Advertisment

ദേശീയ തൊഴിലുറപ്പ് പദ്ധതി ; 5000 കോടി രൂപയുടെ വേതനം വിവിധ കാരണം പറഞ്ഞ് നിരാകരിക്കപ്പെട്ടെന്ന് റിപ്പോർട്ട്

New Update

ഡൽഹി: ദേശീയ തൊഴിലുറപ്പ് പദ്ധതി പ്രകാരം നടത്തിയ ജോലിക്ക് ലഭിക്കേണ്ട 5000 കോടി രൂപയുടെ വേതനം വിവിധ കാരണം പറഞ്ഞ് നിരാകരിക്കപ്പെട്ടെന്ന് റിപ്പോർട്ട്. സാമൂഹ്യ ശാസ്ത്രജ്ഞരും മനുഷ്യാവകാശ പ്രവർത്തകരും മറ്റും ചേർന്നുള്ള ലിബ് ടെക് ഇന്ത്യ എന്ന സംഘടന നടത്തിയ പഠനത്തിലാണ് കൂലി ലഭിക്കുന്നതിന് തൊഴിലാളികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടുന്നത്.

Advertisment

publive-image

സാങ്കേതിക കാരണങ്ങൾ പറഞ്ഞും സാങ്കേതിക തകരാറുകൾ കാരണവുമാണ് പലപ്പോഴും വേതനം നിരസിക്കപ്പെടുന്നത്. ഔദ്യോഗിക കണക്കുകൾപ്രകാരം 2020 ജൂലൈ വരെ നിരസിക്കപ്പെട്ട വേതനം 4,800 കോടി രൂപയാണ്. പല കാരണങ്ങളാൽ തടയപ്പെട്ടതിൽ 1,274 കോടി രൂപ ഇനിയും കൊടുത്തുതീർക്കാനുമുണ്ട്.

തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികളിൽ 97 ശതമാനവും വേതന കുടിശികയും ഭാഗികമായി വേതനം ലഭിച്ചതുമായി ബന്ധപ്പെട്ടതാണെന്നും റിപ്പോർട്ടിലുണ്ട്. ആന്ധ്രപ്രദേശ്, ഝാർഖണ്ഡ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലെ 1947 തൊഴിലാളികളുമായി ബന്ധപ്പെട്ട് നടത്തിയ പഠനത്തിന്റെയും ലഭ്യമായറിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിലാണ് ലിബ് ടെക് ഇന്ത്യ ഇതുസംബന്ധിച്ച വിവരങ്ങൾ ക്രോഡീകരിച്ചിരിക്കുന്നത്.

പല സംസ്ഥാനങ്ങളും വേതനം നല്കുന്നതിന് ഡിജിറ്റൽ സംവിധാനം ഏർപ്പെടുത്തിയെങ്കിലും ഇത് തൊഴിലാളികളുടെ കയ്യിലെത്തുന്നതിന് ഉണ്ടാകുന്ന കാലതാമസം പരിഹരിക്കാനായിട്ടില്ല. ബാങ്കുകൾ, കസ്റ്റമർ സെന്ററുകൾ, പോസ്റ്റ് ഓഫീസുകൾ, എടിഎമ്മുകൾ തുടങ്ങിയവയിലൂടെയാണ് വേതനം നല്കുന്ന രീതി നിലവിലുള്ളത്.

45 ശതമാനം തൊഴിലാളികളും വേതനം എത്തിയോ എന്നറിയുന്നതിനായി പല തവണ ബാങ്കുകളെ സമീപിക്കേണ്ടിവരുന്നുണ്ട്. ബയോമെട്രിക് സംവിധാനത്തിലെ പാകപ്പിഴവുകൾ കാരണം 45 ശതമാനം പേർക്കെങ്കിലും വേതനം ലഭിക്കുന്നതിൽ കാലതാമസമുണ്ടാകുന്നു. ഝാർഖണ്ഡിൽ 42 രാജസ്ഥാനിൽ 38 ശതമാനം പേർക്കുവീതം വേതനം ലഭിക്കുന്നതിന് നാലുമണിക്കൂർവരെ ബാങ്കുകളി‍ൽ നില്ക്കേണ്ടിവരുന്നു.

ആന്ധ്രയിൽ ഇത് രണ്ടു ശതമാനം മാത്രമാണ്. ചെയ്ത ജോലിയുടെ വേതനം കൈപ്പറ്റുന്നതിന് വേണ്ടി ദിവസങ്ങളോളം ജോലി ചെയ്യാതെ ബാങ്കുകളിലും മറ്റും ചെല്ലേണ്ട സ്ഥിതിയുമുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

salary wage
Advertisment