Advertisment

വാടകക്കാരെ കുടിയൊഴിപ്പിക്കുന്നത് വിലക്കുന്ന നിയമം അവസാനിപ്പിക്കാനുള്ള നീക്കവുമായി വരദ്കര്‍ സര്‍ക്കാര്‍

author-image
athira p
New Update

ഡബ്ലിന്‍ : ആയിരക്കണക്കിന് വാടകക്കാരെ തെരുവിലേയ്ക്ക് ഇറക്കിവിടാന്‍ വഴിയൊരുക്കുന്ന നിരാശാജനകമായ തീരുമാനവുമായി വരദ്കര്‍ സര്‍ക്കാര്‍.വാടകക്കാരെ നിര്‍ബന്ധിതമായി കുടിയൊഴിപ്പിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി കോവിഡ് കാലത്ത് കൊണ്ടുവന്ന കുടിയൊഴിപ്പിക്കല്‍ നിരോധനം അവസാനിപ്പിക്കുന്നതിനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.ജൂണ്‍ മാസത്തിനുള്ളില്‍ ഘട്ടം ഘട്ടമായി നിരോധനം ഒഴിവാക്കാനുള്ള നിയമമാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന വിവരമാണ് ലഭിക്കുന്നത്.

Advertisment

publive-image

ഇതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയരുന്നുണ്ടെങ്കിലും വാടകക്കാരെ കൈവിടുന്ന തീരുമാനമാകും സര്‍ക്കാരില്‍ നിന്നുമുണ്ടാവുകയെന്ന ആശങ്കയാണ് വിവിധ കേന്ദ്രങ്ങളില്‍ നിന്നുമുയരുന്നത്.ഇതിനകം വീടൊഴിയാന്‍ നോട്ടീസ് ലഭിച്ച ആയിരക്കണക്കിന് ആളുകളുണ്ട്. ഈ തീരുമാനം അവരെയെല്ലാം വഴിയാധാരമാക്കും.അവര്‍ ഒന്നടങ്കം തെരുവിലെത്തുമെന്നും ആശങ്കയുണ്ട്..

എമര്‍ജന്‍സി അക്കോമഡേഷനുകളില്‍ കുട്ടികളുള്ളവരടക്കമുള്ള കുടുംബങ്ങളുടെ എണ്ണം ഒരിക്കലുമില്ലാത്തതുപോലെ കൂടിയിട്ടുണ്ട്. മറ്റ് താമസസൗകര്യങ്ങളില്ലാത്തതിനാല്‍ ഈ പ്രതിസന്ധി അങ്ങേയറ്റം രൂക്ഷമാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ആയിരങ്ങള്‍ക്ക് ആശ്വാസമേകിയ നിയമം

നിരവധിയാളുകള്‍ക്ക് ആശ്വാസം നല്‍കുന്നതായിരുന്നു കുടിയൊഴിപ്പിക്കല്‍ നിരോധന നിയമം. മാര്‍ച്ചില്‍ കാലഹരണപ്പെടുന്ന ഈ നിയമം പുതുക്കേണ്ടതില്ലെന്ന നിര്‍ണ്ണമായക തീരുമാനത്തിലേയ്ക്കാണ് സര്‍ക്കാര്‍ നീങ്ങുന്നത്.ഇതു സംബന്ധിച്ച അന്തിമപ്രഖ്യാപനം വന്നിട്ടില്ലെങ്കിലും കുടിയൊഴിപ്പിക്കലിനുള്ള നിരോധനം നീക്കുമെന്ന് തന്നെയാണ് കരുതുന്നത്.ഭവന മന്ത്രി ഡാരാ ഒബ്രിയന്‍ മൂന്ന് ഭരണകക്ഷി നേതാക്കളുമായി ഇന്നലെയും ഈ വിഷയം ചര്‍ച്ച ചെയ്തു.ഇന്ന് ഈ വിഷയം മന്ത്രിസഭായോഗത്തിലും മന്ത്രി അവതരിപ്പിക്കും.

ഭരണപക്ഷത്തും നിരോധനം നീക്കുന്നതില്‍ ആശങ്കപ്പെടുന്നവരുണ്ട്. നിരോധനം പൂര്‍ണ്ണമായി പിന്‍വലിക്കുന്നത് പ്രശ്നമാകുമെന്ന് ഗ്രീന്‍ പാര്‍ട്ടി ടിഡിമാരായ നീസ ഹൂറിഗനും പാട്രിക് കോസ്റ്റെല്ലോയും അഭിപ്രായപ്പെട്ടു.ഉക്രൈന്‍ അഭയാര്‍ഥികള്‍ കൂടി വന്നുകൊണ്ടിരിക്കുന്ന ഈ ഘട്ടത്തില്‍ നിരോധനം നീക്കുന്നത്, ഭവനരഹിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടാക്കുമെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

വിമര്‍ശനവുമായി ഫാ. പീറ്റര്‍ മക്വെറിയും സൈമണ്‍ കമ്യൂണിറ്റിയും

സര്‍ക്കാര്‍ നീക്കത്തിനെതിരെ ഹോംലെസ്‌നെസ് കാംപെയ്‌നര്‍ ഫാ. പീറ്റര്‍ മക്വെറി അടക്കമുള്ളവരും സിന്‍ ഫെയ്നും കടുത്ത വിമര്‍ശനവുമായി രംഗത്തുവന്നു.കുടിയൊഴിപ്പിക്കല്‍ നിരോധനം വളരെ ഫലപ്രദമായിരുന്നുവെന്ന് ഫാ. പീറ്റര്‍ മക്വെറി പറഞ്ഞു.ഒട്ടേറെയാളുകളെ ഭവനരഹിതരാക്കുന്നതിനെ അതു വിലക്കിയിരുന്നു.നിരോധനം നീട്ടണമെന്ന് ഇദ്ദേഹം ആവര്‍ത്തിച്ചാവശ്യപ്പെട്ടു.

