കാല്‍വെള്ള മുതല്‍ തല വരെ തല്ലിച്ചതച്ച പാടുകള്‍, തുടയില്‍ ചട്ടുകം പഴുപ്പിച്ചു വച്ചതിന്റെ അടയാളങ്ങള്‍, ദേഹത്ത് പലയിടത്തും മുറിവുകള്‍ കരിഞ്ഞുണങ്ങിയതിന്റെ വടുക്കള്‍ ;മൂന്നു വയസിനിടെ  ആ കുരുന്ന് അനുഭവിച്ച പീഡനങ്ങള്‍ എണ്ണിയാല്‍ തീരാത്തത്‌

ന്യൂസ് ബ്യൂറോ, കൊച്ചി
Saturday, April 20, 2019

കൊച്ചി: അമ്മ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ മൂന്നു വയസ്സുകാരൻ ഏറ്റുവാങ്ങിയത് കൊടിയ മർദ്ദനങ്ങൾ. കാല്‍വെള്ള മുതല്‍ തല വരെ തല്ലിച്ചതച്ച പാടുകള്‍, തുടയില്‍ ചട്ടുകം പഴുപ്പിച്ചു വച്ചതിന്റെ അടയാളങ്ങള്‍, ദേഹത്ത് പലയിടത്തും മുറിവുകള്‍ കരിഞ്ഞുണങ്ങിയതിന്റെ വടുക്കള്‍.  മൂന്നു വയസിനിടെ അനുഭവിച്ച യാതനകള്‍ ആ പിഞ്ചുമേനിയിലാകെ വരച്ചിട്ടിരുന്നു.

തലയുടെ വലതുഭാഗത്തെ പരുക്കായിരുന്നു ഏറെ ഗുരുതരം. ‘അമ്മ അടിച്ചു പരിക്കേൽപ്പിച്ച കുഞ്ഞിനെ സമയത്ത് ആശുപത്രിയിൽ പോലും എത്തിച്ചില്ല. മാരകമായി പരുക്കേറ്റ കുഞ്ഞിനെ ഉച്ചയ്ക്ക് വീട്ടില്‍ ഊണുകഴിക്കാനെത്തിയ പിതാവാണ് ആശുപത്രിയിലെത്തിച്ചത്.

കളമശേരി ഏലൂരിലെ വാടകവീട്ടിലെ ഗോവണിയില്‍നിന്നു വീണെന്ന് അമ്മ പറഞ്ഞെന്നായിരുന്നു വിശദീകരണം. പശ്ചിമ ബംഗാള്‍ സ്വദേശി സജ്ജാദ് ഖാനാണു കുഞ്ഞിനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.

അച്ഛന്‍ തനിച്ച്‌ കുഞ്ഞിനെ ആശുപത്രിയില്‍ കൊണ്ടുവന്നപ്പോള്‍ തന്നെ സംഭവത്തില്‍ ദുരൂഹത തോന്നിച്ചിരുന്നു. കുഞ്ഞിന്റെ ദേഹം പരിശോധിച്ചതോടെ ഡോക്ടര്‍മാര്‍ക്കു കാര്യത്തിന്റെ ഗൗരവം ബോധ്യപ്പെട്ടു.

ഇതോടെ പോലീസിൽ അറിയിക്കുകയായിരുന്നു. മാതാവിനോടു കാര്യങ്ങള്‍ വിശദമായി ചോദിച്ചപ്പോഴാണ് ആദ്യമൊന്നും സമ്മതിച്ചില്ലെങ്കിലും പിന്നീട് സംഭവം പറഞ്ഞത്.താനാണു മകനെ മര്‍ദിച്ചതെന്ന് ഝാര്‍ഖണ്ഡ് സ്വദേശിനിയായ ഹന ഖാതൂന്‍ സമ്മതിച്ചു.

×