Advertisment

ജയിലിൽ ശശികലയ്ക്കു ലഭിക്കുന്ന അനർഹമായ പരിഗണനയെക്കുറിച്ച് പുറംലോകത്തെ അറിയിച്ച ഡിഐജി രൂപയ്ക്ക് രാഷ്ട്രപതിയുടെ പുരസ്കാരം

author-image
admin
New Update

കൈക്കൂലി വാങ്ങി ജയിലിൽ ഇഷ്ടക്കാർക്ക് പരിഗണനയും സൗകര്യങ്ങളും അനുദിച്ചുകൊടുക്കുന്നതു പുറംലോകത്തെ അറിയിച്ച ഡിഐജിക്കു മികച്ച സേവനത്തിനുള്ള രാഷ്ട്രപതിയുടെ പുരസ്കാരം സമ്മാനിച്ചു. അണ്ണാ ഡിഎംകെ മുൻ ജനറൽ സെക്രട്ടറി ശശികലയ്ക്കു പാരപ്പന അഗ്രഹാര ജയിലിൽ ലഭിക്കുന്ന അനർഹമായ പരിഗണനയെക്കുറിച്ച് ആഭ്യന്തരവകുപ്പിനും പൊലീസ് ഡയറക്ടർ ജനറലിനും റിപോർട്ട് സമർപ്പിച്ച കർണാടക മുൻ ജയിൽ ഡിഐജി രൂപയ്ക്കാണ് പുരസ്കാരം. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ വജുഭായ് രുധാഭായ് വാല പുരസ്കാരം നൽകി. 2016 ൽ രാഷ്ട്രപതിയുടെ പൊലീസ് മെഡലും രൂപ നേടിയിരുന്നു.

Advertisment

publive-image

ജയിൽ മുൻ ഡിജിപി എച്ച്. എൻ സത്യനാരായണ റാവു ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ രണ്ടുകോടി രൂപ കൈക്കൂലി വാങ്ങി ശശികലയ്ക്ക് വിഐപി പരിഗണന നൽകിയെന്ന രൂപയുടെ റിപ്പോർട്ട് നേരത്തെ വിവാദമായിരുന്നു. ജയിൽ നിയമങ്ങൾ ലംഘിച്ച് ശശികല അടുക്കള ഉപയോഗിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പുറംലോകം അറിഞ്ഞതു രൂപയുടെ റിപോർട്ടിലൂടെയാണ്.റിപോർട്ട് പുറത്തായയുടൻ രൂപയെ ഗതാഗത റോഡ് സുരക്ഷാ വിഭാഗത്തിലെ ഡിഐജിയായി മാറ്റി നിയമിച്ചു. പരാതികളെക്കുറിച്ച് അന്വേഷിക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉത്തരവിട്ടു. അനധികൃത സ്വത്തുകേസിലാണ് ശശികല തടവുശിക്ഷ അനുഭവിക്കുന്നത്.

സാധാരണ സൗകര്യങ്ങളേ ശശികലയ്ക്കുമുള്ളൂ എന്ന് അരോപണങ്ങളെക്കുറിച്ച് അന്വേഷിച്ച ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡി വ്യക്തമാക്കി. ശശികലയ്ക്കും ബന്ധു ഇളവരശിക്കും പ്രത്യേക പരിഗണനകൾ തുടരുന്നുവെന്ന റിപ്പോർട്ടുകൾ സത്യമല്ല. താൻ ജയിലിൽ നേരിട്ടു സന്ദർശനം നടത്തിയപ്പോൾ ബോധ്യമായതാണിതെന്നും മന്ത്രി വ്യക്തമാക്കി. ജയിലിൽ ശശികല എന്തെങ്കിലും ജോലി ചെയ്യുന്നുണ്ടോ എന്ന കാര്യം തിരക്കിയില്ല. കോടതി ഉത്തരവുണ്ടെങ്കിൽ ഇവർക്കു നിശ്ചയമായും ജോലി കൊടുത്തിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സർവീസ് നിയമങ്ങൾ ലംഘിച്ചതിനും ഉന്നതോദ്യോഗസ്‍ഥർക്കെതിരെ പരസ്യമായി ആരോപണം ഉന്നയിച്ചതിനും രൂപയ്ക്ക് കാരണം കാണിക്കൽ നോട്ടീസും കൊടുത്തിരുന്നു. ശശികലയ്ക്കായി പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ ബാരിക്കേഡ് ഉപയോഗിച്ച് 150 അടി നീളത്തിൽ അടച്ചുകെട്ടിയ പ്രത്യേക ഇടനാഴിയുണ്ടായിരുന്നെന്നും രൂപ നൽകിയ റിപോ‍ർട്ടിൽ പറഞ്ഞിരുന്നു.

