വോട്ടിനു മെഷീന്‍ വേണ്ട, ബാലറ്റ് മതി – ബിജെപിയെ വെട്ടിലാക്കി പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത നീക്കം !

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Thursday, August 2, 2018

ന്യൂഡല്‍ഹി: വോട്ടിംഗ് മെഷീന്‍ വേണ്ട, ബാലറ്റ് മതിയെന്ന നിലപാടിലൂടെ ബിജെപിയെ വെട്ടിലാക്കി പ്രതിപക്ഷ കക്ഷികള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു.

ബാലറ്റ് പേപ്പര്‍ 2019 തിരഞ്ഞെടുപ്പിലേക്ക് തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് 17 പ്രതിപക്ഷ കക്ഷികളാണ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുന്നത്.

തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുന്നതിന് വോട്ടണ്ണല്‍ യന്ത്രത്തെ കുറ്റപ്പെടുത്തുന്നത് പ്രതിപക്ഷം അവസാനിപ്പിക്കണമെന്ന് ഇലക്ഷന്‍ കമ്മീഷന്‍ ഒ.പി റാവത്ത് അഭിപ്രായപ്പെട്ടതിന് പിന്നാലെയാണ് രാജ്യത്തെ പ്രമുഖ പ്രതിപക്ഷ കക്ഷികളുടെ സംയുക്ത നീക്കം . തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതിനു തയ്യാറായില്ലെങ്കില്‍ കോടതിയെ സമീപിക്കാനും പ്രതിപക്ഷ പാര്‍ട്ടികള്‍ ആലോചിക്കുന്നു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമതാ ബാനര്‍ജി, സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, ബിഎസ്പി നേതാവ് മായാവതി, ആ൦ ആദ്മി നേതാവ് അരവിന്ദ് കേജരിവാള്‍ തുടങ്ങിയവരാണ് വ്യത്യസ്ത പാര്‍ട്ടി്കളെ പ്രതിനിധീകരിച്ച് ഇലക്ഷന്‍ കമ്മീഷനെ സമീപിച്ചത്.

നിരവധി രാഷ്രീയ നേതാക്കള്‍ ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളില്‍ അവിശ്വാസം ഉയര്‍ത്തിയിട്ടുണ്ട്. മുന്‍പ് നടന്ന യുപി തിരഞ്ഞെടുപ്പില്‍ വോട്ടിംഗ് യന്ത്രത്തില്‍ രേഖപ്പെടുത്തുന്ന വോട്ടെല്ലാം ബിജെപിക്കുമാത്രമാണ് പോകുന്നതെന്ന ആരോപണം ഉയര്‍ന്നിരുന്നു.

ഏത് ബട്ടണ്‍ അമര്‍ത്തിയാലും വോട്ട് ബിജെപിക്ക് വീഴുന്നു എന്നതായിരുന്നു പരാതി. ഈ സംഭവങ്ങള്‍ മുന്‍നിര്‍ത്തിയാണ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാന്‍ പ്രതിപക്ഷം ഒരുങ്ങിയത്.

×