Advertisment

കേരളം സ്ത്രീകളെ അവഹേളിക്കുന്നവരുടെ നാടായി മാറിക്കൊണ്ടിരിക്കുന്നു - വി എസ് അച്യുതാനന്ദന്‍

New Update

തിരുവനന്തപുരം: സ്ത്രീകള്‍ക്ക് അര്‍ഹമായ മാന്യതയും പദവിയും നല്‍കുന്ന നാടാണെന്ന് അഭിമാനിക്കുമ്പോഴും രഹസ്യമായി സ്ത്രീകളെ അവഹേളിക്കുകയും ആക്രമിക്കുകയും ചെയ്ത് ആനന്ദിക്കുന്നവരുടെ നാടായി കേരളം മാറിക്കൊണ്ടിരിക്കുന്നതായി മുന്‍ മുഖ്യമന്ത്രി വി.എസ്സ്.അച്ചുതാനന്ദന്‍ പറഞ്ഞു.

Advertisment

അന്തര്‍ദ്ദേശീയ വനിതാദിനത്തില്‍ വിവിധ മേഖലകളിലെ പ്രമുഖരായ വനിതകളെ ആദരിക്കുന്നതിനായി കേരള കലാകേന്ദ്രം ഏര്‍പ്പെടുത്തിയ ശ്രീരത്‌ന അവാര്‍ഡുകള്‍ സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

publive-image

 

ഡല്‍ഹിയിലെ "നിര്‍ഭയ" ക്കു ശേഷം സ്ത്രീ സുരക്ഷക്ക് നിരവധി നിയമങ്ങള്‍ നിലവില്‍ വന്നെങ്കിലും കേരളത്തില്‍ ഒന്നിന് പിറകേ ഒന്നായി സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നു. സൗമ്യക്കും ജിഷക്കും ശേഷം അടുത്തകാലത്ത് ഒരു സിനിമാ നടിക്ക് നേരേയും ആക്രമണം ഉണ്ടായിരിക്കുന്നു. ഇത് വളരെ ഗൗരവമായി കാണേണ്ടതാണ്. സ്ത്രീ സ്വന്തം ശക്തിയും ചൈതന്യവും തിരിച്ചറിഞ്ഞ് സമൂഹത്തില്‍ സാന്നിദ്ധ്യം അറിയിക്കണം. സ്ത്രീകള്‍ക്കെതിരേയുള്ള മനോഭാവം നിയമം കൊണ്ട് മാത്രം മാറ്റാനാവില്ലെന്നും അതിന് ശക്തമായ അവബോധത്തിലൂടെ സമൂഹമനസ്സ് മാറ്റണമെന്നും വി.എസ്.പറഞ്ഞു.

ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജ റ്റീച്ചര്‍, മഹിളാ കോണ്‍ഗ്രസ്സ് അഖിലേന്ത്യ പ്രസിഡന്റ് ശോഭ ഓജ, നര്‍ത്തകിയും നൃത്ത സംവിധായികയുമായ പത്മശ്രീ കലാമണ്ഡലം ക്ഷേമാവതി, ദുബായ് അല്‍ തയാര്‍ ഗ്രൂപ്പ് കണ്‍ട്രി മാനേജര്‍ സ്വീനാ ഡി നായര്‍, ദിയാ ഗ്രൂപ്പ് മാനേജിംഗ് പാര്‍ട്ട്‌നര്‍ ഷെറിന്‍ അഹ്നാസ് എന്നിവര്‍ക്ക് ശ്രീരത്‌ന അവാര്‍ഡുകള്‍ വി.എസ്സ്. സമ്മാനിച്ചു.

പ്രധാനമന്ത്രിയുടെ മുന്‍ ഉപദേഷ്ടാവ് റ്റി.കെ.എ.നായര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ മുഖ്യ പ്രസംഗം നടത്തി. ഡോ.ഡി.ബാബുപോള്‍, ഇന്റലിജന്‍സ് ഐ.ജി.ഇ.ജെ.ജയരാജ് എന്നിവര്‍ പ്രസംഗിച്ചു. കേരള കലാകേന്ദ്രം ജനറല്‍ സെക്രട്ടറി കെ. ആനന്ദകുമാര്‍ സ്വാഗതം ആശംസിച്ചു. ഗീതാഞ്ജലി കൃതജ്ഞത പ്രകാശിപ്പിച്ചു. നര്‍ത്തകി സിതാര ബാലകൃഷ്ണന്‍, ആര്‍. രജിത, കെ.എസ്. പ്രവീണ്‍കുമാര്‍, അബിന ബാലു, പ്രസീദ, പ്രവീണ, കണ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

women
Advertisment