ഒട്ടാവ: കാനഡയിലെ ബ്രിട്ടീഷ് കൊളംബിയന്‍ തീരത്തുനിന്ന് ലോകത്തിലെ ഏറ്റവും വലിയ 'കടല്‍ക്കൂരി'യെ പിടികൂടി. 11 അടി നീളവും 453 കിലോഗ്രാം ഭാരവുമാണ് ഇതിനുള്ളത്.
നേരത്തേ തന്നെ വലിയ വെള്ള സ്ററര്‍ജനുകള്‍ക്ക് പേരുകേട്ട സ്ഥലമാണ് ബ്രിട്ടീഷ് കൊളംബിയയിലെ ഫ്രേസര്‍ നദി. ഈ മത്സ്യങ്ങള്‍ സാധാരണയായി ചാരനിറത്തിലാണ് കാണാറുള്ളത്. എന്നാല്‍ ഇത്തവണ ലഭിച്ചത് വെളുത്ത നിറമുള്ളതാണ്. ചാഡ് ഹെല്‍മര്‍ എന്നയാളും സംഘവുമാണ് മത്സ്യത്തെ പിടികൂടിയത്.
തീരത്തുവച്ച് ഫോട്ടോകള്‍ എടുത്ത ശേഷം, ഹെല്‍മര്‍ ആല്‍ബിനോ സ്ററര്‍ജനെ തിരികെ നദിയിലേക്കുതന്നെ വിട്ടു. 'ഇത്രയും വലിപ്പമുള്ള ഒരു ആല്‍ബിനോ സ്ററര്‍ജനെ ലോകത്ത് ആരും ഇതുവരെ പിടികൂടിയിട്ടില്ല'~ഹെല്‍മര്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. 40 വര്‍ഷമായി ഫ്രേസര്‍ നദിയില്‍ മത്സ്യബന്ധനം നടത്തുന്ന ഹെല്‍മറിന്റെ കുടുംബം ആയിരക്കണക്കിന് കടല്‍ക്കൂരികളെ പിടികൂടിയിട്ടുണ്ട്. എന്നാല്‍ ഇത്രയും വലുത് ഇതാദ്യമായാണെന്ന് അവരും പറയുന്നു.
ആല്‍ബിനോ സ്ററര്‍ജനെപറ്റിയുള്ള ലോക റെക്കോര്‍ഡുകളൊന്നും സൂക്ഷിച്ചിട്ടില്ല. കൂടാതെ ഈ കൂറ്റന്‍ വെള്ള സ്ററര്‍ജനുകളില്‍ ഭൂരിഭാഗവും പിടിക്കപ്പെടുകയും പിന്നീട് തിരിച്ചുവിടപ്പെടുകയും ചെയ്യുന്നതിനാല്‍, ഔദ്യോഗിക ലോക റെക്കോര്‍ഡുകള്‍ പരിശോധിക്കാന്‍ കഴിയില്ല. മത്സ്യത്തെ ഒരു സര്‍ട്ടിഫൈഡ് സ്കെയിലില്‍ തൂക്കിനോക്കണമെങ്കില്‍ അതിനെ കൊല്ലണം. ഇക്കാരണത്താല്‍, ഒരു വെളുത്ത സ്ററര്‍ജന്റെ ഐജിഎഫ്എ ലോക റെക്കോര്‍ഡ് ഇപ്പോള്‍ കിട്ടിയതിന്റെ പുകിതിയിലും താഴെയാണ്.