Advertisment

ആയുധമില്ലാതെ റഷ്യന്‍ കൂലിപ്പട്ടാളം

author-image
athira p
New Update

കീവ്: യുക്രെയ്നില്‍ യുദ്ധം ചെയ്യാന്‍ റഷ്യ വാടകയ്ക്കെടുത്ത വാഗ്നര്‍ ഗ്രൂപ്പിന്റെ കൂലിപ്പട്ടാളം ആയുധങ്ങളില്ലാതെ ബുദ്ധിമുട്ടുകയാണെന്ന് സൂചന.

Advertisment

publive-image

വാഗ്നര്‍ ഗ്രൂപ്പും റഷ്യന്‍ അധികൃതരും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളാണ് ഇതിനു കാരണമെന്ന് വിലയിരുത്തല്‍. റഷ്യ വാഗ്ദാനം ചെയ്ത ആയുധങ്ങള്‍ ഇനിയും ലഭിച്ചില്ലെന്ന് വാഗ്നര്‍ മേധാവി പറയുന്നു.

ബാഖ്മുത്ത് പിടിച്ചെടുക്കാനായി നീങ്ങിയ റഷ്യന്‍ സൈന്യത്തിന്‍റെ 155ാം ബ്രിഗേഡ് കനത്ത തിരിച്ചടിയേറ്റതിനെ തുടര്‍ന്ന് പ്രതിരോധത്തിലാണെന്ന് യുക്രെയ്ന്‍ സൈന്യം അവകാശപ്പെടുന്നു.

റഷ്യന്‍ പ്രസിഡന്‍റിന്‍റെ സ്വകാര്യ സൈന്യമെന്നാണ് വാഗ്നര്‍ സംഘത്തെ നിരീക്ഷകര്‍ വിശേഷിപ്പിക്കുന്നത്. സായുധ സംഘടനയായ വാഗ്നര്‍ ഗ്രൂപ്പ് റഷ്യന്‍ സേനകളില്‍ ഒന്നിന്റെയും ഭാഗമല്ല. എന്നാല്‍ യുക്രെയ്ന്‍ യുദ്ധത്തില്‍ ഇവരുടെ സജീവ സാന്നിധ്യമുള്ളതായി നേരത്തെ മുതല്‍ ആരോപണമുണ്ട്. സിറിയയില്‍ നിന്നും ലിബിയയില്‍ നിന്നും നൂറുകണക്കിനു കൂലിപ്പടയാളികളെ ഇവര്‍ യുക്രെയ്നിലെത്തിച്ചെന്നാണു വിവരം. യുക്രെയ്ന്‍ പ്രസിഡന്റ് വോളോദിമര്‍ സെലന്‍സ്കിയെ വധിക്കാനായി ചുമതലപ്പെടുത്തി വാഗ്നര്‍ ഗ്രൂപ്പിലെ 400 ഓളം പോരാളികളെയാണ് റഷ്യ കിയവിലേക്ക് അയച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

2014ലാണ് വാഗ്നര്‍ ഗ്രൂപ്പ് എന്ന സ്വകാര്യ സൈനിക സുരക്ഷാ കമ്പനി രൂപീകൃതമാവുന്നത്. 2017 ലെ ബ്ളൂംബര്‍ഗിന്റെ റിപ്പോര്‍ട്ട് പ്രകാരം 6000 പോരാളികള്‍ വാഗ്നര്‍ ഗ്രൂപ്പിലുണ്ട്. സ്വകാര്യ കമ്പനിയാണെങ്കിലും റഷ്യന്‍ സര്‍ക്കാരുമായി വാഗ്നര്‍ ഗ്രൂപ്പിന് അടുത്ത ബന്ധമാണുള്ളത്.

റഷ്യ വാഗ്ദാനം ചെയ്ത കൂടുതല്‍ ആയുധങ്ങള്‍ ലഭിച്ചില്ലെങ്കില്‍ ബാഖ്മുത്തില്‍ യുദ്ധമുഖത്തുള്ള സൈന്യം വീഴുമെന്ന് വാഗ്നര്‍ ഗ്രൂപ്പ് തലവന്‍ യെവ്ജീനി പ്രിഗോസിന്‍ പറഞ്ഞു. യുദ്ധം പരാജയപ്പെടുകയാണെങ്കില്‍ തന്‍റെയാളുകളെ റഷ്യന്‍ സൈന്യം ബലിയാടാക്കാനാണോ ഉദ്ദേശിക്കുന്നതെന്ന് ടെലഗ്രാം ചാനലില്‍ പുറത്തുവിട്ട വിഡിയോയില്‍ വാഗ്നര്‍ തലവന്‍ ചോദിക്കുന്നു.

Advertisment