ശശികലയും സഹോദര ഭാര്യ ഇളവരശിയും ജയിലിനു പുറത്തുനിന്നു സിവിൽ വേഷത്തിൽ പ്രധാന കവാടത്തിനുള്ളിലേക്കു കയറി വരുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും സമർപ്പിച്ചു. അഞ്ചു ജയിലറകൾ ശശികലയുടെ അധീനതയിലായിരുന്നെന്നും സന്ദർശകരെ കാണാൻ പ്രത്യേക മുറി ഒരുക്കിയിരുന്നതായും രൂപ നേരത്തേ ആരോപിച്ചിരുന്നു. ജയിൽ മുൻ ഡിജിപി എച്ച്.എൻ. സത്യനാരായണ റാവു അനധികൃതമായാണ് ഈ സൗകര്യങ്ങൾ ഒരുക്കിയതെന്നും രൂപ ചൂണ്ടിക്കാട്ടി.

ഇടനാഴിയുടെ ഇരു വശങ്ങളും 120– 150 അടി നീളത്തിൽ ബാരിക്കേഡുകൾ കൊണ്ട് അടച്ചുകെട്ടിയ നിലയിലായിരുന്നത്രെ. ഇതിനുള്ളിലെ അഞ്ചു ജയിലറകൾ (സെല്ലുകൾ) പൂർണമായും ശശികലയുടെ അധീനതയിലായിരുന്നെന്നും രൂപ ആരോപിക്കുന്നു. ഈ സെല്ലുകളിൽ ശശികലയുടെ വസ്ത്രങ്ങൾ, കിടക്ക, പാചകത്തിനുള്ള പാത്രങ്ങൾ, കുടിവെള്ള ഡിസ്പെൻസർ, ഇലക്ട്രിക് ഇൻഡക്‌ഷൻ സ്റ്റൗ എന്നിവയാണ് സൂക്ഷിച്ചിരുന്നതെന്നും പറയുന്നു.

ജയിൽ ചട്ടം ലംഘിച്ച് തടവുകാർക്ക് അനധികൃത സൗകര്യങ്ങൾ ഒരുക്കുന്നത് കോടതിയലക്ഷ്യമാണെന്നും ഭരണഘടനയുടെ 14–ാം വകുപ്പിന്റെ ലംഘനമാണെന്നും രൂപ ആരോപിച്ചു. ശശികലയ്ക്കു സന്ദർശകരെ കാണാൻ പ്രത്യേക മുറി ഒരുക്കിയിരുന്നതിനും തെളിവുണ്ട്. കറങ്ങുന്ന കസേര, മേശ, മറ്റു നാലു കസേരകൾ, പുറത്തു നിന്നുള്ളവർക്ക് മുറിയിലേക്കു കാഴ്ച മറച്ച് കർട്ടനുകൾ തുടങ്ങിയവയും അനുവദിച്ചിരുന്നു. പ്രത്യേക കിടക്കയും എൽഇഡി ടിവിയും ശശികലയ്ക്ക് ലഭ്യമാക്കിയിരുന്നു.

വിചാരണക്കോടതിയുടെ അനുമതി പ്രകാരമല്ല ഇതു നൽകിയിരുന്നതെന്നും രൂപ ആരോപിച്ചു. ജയിൽ മുൻ ഡിജിപി എച്ച്.എൻ സത്യനാരായണ റാവു അനധികൃതമായാണ് ശശികലയ്ക്ക് ഈ സൗകര്യങ്ങൾ ഒരുക്കിയതെന്നും അഴിമതി നിരോധന നിയമത്തിന്റെ 13(ഒന്ന്)(സി) വകുപ്പു പ്രകാരം ഇതു കുറ്റമാണെന്നുമായിരുന്നു രൂപയുടെ പ്രധാന ആരോപണം.

roopa shashikala
Advertisment