Advertisment

ഓഖിയില്‍ പെട്ട് മുംബൈ; കനത്ത മഴ, സ്‌കൂളുകള്‍ക്ക് അവധി; കേരളത്തില്‍ 72 പേരെ കൂടി രക്ഷപ്പെടുത്തി

New Update

മുംബൈ: കേരളത്തിലും തമിഴ്‌നാട്ടിലും കനത്ത നാശംവിതച്ച ഓഖി താണ്ഡവം മഹാരാഷ്ട്രയിലും. ഗുജറാത്തിലെ സൂറത്തിനു സമീപം കടന്നുപോകുന്ന കാറ്റിനെ തുടര്‍ന്നു മുംബൈയില്‍ കനത്ത മഴയാണ്. തിങ്കളാഴ്ച രാത്രിയില്‍ തുടങ്ങിയ മഴ ഇതുവരെയും ശമിച്ചിട്ടില്ല. ഓഖി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ മുംബൈയിലെയും സമീപജില്ലകളിലെയും സ്‌കൂളുകള്‍ക്കു ചൊവ്വാഴ്ച അവധി നല്‍കി. ബിജെപി അധ്യക്ഷന്‍ അമിത് ഷാ ഗുജറാത്തില്‍ നടത്താനിരുന്ന തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ റദ്ദാക്കി.

publive-image

ചുഴലിക്കാറ്റില്‍ ഏതെങ്കിലും തരത്തിലുള്ള അടിയന്തരാവസ്ഥയുണ്ടായാല്‍ നേരിടാന്‍ വന്‍ തയാറെടുപ്പുകളാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. യാത്രക്കാരെ നിയന്ത്രിക്കുന്നതിനു വെസ്റ്റേണ്‍ റെയില്‍വേ കൂടുതല്‍ ഉദ്യോഗസ്ഥരെ വിന്യസിച്ചു. മുംബൈ മെട്രോപൊളീറ്റന്‍ നഗരം, സിന്ധുദുര്‍ഗ, താനെ, റായ്ഗഡ്, പല്‍ഗാര്‍ എന്നിവിടങ്ങളിലെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി നല്‍കി. ബീച്ചുകള്‍ സന്ദര്‍ശിക്കരുതെന്നു ജനത്തിന് മുന്നറിയിപ്പുണ്ട്.

അതിനിടെ, ‘വെരി സിവിയര്‍’ എന്നതില്‍നിന്ന് ‘സിവിയര്‍’ എന്ന തലത്തിലേക്ക് ഓഖി മാറിയത് നേരിയ ആശ്വാസമായി. ഉത്തര കൊങ്കണ്‍, മുംബൈ തുടങ്ങിയവിടങ്ങളില്‍ മഴയ്ക്കു സാധ്യതയുണ്ട്.

തീരദേശങ്ങളില്‍ മണിക്കൂറില്‍ 50-60 കിലോമീറ്റര്‍ വേഗതയില്‍ കാറ്റു വീശിയേക്കും. തിങ്കളാഴ്ച പുലര്‍ച്ചെ അറബിക്കടലിന്റെ കിഴക്കന്‍ മേഖലകളിലൂടെ സഞ്ചരിച്ച ഓഖി, മുംബൈ തീരത്തുനിന്ന് 690 കിലോമീറ്ററും ഗുജറാത്തിലെ സൂറത്തില്‍നിന്ന് 870 കിലോമീറ്ററും അകലെ എത്തി. കേരളത്തില്‍ കടല്‍ക്ഷോഭത്തിനു സാധ്യതയുണ്ട്. തിരമാലകള്‍ നാലര മീറ്റര്‍ വരെ ഉയരും. താഴ്ന്നുകിടക്കുന്ന തീരപ്രദേശങ്ങളില്‍ തിരത്തള്ളലിനും സാധ്യതയുണ്ട്.

mumbai okhi Metro
Advertisment