ബ്രസല്‍സ്: ഊര്‍ജ പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി സംയുക്തമായി ഗ്യാസ് വാങ്ങാനുള്ള യൂറോപ്യന്‍ യൂണിയന്‍ പദ്ധതിയോട് എതിര്‍പ്പുമായി അയര്‍ലണ്ടുള്‍പ്പടെ 11 രാജ്യങ്ങള്‍. ജര്‍മ്മനി, ഓസ്ട്രിയ, ഡെന്‍മാര്‍ക്ക് എന്നീ രാജ്യങ്ങളോടൊപ്പം ചേര്‍ന്നാണ് ഫ്രാന്‍സും സ്‌പെയിനും സമര്‍പ്പിച്ച ഈ നിര്‍ദ്ദേശത്തെ അയര്‍ലണ്ട് എതിര്‍ത്തത്.
രണ്ട് നിര്‍ദ്ദേശങ്ങളാണ് യൂറോപ്യന്‍ കമ്മീഷന്‍ മുന്നോട്ടുവെച്ചത്.എനര്‍ജി ബില്ലുകളുടെ മൂന്നിലൊന്ന് വരുന്ന നികുതികളും ലെവികളും കുറയ്ക്കാന്‍ അംഗരാജ്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതായിരുന്നു അതിലൊന്ന്. ഇത് പരക്കെ അംഗീകരിച്ചു.
കോവിഡ് വാക്സിനുകളുടെ കാര്യത്തില്‍ ചെയ്തതുപോലെ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ സംയുക്തമായി വാതകം വാങ്ങണമെന്ന നിര്‍ദ്ദേശം സ്പെയിനാണ് മുന്നോട്ടുവെച്ചത്. ഫ്രാന്‍സ് ഈ നിര്‍ദ്ദേശത്തെ പിന്തുണച്ചു. ഇതിന് പിന്നാലെ അയര്‍ലണ്ട്, ഓസ്ട്രിയ, ഡെന്മാര്‍ക്ക്, ഫിന്‍ലാന്‍ഡ്, ജര്‍മ്മനി, നെതര്‍ലാന്‍ഡ്സ് എന്നിവയുള്‍പ്പെടെ ഒമ്പത് രാജ്യങ്ങള്‍ ഈ തീരുമാനത്തിനെതിരെ പ്രസ്താവനയിറക്കി. ലക്സംബര്‍ഗും സ്വീഡനും ബെല്‍ജിയവും പിന്നീട് പ്രസ്താവനയില്‍ ഒപ്പുവെച്ചു. യൂറോപ്യന്‍ യൂണിയന്റെ വിപണിയില്‍ അടിസ്ഥാനപരമായ മാറ്റങ്ങള്‍ വരുത്തുന്നതിനോട് ഇവര്‍ ശക്തമായ എതിര്‍പ്പറിയിച്ചു.
ഈ നിര്‍ദ്ദേശം അംഗീകരിക്കാതെ പോയത് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ഇ യു എനര്‍ജി കമ്മീഷണര്‍ പറഞ്ഞു. സംയുക്തമായി ഊര്‍ജ്ജ സംഭരണം നടത്തുന്നത് പ്രതിസന്ധി പരിഹരിക്കുമെന്ന സ്പെയിനിന്റെ വാദം ശരിയല്ലെന്ന് ലക്സംബര്‍ഗ് ഊര്‍ജ മന്ത്രി ക്ലോഡ് തുര്‍മെസ് പറഞ്ഞു.എന്നാല്‍ ഈ നിര്‍ദ്ദേശം വ്യക്തവും ശക്തവുമാണെന്ന് സ്‌പെയിനിന്റെ ഊര്‍ജ മന്ത്രി സാറാ അഗസെന്‍ മുനോസ് പറഞ്ഞു.