ബ്രസൽസ്: പണപ്പെരുപ്പം കുതിപ്പ് തുടരുന്നതിനാല്‍ യൂറോ സോണിലാകെ സാമ്പത്തിക മാന്ദ്യത്തിന് വലിയ സാധ്യതയുണ്ടെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്.അതിനാല്‍ ഇ യു സോണിലെ രാജ്യങ്ങള്‍ വളരെ കരുതിയിരിക്കണമെന്നും ഇവര്‍ നിര്‍ദ്ദേശിക്കുന്നു. ഇ സി ബി ഇനിയും പലിശനിരക്ക് വര്‍ധിപ്പിക്കണമെന്നാണ് ശുപാര്‍ശയും വിദഗ്ധര്‍ മുന്നോട്ടുവെയ്ക്കുന്നു.
എന്നാല്‍ അതുകൊണ്ടുമാത്രം പണപ്പെരുപ്പം കുറയില്ലെന്ന് ഇ സി ബി വിദഗ്ധന്‍ മാര്‍ട്ടിന്‍സ് കസാക്സ് പറഞ്ഞു. പണപ്പെരുപ്പം ഇ സി ബി പ്രവചിച്ചതിനേക്കാള്‍ നാലിരട്ടിയേക്കാള്‍ അധികമാണ്. ഇനിയും അത് വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും ഇദ്ദേഹം പറയുന്നു.ജൂലൈയില്‍ നിരക്കുകള്‍ 50 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ച് പൂജ്യത്തിലെത്തിച്ചിരുന്നു. സമാനമായ നീക്കം സെപ്തംബറിലുമുണ്ടാകും. എന്നാല്‍ പണപ്പെരുപ്പം രൂക്ഷമാകുന്നതിനാല്‍ ഇതിനേക്കാള്‍ വലിയ വര്‍ധന വേണമെന്നാണ് ഇദ്ദേഹം ആവശ്യപ്പെടുന്നത്.
ഉക്രൈയ്‌നിലെ റഷ്യന്‍ യുദ്ധത്തോടെ കുതിച്ചുയര്‍ന്ന ഊര്‍ജ വിലയാണ് സങ്കീര്‍ണ്ണമായ സാമ്പത്തിക മാന്ദ്യത്തിന് കാരണമാകുന്നത്.സാമ്പത്തിക മാന്ദ്യം പണപ്പെരുപ്പത്തെ ബാധിച്ചേക്കുമെങ്കിലും, ഇ സി ബിയുടെ കൂടുതല്‍ നടപടികളില്ലാതെ വിലക്കയറ്റത്തെ നിയന്ത്രണത്തിലാക്കാന്‍ സാധിക്കില്ലെന്നും ഇദ്ദേഹം പറയുന്നു.ഭക്ഷ്യ-ഊര്‍ജ്ജ വിലകളിലെ അനിശ്ചിതത്വവും വര്‍ധിക്കുന്ന പണപ്പെരുപ്പവും അസുഖകരമായ രീതിയില്‍ ഉയര്‍ന്നേക്കുമെന്നു തന്നെയാണ് ഇദ്ദേഹം പറയുന്നത്.