Advertisment

'10 കോടി രൂപ നഷ്ടപരിഹാരം'; മലയാളി മത്സ്യത്തൊഴിലാളി ഉൾപ്പെടെ രണ്ടുപേരെ ഇറ്റാലിയൻ നാവികർ വെടിവച്ചുകൊന്ന എൻറിക്ക ലെക്സി കടൽക്കൊലക്കേസിൽ ഒത്തുതീർപ്പ്, കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നാലുകോടി രൂപ വീതവും ബോട്ടുടമയ്ക്ക് 2 കോടിയും നഷ്ടപരിഹാരം

New Update

ഡൽഹി: മലയാളി മത്സ്യത്തൊഴിലാളി ഉൾപ്പെടെ രണ്ടുപേരെ ഇറ്റാലിയൻ നാവികർ വെടിവച്ചുകൊന്ന എൻറിക്ക ലെക്സി കടൽക്കൊലക്കേസിൽ ഒത്തുതീർപ്പ്. മൊത്തം 10 കോടി രൂപ നഷ്ടപരിഹാരമായി നൽകി കേസ് ഒത്തുതീർപ്പാക്കാൻ ധാരണയായെന്ന് വിദേശകാര്യ മന്ത്രാലയം സത്യവാങ്മൂലത്തിലൂടെ സുപ്രീം കോടതിയെ അറിയിച്ചു.

Advertisment

publive-image

കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നാലുകോടി രൂപ വീതവും ബോട്ടുടമയ്ക്ക് 2 കോടിയും നൽകാമെന്ന് ഇറ്റലി വ്യക്തമാക്കിയ പശ്ചാത്തലത്തിലാണിത്. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുമായി ഇക്കാര്യത്തിൽ ധാരണയായെന്ന് അധികൃതർ അറിയിച്ചു.

രാജ്യാന്തര ട്രൈബ്യൂണൽ വിധിയുടെ പശ്ചാത്തലത്തിൽ ജൂലൈ 8നാണ് കേസ് സുപ്രീം കോടതി അവസാനം പരിഗണിച്ചത്. ഇറ്റലി മതിയായ നഷ്ടപരിഹാരം നൽകണമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അന്ന് വ്യക്തമാക്കിയിരുന്നു. നഷ്ടപരിഹാരം സംബന്ധിച്ച് ഇറ്റലിയും ഇന്ത്യയും ചർച്ചയിലൂടെ ഒരു വർഷത്തിനകം തീരുമാനിക്കണമെന്നാണ് രാജ്യാന്തര ട്രൈബ്യൂണൽ മേയ് മാസത്തിൽ നിർദേശിച്ചത്.

സെന്റ് ആന്റണീസ് ബോട്ടിലെ എട്ട് മത്സ്യത്തൊഴിലാളികൾ, ഒപ്പമുണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത മത്സ്യത്തൊഴിലാളി പ്രിജിന്റെ അമ്മ, കൊല്ലപ്പെട്ട അജേഷ് പിങ്കിയുടെ ബന്ധു എന്നിവർ കേസിൽ കക്ഷി ചേരാൻ നൽകിയ അപേക്ഷ സുപ്രീം കോടതി രജിസ്ട്രി നേരത്തെ തള്ളിയിരുന്നു.

ട്രൈബ്യൂണലിന്റെ ഉത്തരവിനെതിരെ അപ്പീലിന് വ്യവസ്ഥയില്ല. നഷ്ടപരിഹാരത്തിന്റെ തോതിനെക്കുറിച്ച് തർക്കമുണ്ടെങ്കിൽ ഒരു വർഷത്തിനകം ട്രൈബ്യൂണലിനെ സമീപിക്കാം. സമീപിക്കുന്നില്ലെങ്കിൽ അടുത്ത മേയ് 21ന് കേസ് അവസാനിപ്പിക്കുമെന്ന് ട്രൈബ്യൂണൽ വ്യക്തമാക്കിയിരുന്നു.

enrica lexie case
Advertisment