സിഡ്നി: വ്യാജ വാര്‍ത്തയും ചിത്രവും പ്രചരിപ്പിച്ചതിന് ഓസ്ട്രേലിയന്‍ പോലീസിനെക്കൊണ്ട് മലയാളി ഡോക്ടര്‍ മാപ്പു പറയിച്ചു. മദ്യം മോഷ്ടിച്ചെന്ന് സംശയിച്ച് ഡോ. പ്രസന്നന്‍ പൊങ്ങണംപറമ്പലിന്റെ ചിത്രമാണ് ഓസ്ട്രേലിയന്‍ പോലീസ് പ്രചരിപ്പിച്ചത്. വിക്ടോറിയ ലാട്രോബ് റീജണല്‍ ഹോസ്പിറ്റലില്‍ ഡോക്ടറാണ് പ്രസന്നന്‍.
2020ല്‍ നടന്ന സംഭവത്തെത്തുടര്‍ന്ന് നിയമപോരാട്ടത്തിനൊടുവിലാണ് ഡോക്ടര്‍ പ്രസന്നനോട് പോലീസ് മാപ്പു പറയുന്നത്. മദ്യഷോപ്പില്‍ നിന്ന് റം മോഷണം പോയ കേസിലെ പ്രതിയെന്ന് സംശയിക്കുന്നയാള്‍ എന്ന പേരില്‍ 2020 മെയ് 15നാണ് പ്രസന്നന്റെ ഫോട്ടോ ഓസ്ട്രേലിയന്‍ പോലീസ് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.
ഇതെത്തുടര്‍ന്ന് ഫെയ്സ്ബുക്കില്‍ വംശീയ ആക്ഷേപമടക്കം നിറഞ്ഞു. ആ കടയില്‍ പ്രസന്നന്‍ പോയിരുന്നു. മദ്യം വാങ്ങിയതിന്റെ ബില്ലും ഉണ്ടായിരുന്നു. മദ്യം വാങ്ങി പണം കൊടുത്തശേഷം കാറില്‍ കയറിയപ്പോള്‍ വില എടുത്തത് കൂടുതലാണോ എന്ന സംശയം തീര്‍ക്കാന്‍ കൗണ്ടറിലേക്ക് തിരികെ ചെന്നിരുന്നു. എന്നാല്‍ ഒരാള്‍ കൗണ്ടറില്‍നിന്ന് കുപ്പിയുമെടുത്ത് പോയതായി കടക്കാര്‍ പരാതി നല്‍കുകയായിരുന്നു. വിശദമായ പരിശോധനയ്ക്ക് നില്‍ക്കാതെ പോലീസ് പ്രസന്നനെ പ്രതിയാക്കുകയാണ് ചെയ്തത്.
പാക്കന്‍ഹാം പോലീസ് സ്റ്റേഷനില്‍ മദ്യം വാങ്ങിയതിന്റെ റെസീപ്റ്റുമായി പോയെങ്കിലും മുന്‍വിധിയോടെയാണ് പോലീസ് പെരുമാറിയത്. റെസീപ്റ്റ് കാണിച്ചു കൊടുത്തിട്ടും കുറ്റവാളിയോടെന്ന പോലെ പോലീസ് പെരുമാറുകയായിരുന്നു. ഇതിനെതിരേ ഡോ. പ്രസന്നന്‍ നടത്തിയ നിയമ പോരാട്ടമാണ് ഇപ്പോള്‍ വിജയം കണ്ടിരിക്കുന്നത്.
പരാതി കൊടുത്ത് ഒരാഴ്ച കഴിഞ്ഞപ്പോള്‍ ബില്ലിന്റെ പകര്‍പ്പ് പോലീസ് ആവശ്യപ്പെട്ടിരുന്നു. ചോദ്യംചെയ്യല്‍ സമയത്ത് ബില്ലിന്റെ കാര്യം പറഞ്ഞിരുന്നെങ്കിലും അവര്‍ പരിഗണിച്ചിരുന്നില്ല. വീണ്ടും ഒരാഴ്ചയ്ക്കുശേഷം പ്രതിയല്ലെന്നു പറഞ്ഞ് പോലീസിന്റെ അറിയിപ്പു വന്നു. എന്നാല്‍ തനിക്കുണ്ടായ അപമാനഭാരമാണ് നിയമപോരാട്ടത്തിന് പ്രസന്നനെ പ്രേരിപ്പിച്ചത്.
-