിയ തീരുമാനങ്ങള്‍ പ്രതികൂലമായി ബാധിക്കുന്നു എന്നതാണ് പ്രതിഷേധം ആളിക്കത്താന്‍ ഇടയാക്കിയത്.

ജനവാസ കേന്ദ്രങ്ങളില്‍ മദ്യശാലകള്‍ വരുന്നതോടെ സ്കൂളിലേക്ക് കാല്‍നടയായി വന്നുപോകുന്ന പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികളെയും വിവിധ ആവശ്യങ്ങള്‍ക്ക് നാട്ടിലിറങ്ങി സഞ്ചരിക്കേണ്ടി വരുന്ന സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരെയും സാമൂഹ്യ വിരുദ്ധരുടെ മുമ്പിലേക്ക് എറിഞ്ഞുകൊടുക്കുന്നതിന് തുല്യമാണ്. അവരുടെ സഞ്ചാര സ്വാതന്ത്ര്യത്തെ തന്നെ ഇത് ഹനിക്കുകയാണ്.

നിലവില്‍ 25 ഓളം മദ്യ ഷോപ്പുകളാണ് ഗ്രാമീണ മേഖലകളിലെ ജനവാസ കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുള്ളത്. അവിടങ്ങളില്‍ പ്രതിഷേധം തുടരുകയാണ്. നൂറിലധികം മദ്യ ഷോപ്പുകള്‍ ഈ ആഴ്ച തന്നെ ഗ്രാമീണ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിനുള്ള തയാറെടുപ്പുകള്‍ ബെവ്കോയും കണ്‍സ്യൂമര്‍ ഫെഡ്സുമൊക്കെ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

പ്രതിഷേധം ഭയന്ന് പുതിയ കേന്ദ്രങ്ങളിലെ ഷോപ്പുകള്‍ തുറക്കുന്നതിനു പോലീസ് സംരക്ഷണം ആവശ്യപ്പെട്ടിരിക്കുകയാണ് ബിവറേജസ് കോര്‍പറേഷനുകള്‍. പലയിടങ്ങളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പുതിയ മദ്യശാലകള്‍ക്ക് ലൈസന്‍സ് നല്‍കിയിട്ടില്ല. എക്സൈസ് ലൈസന്‍സ് മാത്രം സമ്പാദിച്ച് പലയിടത്തും മദ്യ ഷോപ്പുകള്‍ തുറന്നിട്ടുണ്ടെങ്കിലും പഞ്ചായത്ത് / മുനിസിപ്പാലിറ്റികള്‍ ലൈസന്‍സ് നല്‍കാന്‍ തയാറായില്ലെങ്കില്‍ അവ പൂട്ടേണ്ടി വരും.

അങ്ങനെ എന്തുകൊണ്ടും യുക്തിരഹിതവും ജനവിരുദ്ധവും യാഥാര്‍ത്ഥ്യ ബോധം ഉള്‍ക്കൊള്ളാത്തതുമായ കോടതി വിധി പുനപരിശോധിപ്പിക്കുന്നതിന് വേണ്ട നടപടികള്‍ കൈക്കൊള്ളാന്‍ സര്‍ക്കാര്‍ തയാറാകണം. നിലവിലെ സാഹചര്യവും ഉത്തരവിന്റെ നിരര്‍ത്ഥകതയും കോടതിയെ ബോധ്യപ്പെടുത്തണം. ഇനിയെങ്കിലും മണ്ടത്തരം തിരുത്താന്‍ സുപ്രീംകോടതിയും തയറാകണം.

kerala bar law
Advertisment