Advertisment

ബീര്‍ബല്‍ കഥകള്‍ വായിക്കാം

author-image
admin
New Update

ആമയുടെയും മുയലിന്റെയും ഓട്ടപ്പന്തയത്തിന്റെ കഥ പറഞ്ഞു കഴിഞ്ഞാല്‍ പിന്നെ മാതാപിതാക്കളില്‍ അധികം പേരുടെയും കഥാശേഖരത്തിലെ അടുത്തത് ഏതെങ്കിലും ഒരു ബീര്‍ബല്‍ കഥയായിരിക്കും. ഗുണപാഠം നിറഞ്ഞതും അവസരോചിതമായ നയതന്ത്രങ്ങള്‍ കൊണ്ടും പ്രശ്‌നപരിഹാരങ്ങളും കൊണ്ട് സമൃദ്ധമാണ് ബീര്‍ബല്‍ കഥകള്‍.

Advertisment

publive-image

കേള്‍ക്കുന്ന കുഞ്ഞിനെ ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നവയാണ് ബീര്‍ബലിന്റെ കൗശലങ്ങള്‍. പതിനാറാം നൂറ്റാണ്ടില്‍ ഉത്തരേന്ത്യ ഭരിച്ചിരുന്ന അക്ബര്‍ ചക്രവര്‍ത്തിയുടെ ആ ബുദ്ധിമാനായ മന്ത്രിയുടെ കൗശലം നിറഞ്ഞ കഥകളാണ് പി ഐ ശങ്കരനാരായണന്‍ പുനരാഖ്യാനം ചെയ്തിരിക്കുന്ന ബീര്‍ബല്‍ കഥകള്‍ എന്ന പുസ്തകം. അമ്പതിലധികം ബീര്‍ബല്‍ കഥകളാണ് പുസ്‌കതത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഏത് സാഹചര്യത്തിലും സത്യത്തിന്റെയും ധര്‍മത്തിന്റെയും സമീപം നില്‍ക്കാന്‍ ആഗ്രഹിക്കുന്നയാളാണ് ബീര്‍ബല്‍.

എത്ര കുഴപ്പം പിടിച്ച സന്ദര്‍ഭത്തെയും വളരെ ലളിതമായി കൈകാര്യം ചെയ്യുന്ന ശൈലിയാണ് ബീര്‍ബലിന്റെത്. അതുകൊണ്ടു തന്നെ ബീര്‍ബല്‍ കഥകള്‍ വായിക്കുന്ന അല്ലെങ്കില്‍ കേള്‍ക്കുന്ന കുട്ടികള്‍ക്ക് പ്രശ്‌നങ്ങളെ നേരിടാനും പരിഹാരം കണ്ടെത്താനുമുള്ള തോന്നല്‍ ഉളവാക്കാന്‍ സാധിക്കും. ദൈര്‍ഘ്യമുള്ള കഥകളല്ല എന്നതും മറ്റൊരു സവിശേഷതയാണ്. കുറഞ്ഞവാക്കുകളില്‍ വലിയൊരു ഗുണപാഠം അവശേഷിപ്പിക്കുന്നവയാണ് ഓരോ കഥകളും. വിക്രമാദിത്യ രാജാവിന്റെ സദസ്സിലെ നവരത്‌നങ്ങള്‍ പോലെ അക്ബറിന്റെ സദസ്സിലും ഒമ്പത് മന്ത്രിമാരുണ്ടായിരുന്നു. അതില്‍ അദ്ദേഹത്തിന് ഏറ്റവും പ്രിയങ്കരായിരുന്നു ബീര്‍ബല്‍. മഹേശ് ദാസ് എന്നായിരുന്നു ബീര്‍ബലിന്റെ ആദ്യപേര്. ബീര്‍ബല്‍ എന്ന് അദ്ദേഹത്തിന് പേരു നല്‍കിയത് അക്ബറാണ്.

രാജാവിന്റെ വ്യക്തി ജീവിതത്തിലും രാജഭരണത്തിലും ബീര്‍ബല്‍ സന്ദര്‍ഭോചിതമായി ഇടപെട്ടിരുന്നു. രാജാവ്- മന്ത്രിയെന്നതിലുപരി അടുത്തസുഹൃത്തുക്കള്‍ കൂടിയായിരുന്നു ഇരുവരും. അവരുടെ സംഭാഷണങ്ങള്‍ (പില്‍ക്കാലത്ത് കഥകളായവ) വായിക്കുന്ന ഏതൊരാളെയും ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമാണ്. കണ്ടെത്തലിന്റെ വഴി, അടി കിട്ടിയാലേ നന്നാവൂ, എളുപ്പവഴി തുടങ്ങിയ കഥകളാണ് ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കഥാവായനക്കൊപ്പം ഇന്ത്യയുടെ ചരിത്രം പഠിക്കാനുള്ള അവസരവും ഈ പുസ്തകം കുട്ടികള്‍ക്ക് നല്‍കും.

birbal story
Advertisment