Advertisment

3 കോടിയുടെ ശീതീകരിച്ച വീട്ടില്‍ നിന്നും സ്കോര്‍പ്പിയോ കാറില്‍ ഈ മുന്‍ അധ്യാപിക എത്തുന്നത് സ്വന്തം വഴിയോര തട്ടുകടയിലേക്ക് ! ഉര്‍വശി എന്ന 34 കാരിയുടെ "പെണ്‍കരുതലിന്‍റെ കഥ !

New Update

മൂന്ന്‍ കോടിയിലേറെ വിലമതിക്കുന്ന ഫുള്ളി എയര്‍ കണ്ടീഷന്‍ വസതിയില്‍ നിന്നും സ്കോര്‍പ്പിയോ വാഹനത്തില്‍ ഉര്‍വ്വശി എന്ന 34 കാരി എത്തുന്നത് ഹരിയാന ഗുഡ്ഹാവിലെ ഒരു വഴിയോര തട്ടുകടയിലേക്കാണ്. ഭര്‍ത്താവ് അപകടത്തില്‍പ്പെട്ട് ചികിത്സയിലായപ്പോള്‍ ഭാവിയില്‍ തങ്ങളുടെ കുടുംബത്തിന് ഒരു സാമ്പത്തിക ബാധ്യത ഉണ്ടാകരുതെന്ന കരുതലോടെയാണ് ഒന്നര മാസം മുമ്പ് ഉര്‍വ്വശി ഈ തട്ടുകട തുടങ്ങുന്നത്.

Advertisment

publive-image

വേണമെങ്കില്‍ നഗരത്തില്‍ കൊള്ളാവുന്ന വാടക മുറിയില്‍ മികച്ച നിലയില്‍ ശീതീകരിച്ച ഹാളില്‍ റസ്റ്റോറന്റ് നടത്തിപ്പിനുള്ള സാമ്പത്തിക സ്ഥിതി ഉര്‍വ്വശിക്കുണ്ട്. പോരാത്തതിന് ബിരുദ വിദ്യാഭ്യാസവും. പക്ഷേ അതൊന്നും തെരഞ്ഞെടുക്കാന്‍ അവര്‍ തയാറാകാതിരുന്നതാണ് കരുതലുള്ള പെണ്ണിന്റെ ബുദ്ധി.

2010 ല്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെയിലാണ് ഉര്‍വ്വശിയുടെ ഭര്‍ത്താവ് അമിത്തിന് ഒരപകടം ഉണ്ടാകുന്നത്. രണ്ടു മാസം മുമ്പ് വീണ്ടും അമിത് അപകടത്തില്‍പ്പെട്ടു. ഇടുപ്പിന് കാര്യമായ തകരാര്‍ കണ്ടതോടെ ഡിസംബറില്‍ ഭര്‍ത്താവിന് ശസ്ത്രക്രിയ നിശ്ചയിച്ചിരിക്കുകയാണ്.

അതിനാല്‍ നിലവില്‍ ഹരിയാനയിലെ ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ എക്സിക്യുട്ടീവ്‌ ആയി ജോലി ചെയ്യുന്ന അമിതിന്റെ ജോലി താമസിയാതെ അവസാനിപ്പിക്കേണ്ടി വരും. കുട്ടികള്‍ രണ്ടുപേരും അന്താരാഷ്‌ട്ര നിലവാരമുള്ള സ്കൂളുകളിലാണ് പഠനം.

അമിത് തല്‍ക്കാലം ജോലി ഉപേക്ഷിച്ചാല്‍ പിന്നെയുള്ള വരുമാനം നഴ്സറി സ്കൂള്‍ അധ്യാപികയായ ഉര്‍വശിയുടെ ശമ്പളമാണ്. അതുകൊണ്ട് വീട് നടക്കില്ല. അതിനാല്‍ എന്തായാലും ഓപ്പറേഷന്‍ ഒക്കെ കഴിഞ്ഞ് ആരോഗ്യം മെച്ചമായി ഭര്‍ത്താവ് നല്ല ജോലിയില്‍ പ്രവേശിച്ച് കുടുംബം നടത്തുമെന്ന പ്രതീക്ഷയില്‍ കാത്തിരുന്നാല്‍ അങ്ങനെയൊക്കെ നടന്നില്ലെങ്കില്‍ കുടുംബം പട്ടിണിയാകുമെന്നു ഉര്‍വ്വശി നേരത്തെ കണക്കുകൂട്ടി.

അതിനാലാണ് ഈ കരുതല്‍. ഉടന്‍ തീരുമാനമെടുത്തു. അറിയാവുന്ന പണി പിന്നെ പാചകമാണ്. കുറഞ്ഞ മുതല്‍മുടക്കില്‍ ന്യായമായ ലാഭം ലഭിക്കണം. നേരെ വഴിയോരത്തേയ്ക്കിറങ്ങി. ചെറിയ നിലയില്‍ തടികൊണ്ട് നാട്ടിക്കൂടിയ തട്ടുകട. മുഖ്യ പാചകക്കാരി ഉര്‍വശി തന്നെ. പാത്രം കഴുകാനും വിളമ്പാനുമൊക്കെ ഒന്നുരണ്ടു സഹായികള്‍. രാവിലെ 8.30 മുതല്‍ 4.30 വരെയാണ് തട്ടുകട. ചായയും കാപ്പിയും ലഘുഭക്ഷണവും.

എയര്‍ഫോഴ്സില്‍ വിഗ കമാണ്ടറായി വിരമിച്ച ഭര്‍തൃപിതാവിനും ഭര്‍ത്താവിനുമൊക്കെ തുടക്കത്തില്‍ ഇത് തങ്ങളുടെ സ്റ്റാറ്റസിനു പറ്റിയ പണിയല്ലല്ലോ എന്ന പരാതി ഉണ്ടായിരുന്നു. പക്ഷേ ഇപ്പോള്‍ 45 ദിവസം കഴിയുമ്പോള്‍ ഉര്‍വശിയുടെ കട ഒന്നിനൊന്നു മെച്ചപ്പെട്ട് വരികയാണ്. ദിവസം 2500 - 3000 രൂപ വരെ വരുമാനം ഉറപ്പ്. എങ്കില്‍ പിന്നെ അങ്ങനെ നടക്കട്ടെ എന്ന നിലപാടിലായി അവരും.

ഇനി ഈ വരുമാനം കൊണ്ട് ചെറിയൊരു ട്രക്ക് വാങ്ങി തട്ടുകട അതിലേക്ക് മാറ്റി ഒന്നുകൂടി വിപുലമാക്കാനാണ് ഉര്‍വ്വശിയുടെ പദ്ധതി. "കുടുംബത്തിന്റെ സുരക്ഷിതത്വം തന്നെയാണ് തനിക്ക് പ്രധാനമെന്ന്" ഉര്‍വശി പറയുന്നു.

എന്തായാലും ഉര്‍വശിയുടെ മനോഭാവവും തന്റേടവും തളരാത്ത പെണ്‍കരുത്തിന് അഭിമാനകരമായ ഉദാഹരണമാണ്. കുടുംബത്തിനുണ്ടായ പ്രതിസന്ധി സമയത്ത് തന്നെ ഭാവിയെ നോക്കിയെടുത്ത കരുതലോടെയുള്ള തീരുമാനം. ഉര്‍വശിയാണ് ശരിക്കും ഭാരതസ്ത്രീ !

teacher different
Advertisment