Advertisment

ഹോട്ടല്‍ മുറിയില്‍ നിന്നും തന്റെ 10 ലക്ഷം രൂപ മോഷണം പോയെന്ന് ഉത്തര്‍പ്രദേശ് സമാജ്വാദി പാര്‍ട്ടി എംഎല്‍എ....പോലീസ് കേസെടുത്ത് അന്വേഷിക്കുന്നില്ലെന്ന് ആരോപണം...നിയമസഭയില്‍ പൊട്ടിക്കരഞ്ഞും ആത്മഹത്യാ ഭീഷണിയും മുഴക്കി കല്‍പനാഥ്

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ലക്നോ: ഉത്തര്‍പ്രദേശ് നിയമസഭയില്‍ പൊട്ടിക്കരഞ്ഞും ആത്മഹത്യാ ഭീഷണി മുഴക്കിയും സമാജ് വാദി പാര്‍ട്ടി എംഎല്‍എ. ഹോട്ടല്‍ മുറിയില്‍നിന്നു തന്റെ 10 ലക്ഷം രൂപ മോഷണം പോയിട്ട് കേസെടുക്കാന്‍ പോലും പോലീസ് തയാറായില്ലെന്നു പറഞ്ഞായിരുന്നു അസംഗഡിലെ മെഹ്നഗര്‍ നിയമസഭാ മണ്ഡലത്തില്‍നിന്നുളള എംഎല്‍എയായ കല്‍പനാഥ് പാസ്വാന്റെ രോദനം. പണം തിരികെ ലഭിച്ചില്ലെങ്കില്‍ ജീവനൊടുക്കേണ്ടിവരുമെന്നും എംഎല്‍എ നിയമസഭയില്‍ പറഞ്ഞു.

Advertisment

publive-image

അസംഗഡിലെ ഒരു ഹോട്ടലില്‍നിന്നാണ് എന്റെ പണം നഷ്ടമായത്. പക്ഷേ, ഇതുവരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ പോലും പോലീസ് തയ്യാറായിട്ടില്ല.

കൂപ്പിയ കരങ്ങളോടെ ഞാന്‍ യാചിക്കുകയാണ്. ഞാനൊരു പാവപ്പെട്ടവനാണ്. നഷ്ടമായ തുക എനിക്ക് വളരെ വലുതാണ്. പണം കിട്ടിയില്ലെങ്കില്‍ എനിക്ക് ജീവനൊടുക്കേണ്ടിവരും- നിയമസഭയുടെ ശൂന്യവേളയില്‍ പ്രശ്നം ഉന്നയിച്ച കല്‍പനാഥ് പറഞ്ഞു.

വിഷയത്തില്‍ ഇടപെട്ട പാര്‍ലമെന്ററികാര്യ മന്ത്രി കുമാര്‍ ഖന്ന, പോലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെടാമെന്നും അന്വേഷണം നടത്തി നീതി ലഭ്യമാക്കാമെന്നും ഉറപ്പു നല്‍കിയതോടെയാണ് എംഎല്‍എയുടെ കരച്ചില്‍ അവസാനിച്ചത്. വിഷയം ആഭ്യന്തര വകുപ്പിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നും മന്ത്രി സഭയെ അറിയിച്ചു.

Advertisment