Advertisment

അഭയാർഥികളെ കപ്പലിൽ പാർപ്പിക്കാൻ ന്യു യോർക്ക് മേയർ ആഡംസിന്റെ നീക്കം 

author-image
athira kk
New Update

ന്യു യോർക്ക്: അഭയാർഥികൾക്കു താൽക്കാലിക താമസത്തിനു നോർവീജിയൻ ഉല്ലാസനൗക പ്രയോജനപ്പെടുത്താൻ ന്യു യോർക്ക് മേയർ എറിക് ആഡംസിന്റെ നീക്കം. സ്റ്റേറ്റൻ ഐലൻഡിലെ ഹോംപോർട്ടിൽ നോർവീജിയൻ ക്രൂസ് ലൈനിന്റെ പടുകൂറ്റൻ കപ്പലുകളിൽ ഒരെണ്ണം കിടപ്പുണ്ട്.

Advertisment

publive-image

ആറു മാസത്തേക്ക് അഭയാർത്ഥികളെ അതിൽ താമസിപ്പിച്ചു രേഖകൾ തയാറാവുമ്പോൾ നഗരത്തിലേക്കു വിടാം എന്നാണ് ആഡംസിന്റെ പദ്ധതി. നഗരത്തിൽ പുതിയൊരു അഭയകേന്ദ്രം പണിയുന്നതിനേക്കാൾ ചെലവ് കുറവായിരിക്കും ഇതിനെന്നു കരുതപ്പെടുന്നു. ബ്രോങ്ക്‌സിലെ ഓർച്ചാർഡ് ബീച്ചിൽ പണിയുന്ന  ടെന്റ് സിറ്റി എന്ന അഭയകേന്ദ്രത്തിനു $15 മില്യൺ ആണ് ചെലവ്.

നോർവീജിയൻ കപ്പലിനു പുറമെ എസ്റ്റോണിയയിലെ ടാലിങ്ക് എന്ന കമ്പനിയുടെ കപ്പലും ആലോചനയിലുണ്ട്. യുക്രൈനിൽ റഷ്യൻ ആക്രമണം ഉണ്ടായപ്പോൾ അവിടന്നുള്ള അഭയാർത്ഥികളെ പാർപ്പിക്കാൻ എസ്റ്റോണിയ ഈ കപ്പൽ ഉപയോഗിച്ചിരുന്നു.

മെയ് മാസത്തിനു ശേഷം 15,500 അഭയാർത്ഥികൾ ന്യു യോർക്ക് സിറ്റിയിൽ എത്തി എന്നാണു കണക്ക്. അവരുടെ എണ്ണം വൈകാതെ 75,000 എത്തുമെന്ന് ആഡംസ് പറയുന്നു. അതു നഗരത്തിനു കനത്ത ഭാരമാകുമെന്നും.  അഭയാർഥികളുടെ ഒരു വർഷത്തെ ചെലവിന് ആഡംസ് 500 മില്യൺ ഡോളർ വൈറ്റ് ഹൗസിനോടു ചോദിച്ചിട്ടുണ്ട്.

മുൻ നാവിക കേന്ദ്രമായ ഹോംപോർട്ട് ഉപയോഗിക്കാൻ വരുന്ന ചെലവ് എത്രയെന്നു വ്യക്തമല്ല. അതു വിലയിരുത്തുന്നുണ്ടെന്നു സ്റ്റേറ്റൻ ഐലൻഡ് ബറോ പ്രസിഡന്റ് വിറ്റോ ഫോസെല്ല പറഞ്ഞു. എന്നാൽ അഭയാർത്ഥികൾ ഫെഡറൽ ഗവൺമെന്റിന്റെ വിഷയമാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.

ആഡംസിന്റെ പദ്ധതിയോടു യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. ഹോംപോർട്ടിൽ വൈദ്യുതിയും  ഇല്ല. കഴിവുകെട്ട ഭരണകൂടത്തിന്റെ വിചിത്രമായ നീക്കമാണിതെന്നു സ്റ്റേറ്റൻ ഐലൻഡ്/ബ്രൂക്ലിൻ റെപ്. നിക്കോൾ മല്ലിയോട്ടകിസ് (റിപ്പബ്ലിക്കൻ) പറഞ്ഞു. "ബൈഡനും ആഡംസും അഭയാർത്ഥി പ്രശ്നത്തിന്റെ അടിസ്ഥാന വിഷയങ്ങൾ അവഗണിക്കുന്നു. അതിർത്തികൾ സുരക്ഷിതമാക്കുക. അഭയാർത്ഥികൾ മെക്സിക്കോയിൽ തുടരണമെന്ന നിയമം വീണ്ടും കൊണ്ടുവരിക."

 

 

 

 

 

 

Advertisment