Advertisment

മകനെ കുറിച്ചോ, മകന്റെ ആരോഗ്യ നിലയെക്കുറിച്ചോ തിരക്കാതെ മൂന്നുവയസ്സുകാരന്റെ അമ്മ ; തെളിവെടുപ്പിന് വീട്ടിലെത്തിച്ചപ്പോഴും പൊലീസ് സ്റ്റേഷനിലും യാതൊരു കൂസലും ഇല്ലാതെയുള്ള പെരുമാറ്റം : കുഞ്ഞിന്റെ നില അതീവ ഗുരുതരം

New Update

കൊച്ചി : ആലുവയില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മൂന്നു വയസ്സുകാരന്റെ അമ്മ സ്റ്റേഷന് അകത്തും തെളിവെടുപ്പിന് വാടക വീട്ടിലെത്തിച്ചപ്പോഴും ഒരു കൂസലും ഇല്ലാതെയാണ് പെരുമാറിയതെന്നാണ് റിപ്പോര്‍ട്ട്. കുട്ടിയെക്കുറിച്ചോ, കുട്ടിയുടെ ആരോഗ്യ നിലയെക്കുറിച്ചോ ഇവര്‍ തിരക്കിയില്ല. കുട്ടിയെ കാണണമെന്ന് ഒരിക്കല്‍ പോലും ഇവര്‍ പൊലീസിനോടോ, സമീപത്തുണ്ടായിരുന്ന ഭര്‍ത്താവിനോടോ ആവശ്യപ്പെട്ടുമില്ല.

Advertisment

publive-image

അടുക്കളയിലെ മൂന്നടി ഉയരമുള്ള കോണ്‍ക്രീറ്റ് സ്ലാബില്‍ നിന്നും വീണപ്പോഴാണ് കുട്ടിയുടെ തലയ്ക്ക് പരിക്കേറ്റതെന്നാണ് അമ്മ ആദ്യം പൊലീസിനോട് പറഞ്ഞത്. കുട്ടി മഹാവികൃതിയായിരുന്നുവെന്നും യുവതി പറഞ്ഞു. എന്നാല്‍ കുട്ടിയുടെ ദേഹത്തുള്ള പൊള്ളലേറ്റ പാടുകള്‍ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചതാണെന്ന് ചോദ്യം ചെയ്യലില്‍ യുവതി സമ്മതിച്ചു.

തുടര്‍ന്ന് യുവതിയെയും ഭര്‍ത്താവിനെയും ഒരുമിച്ചും വെവ്വേറെയും ഇരുത്തി മണിക്കൂറുകളോളം ചോദ്യം ചെയ്തപ്പോഴാണ്, താനാണ് കുട്ടിയെ മര്‍ദിച്ചതെന്ന് യുവതി സമ്മതിച്ചത്. ഉച്ചയ്ക്ക് ജോലി കഴിഞ്ഞെത്തിയപ്പോള്‍ കുട്ടിയെ മര്‍ദനമേറ്റ് അവശനിലയില്‍ കണ്ടുവെന്നാണ് അച്ഛന്‍ പൊലീസിന് മൊഴി നല്‍കിയത്. അതേസമയം ആശുപത്രിയില്‍ വെച്ച് കുട്ടി ഏണിപ്പടിയില്‍ നിന്ന് വീണു പരിക്കേറ്റു എന്നായിരുന്നു ഇയാള്‍ പറഞ്ഞിരുന്നത്.

കുട്ടിയുടെ മുറിലുകളുടെ ഗുരുതരാവസ്ഥയും അച്ഛന്റെ വിശദീകരണവും തമ്മില്‍ പൊരുത്തക്കേട് തോന്നിയ ആശുപത്രി അധികൃതര്‍ ചൈല്‍ഡ് ലൈനിനെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. ഇതിനിടെ കുട്ടിയെ ആശുപത്രിയില്‍ നിന്നും മാറ്റാനും അച്ഛന്‍ ശ്രമിച്ചു. ശസ്ത്രക്രിയക്ക് വിസമ്മതിച്ച ഇയാള്‍ പൊലീസിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ഒപ്പിട്ടു നല്‍കിയതെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഏലൂരിലെ മെട്രോയാര്‍ഡിന് സമീപം വാടകയ്ക്ക് താമസിക്കുന്ന ഇതരസംസ്ഥാന സ്വദേശിയായ മൂന്ന് വയസുകാരനാണ് അമ്മയുടെ ക്രൂരമര്‍ദനത്തിന് ഇരയായത്. ബംഗാള്‍ റാണിഗഞ്ച് സ്വദേശിയാണ് കുട്ടിയുടെ അമ്മയായ ഇരുപത്തെട്ടുകാരി. ജാര്‍ഖണ്ഡ് സ്വദേശിയായ അച്ഛന്‍ കൊച്ചി മെട്രോ നിര്‍മ്മാണ പ്രദേശത്ത് ക്രെയിന്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.

 

Advertisment