സര്‍ക്കാര്‍ സമ്പന്നരുടെയും അന്താരാഷ്ട്ര നിക്ഷേപ ഫണ്ടുകളുടെയും വാടക കൂട്ടാന്‍ ആഗ്രഹിക്കുന്ന ബാങ്കുകളുടെയും പക്ഷത്താണെന്ന്് മക് വെറി ആരോപിച്ചു.വളരെ ചെറിയ വാടകയില്‍ താമസിക്കുന്ന വളരെയധികം ആളുകളുണ്ട്. അവരെല്ലാം തെരുവിലാകും.അതിന് അനുവദിക്കരുതെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു.

കുടിയൊഴിപ്പിക്കലിന് വിലക്കേര്‍പ്പെടുത്തിയ സാഹചര്യം ഇപ്പോഴും തുടരുകയാണെന്ന് സൈമണ്‍ കമ്മ്യൂണിറ്റിയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ വെയ്ന്‍ സ്റ്റാന്‍ലി പറഞ്ഞു.നിരോധനം ഭവനാരഹിത്യം കുറച്ചിരുന്നു.നിരോധനം ഏര്‍പ്പെടുത്തിയില്ലായിരുന്നുവെങ്കില്‍ ഭവനരഹിതരുടെ കാര്യത്തില്‍ വന്‍ പ്രതിസന്ധിയുണ്ടാകുമായിരുന്നു.

ആസൂത്രിത ദുരന്തമെന്ന് സിന്‍ ഫെയ്ന്‍

സര്‍ക്കാര്‍ നീക്കം ആസൂത്രിത ദുരന്തമാണെന്ന് സിന്‍ ഫെയ്ന്‍ ആരോപിച്ചു. നിരോധനം വര്‍ഷാവസാനം വരെ നീട്ടണമെന്നും പാര്‍ട്ടി വക്താവ് പിയേഴ്‌സ് ഡോഹെര്‍ട്ടി ആവശ്യപ്പെട്ടു.

ഫിന ഗേല്‍, ഫിന ഫാള്‍, ഗ്രീന്‍ പാര്‍ട്ടികള്‍ക്ക് ഈ ദുരവസ്ഥ മനസ്സിലാകുന്നില്ല. നിരോധനം നീക്കിയാല്‍ എല്ലാം ശരിയാകുമെന്നാണ് അവര്‍ കരുതുന്നത്.അത് തെറ്റാണ്.നിരോധനം ഏര്‍പ്പെടുത്തിയ അതേ സാഹചര്യം തന്നെയാണ് ഇപ്പോഴും നിലനില്‍ക്കുന്നത്.ജീവിതച്ചെലവ് വര്‍ധന മൂലം പൊറുതി മുട്ടുകയാണ് സാധാരണക്കാര്‍. അതിനിടെയാണ് ഭവന പ്രതിസന്ധിയുണ്ടാക്കുന്ന സര്‍ക്കാര്‍ നീക്കം.ഭൂവുടമകള്‍ക്കും അന്താരാഷ്ട്ര നിക്ഷേപകര്‍ക്കും വേണ്ടിയാണ് സര്‍ക്കാര്‍ സംസാരിക്കുന്നത്.

അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് പ്രധാനമന്ത്രി

നിലവിലെ കുടിയൊഴിപ്പിക്കല്‍ നിരോധനത്തിന്റെ ഗുണദോഷങ്ങള്‍ വിലയിരുത്തിയതിന് ശേഷമേ തുടര്‍നടപടി സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനമുണ്ടാകൂയെന്ന് പ്രധാനമന്ത്രി ലിയോ വരദ്കര്‍ പറഞ്ഞു.കുടിയൊഴിപ്പിക്കല്‍ നിരോധനം തുടരണമോ എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും വരദ്കര്‍ പറഞ്ഞു.വിശാലമായ പൊതുനന്മയെ മുന്‍നിര്‍ത്തിയാകണം ഈ തീരുമാനമെന്നാണ് താന്‍ ആഗ്രഹിക്കുന്നത്.

നിരോധനം ഏര്‍പ്പെടുത്തിയതിന് ശേഷവും ഓരോ മാസവും എമര്‍ജെന്‍സി അക്കൊമൊഡേഷനില്‍ ആളുകളുടെ എണ്ണം വര്‍ധിച്ചതായി വരദ്കര്‍ പറഞ്ഞു. ഇത് നിരാശപ്പെടുത്തുന്നതാണെന്നും വരദ്കര്‍ പറഞ്ഞു

Advertisment