Advertisment

800 മീറ്ററില്‍ അഭിമാനക്കുതിപ്പ്; സ്വര്‍ണ്ണവും വെള്ളിയും ഇന്ത്യയ്ക്ക്

author-image
admin
New Update

Advertisment

ഏഷ്യന്‍ ഗെയിംസിന്റെ പുരുഷവിഭാഗം 800 മീറ്ററില്‍ സ്വര്‍ണവും വെള്ളിയും ഇന്ത്യയ്ക്ക്. മന്‍ജിത് സിങ്ങാണ് (1:46.15) ഇന്ത്യയ്ക്കായി സ്വര്‍ണം നേടിയത്. മലയാളി താരം ജിന്‍സണ്‍ ജോണ്‍സണ്‍ (1:46.35) വെള്ളി നേടി. കുറാഷ് വനിതാ വിഭാഗത്തില്‍ (52 കിലോ) പിങ്കി ബല്‍ഹാരയും വെള്ളി നേടി. ഇതേ ഇനത്തില്‍ മാലപ്രഭാ യാദവ് വെങ്കലവും നേടി. ഇതോടെ ജക്കാര്‍ത്തയില്‍ ഒന്‍പതു സ്വര്‍ണവും 18 വെള്ളിയും 22 വെങ്കലവും ഉള്‍പ്പെടെ ഇന്ത്യയുടെ മെഡല്‍നേട്ടം 49 ആയി ഉയര്‍ന്നു.

ഗെയിംസിന്റെ പത്താം ദിനമായ ഇന്ന് തുടര്‍ച്ചയായി മൂന്നു ഫൈനലുകളില്‍ തോറ്റ് വെള്ളിയിലൊതുങ്ങേണ്ടി വന്നത് ഇന്ത്യയ്ക്ക് നിരാശയായി. നേരത്തെ ബാഡ്മിന്റന്‍ വനിതാ സിംഗിള്‍സില്‍ പി.വി. സിന്ധുവും അമ്പെയ്ത്ത് കോംപൗണ്ട് ടീം ഇനത്തില്‍ പുരുഷ, വനിതാ ടീമുകളുമാണ് പത്താം ദിനം ഇന്ത്യയ്ക്ക് വെള്ളി സമ്മാനിച്ചത്.

ടേബിള്‍ ടെന്നിസ് ടീം ഇനത്തില്‍ സെമിയില്‍ തോറ്റെങ്കിലും വെങ്കലം സ്വന്തമാക്കി ഇന്ത്യന്‍ പുരുഷ ടീമും ചരിത്രമെഴുതി. ഏഷ്യന്‍ ഗെയിംസ് ചരിത്രത്തില്‍ ഇന്ത്യയുടെ ആദ്യ ടേബിള്‍ ടെന്നിസ് മെഡലാണിത്.

Advertisment