കീവ്: യുക്രെയ്ന്റെ സ്വാതന്ത്ര്യ ദിനാഘോഷത്തിനിടെ രാജ്യത്തിന്റെ കിഴക്കന്‍ മേഖലയിലെ റെയില്‍വേ സ്റേറഷനില്‍ റഷ്യ മിസൈലാക്രമണം നടത്തി. നിപ്രോപെട്രോവ്സ്ക് പ്രവിശ്യയിലെ ചാപ്ലിനിലായിരുന്നു ആക്രമണം. ഇവിടെയുണ്ടായിരുന്ന നാലു ട്രെയിനുകള്‍ക്ക് തീപിടിച്ചു. സ്റേറഷനിലും പരിസരങ്ങളിലുമായി 25 പേര്‍ മരിച്ചതില്‍ 11 വയസ്സുകാരനുമുണ്ട്.
രണ്ടു തവണയായാണ് ഇവിടെ മിസൈല്‍ വര്‍ഷം നടത്തിയത്. ആള്‍വാസമുള്ള കെട്ടിടത്തിനുനേരെയുണ്ടായ ആദ്യ ആക്രമണത്തില്‍ ഒരു കുട്ടി കൊല്ലപ്പെട്ടു. റെയില്‍വേ സ്റേറഷനിലുണ്ടായ രണ്ടാം ആക്രമണത്തിലാണ് മറ്റുള്ളവര്‍ മരിച്ചത്. എല്ലാവരും സിവിലിയന്‍മാരാണെന്ന് യുക്രെയ്ന്‍ അധികൃതര്‍ പറഞ്ഞു. എന്നാല്‍, സൈനികര്‍ക്ക് ആയുധവുമായി പുറപ്പെടാനിരുന്ന ട്രെയിനിനുനേരെയാണ് ആക്രമണം നടത്തിയതെന്നാണ് റഷ്യന്‍ വിശദീകരണം.
തലസ്ഥാന നഗരമായ കീവിലും ആഴ്ചകള്‍ക്കുശേഷം ആക്രമണമുണ്ടായി. ഖാര്‍കിവ്, മിഖോലേവ്, നികോപോള്‍, നിപ്രോ പട്ടണങ്ങളിലും റഷ്യന്‍ മിസൈലുകള്‍ പതിച്ചു.