ദമ്പതികളില്‍ മിക്കവരും കല്യാണം കഴിഞ്ഞ ഉടനെ കുഞ്ഞു വേണ്ട. കുറച്ചു വര്‍ഷങ്ങള്‍ക്ക് ശേഷം മതിയെന്നാണ് തീരുമാനമെടുക്കാറുള്ളത്..
മാനസീകമായും ശാരീരികമായും ഒരുങ്ങാതെ പ്രതീക്ഷിക്കാത്ത സമയത്തുണ്ടാകുന്ന ഗര്‍ഭധാരണം പലപ്പോഴും ദമ്പതികള്‍ക്ക് ബുദ്ധിമുട്ടാണ്.
അതുകൊണ്ടു തന്നെ ഗര്‍ഭം വേണ്ടെന്നും അത് ഒഴിവാക്കാനുമുള്ള മാര്‍ഗങ്ങള്‍ നോക്കും. ഇതിനാവശ്യമായ ഗുളികകളും ലഭ്യമാണ്.
എന്നാല്‍, സ്വാഭാവിക ഗര്‍ഭനിയന്ത്രണ മാര്‍ഗങ്ങള്‍ മനസിലാക്കിയാല്‍ ദമ്പതികള്‍ക്ക് അനാവശ്യ ഗര്‍ഭധാരണവും കൃത്രിമ അബോര്‍ഷനുകളും ഒരു പരിധിവരെ തടയാം. മാര്‍ക്കറ്റുകളില്‍ സുലഭമായ ഹോര്‍മോണ്‍ ഗുളികകള്‍ക്ക് പാര്‍ശ്വഫലങ്ങള്‍ ഏറെയാണ്.
ഇതുപോലുള്ള സാഹചര്യത്തില്‍ ലൈംഗിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ദമ്പതികളിലും യുവതലമുറയിലും വളരെയധികം പ്രാധാന്യമുള്ളതാണ്.
കൃത്യമായ ആര്‍ത്തവചക്രമുള്ള സ്ത്രീകളില്‍, അതായത് 28-31 ദിവസം ദൈര്‍ഘ്യമുള്ള ചക്രമാണെങ്കില്‍, ഏകദേശം 14-ാമത്തെ ദിവസമായിരിക്കും ഓവുലേഷന്‍ (അണ്ഡവിസര്‍ജനം) നടക്കുന്നത്.
ഈ ദിവസം ഗര്‍ഭധാരണത്തിന് സാധ്യതയുള്ളതിനാല്‍ ഓവുലേഷന്റെ അന്നും അതിനോടടുപ്പിച്ചുള്ള ദിവസങ്ങളിലും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാതിരിക്കുന്നതാണ് ഉചിതം.
ബീജം ഗര്‍ഭാശയത്തിന്റെ അകത്തേക്ക് പ്രവേശിച്ചുകഴിഞ്ഞാല്‍ 3-4 ദിവസം വരെ ജീവനുള്ളതായിരിക്കും. എന്നാല്‍ അണ്ഡം പുറത്തേക്ക് വന്നാല്‍ 24 മണിക്കൂര്‍ മാത്രമേ കാര്യക്ഷമമായി ഇരിക്കുകയുള്ളൂ. അതുകൊണ്ട് തന്നെ ഓവുലേഷന്റെ നാല് ദിവസം മുമ്പും ശേഷവും സെക്‌സ് ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. ആര്‍ത്തവചക്രം കൃത്യമായി നടക്കുന്നവരില്‍ മാത്രമേ ഈ പ്രതിരോധ മാര്‍ഗം ഫലപ്രദമാവുകയുള്ളൂ.
ശരീരത്തില്‍ ഉണ്ടാവുന്ന ചില വ്യത്യാസങ്ങള്‍ നോക്കി ഒരു സ്ത്രീക്ക് ഓവുലേഷന്‍ നടക്കുന്ന ദിവസം കണ്ടെത്താം. ഈ സമയങ്ങളില്‍ യോനീസ്രവത്തിന്റെ കട്ടി കൂടുതലാകുകയും ശരീരതാപനില കൂടുകയും ചെയ്യുന്നു. ഇത്തരം സമയങ്ങളില്‍ സെക്‌സ് ഒഴിവാക്കുന്നതാണ് ഉചിതം.
ആര്‍ത്തവചക്രത്തിലെ 1-9 ദിവസങ്ങളും, 20-28 വരെയുള്ള ദിവസങ്ങളിലും ഗര്‍ഭധാരണത്തിനുള്ള സാധ്യത വളരെ കുറവാണ്. ഈ ദിവസങ്ങളാണ് ഒരു സ്ത്രീയുടെ 'സെയ്ഫ് പിരീഡ്'.
ക്രമം തെറ്റിയ ആര്‍ത്തവമാണെങ്കില്‍ ഈ പറഞ്ഞ കലണ്ടര്‍ രീതി പ്രായോഗികമല്ല. പ്രസവത്തിനുശേഷം മിക്ക സ്ത്രീകളിലും ആറ് മാസം വരെ ആര്‍ത്തവമുണ്ടാകാറില്ല.
മുലയൂട്ടുന്ന ഈ സമയത്ത് 'പ്രൊലാക്ടിന്‍' എന്ന ഹോര്‍മോണിന്റെ ക്രമാതീതമായ അളവ് കാരണവും ഗര്‍ഭധാരണത്തിനുള്ള സാധ്യത വളരെ കുറവാണ്. എന്നാല്‍, മുലയൂട്ടാത്ത സ്ത്രീകള്‍ക്ക് ഇതു ബാധകമല്ല.